കൊവിഡ് 19 വ്യപാകമാകുന്ന സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും അടച്ചുപൂട്ടിയ അവസ്ഥയിലാണുള്ളത്. ഇതിനിടെ സോഷ്യല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ കളികളുമെല്ലാം സജീവമാവുകയാണ്. ഇത്തരത്തില്‍ ഒരു മ്യൂസിയം അധികൃതര്‍ നടത്തിയ വിചിത്രമായ ഒരു ഓണ്‍ലൈന്‍ കളിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പല വിഷയങ്ങള്‍ക്ക് മുകളിലും ഓണ്‍ലൈനായി നമ്മള്‍ ചലഞ്ചുകള്‍ കാണാറുണ്ട്, അല്ലേ? മിക്കവാറും ഈ ചലഞ്ചുകളെല്ലാം വളരെയധികം കൗതുകവും തമാശയും സന്തോഷവും പകരുന്നവയും ആകാറുണ്ട്. എന്നാല്‍ ഈ ചലഞ്ച് അല്‍പം വ്യത്യസ്തമാണ്. ഇതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാനും ആവില്ല, എല്ലാവര്‍ക്കും ഈ ചലഞ്ചിനെ ഉള്‍ക്കൊള്ളാനും ആവില്ല. 

നിങ്ങളുടെ ശേഖരത്തിലുള്ള ഏറ്റവും വിചിത്രമായതോ ഏറ്റവും ഭയപ്പെടുന്നതോ ആയ എന്തെങ്കിലും സാധനങ്ങള്‍ കാണിക്കൂ എന്നാണ് ഇംഗ്ലണ്ടിലെ 'യോര്‍ക്ക്ഷയര്‍ മ്യൂസിയ'ത്തിന്റെ ചലഞ്ച്. മറ്റ് മ്യൂസിയങ്ങള്‍ക്കും വേണമെങ്കില്‍ വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാം. 

Also Read:- പച്ചനിറത്തിലുള്ള ഈ വിചിത്ര ജീവിയുടെ പേരെന്താണ്; വൈറലായി വീഡിയോ...

മൂന്നാമത്തെയോ നാലാമത്തെയോ സെഞ്ച്വറിയില്‍ ജീവിച്ചിരുന്ന ഒരു റോമാക്കാരിയുടെ കുഴിമാടത്തില്‍ നിന്ന് കിട്ടിയ അവരുടെ ഹെയര്‍ ബണ്ണിന്റെ ചിത്രമാണ് ചലഞ്ചിന് തുടക്കമിടാന്‍ 'യോര്‍ക്ക്ഷയര്‍ മ്യൂസിയം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ തറച്ചുവച്ച നിലയില്‍ ആണികളും കാണാം. ഈ ഫോട്ടോ ചര്‍ച്ചയായതിന് പിന്നാലെ തങ്ങളുടെ കൈവശമുള്ള വിചിത്രമായ സാധനങ്ങളുമായി പലരും രംഗത്തെത്തി. 

 

 

കണ്ടാല്‍ അറപ്പും ഭയവും തോന്നിപ്പിക്കുന്ന കടല്‍ജീവി, ആണികള്‍ തറഞ്ഞ നിലയിലുള്ള ഒരു മുട്ടനാടിന്റെ ഹൃദയം, മനുഷ്യന്റെ മുടി പിടിപ്പിച്ച പാവക്കുട്ടി എന്നിങ്ങനെ നിഗൂഢതയും ഉള്ളില്‍ അസ്വസ്ഥതയുമുണ്ടാക്കുന്ന പല സാധനങ്ങളുടേയും ചിത്രങ്ങള്‍ ചലഞ്ചില്‍ അണിനിരന്നു.

 

 

രാത്രിയില്‍ കാണുന്ന ദുസ്വപ്‌നങ്ങളിലെ പരിചയമില്ലാത്ത ചില ഫ്രെയിമുകള്‍ പോലെ തോന്നിക്കും ഓരോ ചിത്രങ്ങളും. 

 

 

വിചിത്രമായ ചലഞ്ചിന് കയ്യടിച്ചുകൊണ്ടും എതിര്‍ത്തുകൊണ്ടും ധാരാളം പേര്‍ ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. എന്തായാലും സംഭവം ഏറെ ശ്രദ്ധ പിടിച്ചുപറ്റി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.