കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കിയും നിയന്ത്രിച്ചുമെല്ലാമാണ് നാം മുന്നോട്ട് പോകുന്നത്. ലോക്ഡൗണിനും മുമ്പേ വിവാഹം നിശ്ചയിച്ചവരാണ് അപ്രതീക്ഷിതമായ ഈ തിരിച്ചടിയില്‍ ഏറെയും വിഷമിച്ചത്. 

പലരും വിവാഹം നീട്ടിവച്ചപ്പോള്‍, മിക്കവരും ലളിതമായി ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെന്നതാണ് ശ്രദ്ധേയം. വീട്ടില്‍ വച്ചുതന്നെ ചടങ്ങുകള്‍ നടത്തിയും, ഏറ്റവും അടുപ്പമുള്ളവരെ മാത്രം പങ്കെടുപ്പിച്ചും, ഓണ്‍ലൈനില്‍ 'ലൈവ്' ആയി വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചുമെല്ലാം പുതിയൊരു സംസ്‌കാരത്തിന് ഇവര്‍ തുടക്കം കുറിച്ചുവെന്ന് വേണമെങ്കില്‍ പറയാം. 

ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്‍ അനൂപിന്റെ വിവാഹവും. കൊല്ലം സ്വദേശിനി ഗീതുവാണ് അനൂപിന്റെ വധു. ഗീതുവിന്റെ വീട്ടില്‍ വച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു. 

അമിതമായ ഘോഷങ്ങളോ, ആഢംബരങ്ങളോ ഇല്ലാതെ അനൂപ് ഗീതുവിന് താലി ചാര്‍ത്തി. പ്രിയപ്പെട്ടവര്‍ക്ക് കാണാനായി വിവാഹം യൂട്യൂബില്‍ 'ലൈവ്' ആയി കാണിച്ചു. ഇതിനിടെ വിവാഹത്തിന് പങ്കെടുക്കാനായില്ലെങ്കിലും ആശംസകളറിയിക്കാന്‍ മന്ത്രിമാരും നേതാക്കന്മാരുമൊന്നും മറന്നില്ല. ഫോണ്‍ കോളിലൂടെയും വാട്ട്‌സാപ്പിലൂടെയുമെല്ലാം ഇരുവര്‍ക്കും മംഗളങ്ങളെത്തി. 

കത്തിലൂടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. എല്ലാവരുടേയും ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വധൂവരന്മാര്‍ നന്ദിയറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ വിവാഹച്ചടങ്ങുകള്‍ ലളിതമായി നടത്തുന്നുണ്ടെന്നും അതുതന്നെ മാതൃകയാക്കാന്‍ തങ്ങളും തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിക്കുന്നു. 

വീഡിയോ കാണാം...

Also Read:- നടൻ ഗോകുലൻ വിവാഹിതനായി; വീഡിയോ കാണാം...