Asianet News MalayalamAsianet News Malayalam

സിദ്ധാര്‍ത്ഥിന്റെ മുഖം കയ്യില്‍ ടാറ്റൂ ചെയ്ത് ഷെഹനാസിന്റെ സഹോദരന്‍

നീളന്‍ മുടി സ്റ്റൈല്‍ ചെയ്ത് വച്ച് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സിദ്ധാര്‍ത്ഥിന്റെ മുഖമാണ് ഷെഹബാസ് കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. വളരെ 'റിയലിസ്റ്റിക്' ആയിട്ടുണ്ട് ചിത്രമെന്നാണ് മിക്കവരുടെയും കമന്റുകള്‍

shehnaaz gills brother inked sidharth shuklas face on his hand
Author
Mumbai, First Published Sep 18, 2021, 3:20 PM IST
  • Facebook
  • Twitter
  • Whatsapp

ബിഗ് ബോസ് ഹിന്ദി 13ആം സീസണ്‍ വിജയിയും നടനുമായ സിദ്ധാര്‍ത്ഥയുടെ ശുക്ലയുടെ അകാലവിയോഗം ബോളിവുഡ് ലോകത്തെയും ടെലിവിഷന്‍ ആരാധകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരുന്നു. നാല്‍പത് വയസ് മാത്രമുള്ളപ്പോഴാണ് ഇക്കഴിഞ്ഞ രണ്ടാം തീയ്യതി മുംബൈയിലെ വസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തത്. 

അവിവാഹിതനായ സിദ്ധാര്‍ത്ഥിന്റെ മരണത്തോടെ വാര്‍ത്തകളില്‍ ഏറെ ഇടം നേടിയത് ബിഗ് ബോസിലൂടെ സിദ്ധാര്‍ത്ഥിന്റെ ഉറ്റ സുഹൃത്തായി മാറിയ ഷെഹനാസ് ഗില്‍ ആണ്. ഷോയില്‍ എല്ലായ്‌പോഴും ഒരുമിച്ചാണ് ഇരുവരെയും കണ്ടിരുന്നത്. ഇവര്‍ തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. 

ഷെഹനാസ് ഇത്തരത്തിലുള്ള സൂചനകള്‍ പരസ്യമായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയം ഒദ്യോഗികമായി ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ബിഗ് ബോസ് നടക്കുമ്പോള്‍ വലിയൊരു ആരാധകവൃന്ദം തന്നെ സിദ്ധാര്‍ത്ഥ്- ഷെഹനാസ് കോംബോയ്ക്ക് പുറത്തുണ്ടായിരുന്നു. 'സിദ്‌നാസ്' എന്ന പേരില്‍ ഇരുവരെയും ആഘോഷിച്ചിരുന്നു ആരാധകര്‍. 

ബിഗ് ബോസിന് പുറത്തെത്തിയ ശേഷവും സിദ്ധാര്‍ത്ഥും ഷെഹനാസും തമ്മില്‍ അതേ കൂട്ടുകെട്ട് തുടരുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരും പരസ്പരം ചങ്ങാത്തത്തില്‍ തന്നെയായിരുന്നു. വൈകാതെ 'സിദാനാസ്' ജോഡിയുടെ വിവാഹമുണ്ടാവും എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത വിയോഗം. 

 

shehnaaz gills brother inked sidharth shuklas face on his hand

 

സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് ഷെഹനാസ് മാനസികമായി ഏറെ തളര്‍ന്ന അവസ്ഥയിലാണ് തുടരുന്നതെന്ന് അവരുടെ കുടുംബം തന്നെ അറിയിച്ചിട്ടുണ്ട്. ഷെഹനാസിന്റെ സഹോദരന്‍ ഷെഹബാസും സിദ്ധാര്‍ത്ഥും കൂട്ടുകാരെ പോലെയാണ് പരസ്പരം ഇടപെട്ടിരുന്നത്. ഷെഹനാസിനൊപ്പം സിദ്ധാര്‍ത്ഥിന്റെ സംസ്‌കാരച്ചടങ്ങില്‍ മുഴുവന്‍ സമയവും ഷെഹബാസ് ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ഷെഹബാസും സിദ്ധാര്‍ത്ഥിന്റെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് പലവട്ടം മീഡിയയ്ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഷെഹബാസ് അത്തരത്തില്‍ കുറിപ്പെഴുതി പങ്കുവച്ചിരുന്നു. 

 


'എന്റെ സിംഹക്കുട്ടീ, നീ എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. നിന്നെപ്പോലെ ആകാന്‍ ഞാന്‍ ശ്രമിക്കും. അതിപ്പോഴെന്റെ സ്വപ്‌നമാണ്. വൈകാതെ ആ സ്വപ്‌നം ഞാന്‍ നേടും. നിനക്ക് ഞാന്‍ ആര്‍ഐപി പറയില്ല. കാരണം നീ ഇപ്പോഴും ഇല്ലാതായിട്ടില്ല.... ലവ് യൂ...' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഷെഹബാസ് എഴുതിയത്.

ഇപ്പോഴിതാ സിദ്ധാര്‍ത്ഥിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മുഖം കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് ഷെഹബാസ്. ഈ ചിത്രം ഷെഹബാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

'നിന്റെ ഓര്‍മ്മകള്‍ എപ്പോഴും ജീവിക്കുകയാണ്. നീ ഉള്ളത് പോലെ തന്നെ... എനിക്കൊപ്പം നീ എപ്പോഴും ജീവനോടെ ഇരിക്കൂ...' എന്ന അടിക്കുറിപ്പോടെയാണ് ടാറ്റൂ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

 


നീളന്‍ മുടി സ്റ്റൈല്‍ ചെയ്ത് വച്ച് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സിദ്ധാര്‍ത്ഥിന്റെ മുഖമാണ് ഷെഹബാസ് കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. വളരെ 'റിയലിസ്റ്റിക്' ആയിട്ടുണ്ട് ചിത്രമെന്നാണ് മിക്കവരുടെയും കമന്റുകള്‍. ഒപ്പം തന്നെ ധൈര്യമായിരിക്കൂവെന്നും, സ്‌നേഹമറിയിക്കുന്നുവെന്നും കമന്റുകള്‍ പങ്കുവയ്ക്കുന്ന 'സിദ്‌നാസ്' ആരാധകരെയും ഷെബഹാസിന്റെ ചിത്രത്തിന് കീഴില്‍ കാണാം.

Also Read:- സിദ്ധാര്‍ഥ് ശുക്ലയുടെ മരണം; യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്...?

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios