നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയിലെ കാന്‍ബെറയില്‍, നഗരപ്രദേശങ്ങളൊക്കെ വിട്ട് ഒഴിഞ്ഞൊരിടത്താണ് ആദ്യമായി ആ അത്ഭുതപ്പെടുത്തുന്ന കാഴ്ച സമീപവാസിയായ ഒരാള്‍ കണ്ടെത്തിയത്. മഞ്ഞ് കൊണ്ടോ മേഘം കൊണ്ടോ നിര്‍മ്മിച്ചൊരു വലിയ ഉരുള പോലെ എന്തോ ഒന്ന് കുന്നിന്‍ചരിവിലൂടെ നീങ്ങിപ്പോകുന്നു. അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതൊരു ചെമ്മരിയാടാണെന്ന് പോലും മനസിലായത്. 

അസാധാരണമാം വിധം രോമങ്ങള്‍ വളര്‍ന്നുതൂങ്ങിയ ഒരു ചെമ്മരിയാട്. രോമത്തിന്റെ കനം കൊണ്ട് നടക്കാന്‍ പോലും അതിനാകുന്നില്ലെന്ന് അയാള്‍ക്ക് മനസിലായി. മറ്റ് ചിലരുടെ കൂടി സഹായത്തോടെ അദ്ദേഹം ആടിനെ വിദഗ്ധരായ മൃഗ പരിചാരകരുടെ അടുത്തെത്തിച്ചു. 

അവര്‍ അതിന്റെ അധികമായി നില്‍ക്കുന്ന രോമങ്ങളെല്ലാം വെട്ടിയെടുത്തു. അമ്പരപ്പിക്കുന്നതായിരുന്നു അതിന്റെ ഭാരം. 41.1 കിലോഗ്രാം! ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവം. അങ്ങനെ തന്റെ രോമത്തിന്റെ കനത്തിന്റെ പേരില്‍ ആ ചെമ്മരിയാട് ഗിന്നസ് ബുക്കിലും ഇടം നേടി. 

തുടര്‍ന്ന് ഇതിനെ ന്യൂ സൗത്ത് വെയില്‍സിലെ 'ലിറ്റില്‍ ഓക്ക്' എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. അവിടെയുള്ളവരാണ് ക്രിസ് എന്ന പേര് ആദ്യമായി വിളിച്ചത്. ഇപ്പോള്‍ തന്റെ പത്താം വയസില്‍ ക്രിസ് ലോകത്തോട് വിട പറഞ്ഞിരിക്കുന്നുവെന്ന വിവരം പുറത്തറിയിച്ചതും ഇവരാണ്. സാധാരണഗതിയില്‍ പത്ത് മുതല്‍ പന്ത്രണ്ട് വയസുവരെയാണ് ചെമ്മരിയാടുകളുടെ ആയുസ്. സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു ക്രിസിന്റെ അന്ത്യമെന്നും ഇവര്‍ അറിയിച്ചു. 

 


(രോമം നീക്കം ചെയ്തതിന് ശേഷം ലിറ്റിൽ ഓക്കിൽ ക്രിസ്- പഴയ ചിത്രം)

 

ആരോടും സ്‌നേഹപൂര്‍വ്വം, വളരെ നിശബ്ദനായി പെരുമാറിയിരുന്ന ക്രിസിനെ സന്ദര്‍ശകരെല്ലാം പ്രത്യേകം ഇഷ്ടപ്പെടുമായിരുന്നത്രേ. ഈ സൗഹൃദ മനോഭാവം ലിറ്റില്‍ ഓക്കിലെ ജീവനക്കാരേയും അളവിലധികം ക്രിസുമായി അടുപ്പിച്ചിരുന്നു. കൂട്ടത്തിലൊരാള്‍ പോയി എന്നേ തോന്നുന്നുള്ളൂ, പക്ഷേ എപ്പോഴും അവന്റെ സാന്നിധ്യം ഞങ്ങള്‍ അനുഭവിക്കുമെന്നും ലിറ്റില്‍ ഓക്കിലെ ക്രിസിന്റെ പ്രിയപ്പെട്ട പരിചാരകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.