പങ്കാളിയുമൊത്തുള്ള ആരോഗ്യകരമായ ലൈംഗികജീവിതവും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകാം. രതിയും രതിമൂര്‍ച്ഛയും ശരീരത്തെയും മനസിനെയും ഒരുപോലെ ഉന്മേഷത്തിലാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ദീര്‍ഘകാലം ജീവിക്കണമെന്ന് ( Healthy Life ) ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ജീവിതത്തിന്റെ ദൈര്‍ഘ്യം, അഥവാ ആയുര്‍ദൈര്‍ഘ്യം ( Life Span ) തീര്‍ച്ചയായും നമ്മുടെ വരുതിയില്‍ നില്‍ക്കുന്ന ഒന്നല്ല. 

എങ്കിലും ജീവിതരീതികളില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍, ചില ഘടകങ്ങള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഏതാനും ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നമ്മള്‍ സാധാരണഗതിയില്‍ ചിന്തിക്കുകയോ അറിയുകയോ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അപ്പുറമാണ് ഈ ഘടകങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. 

ഒന്ന്...

തിരക്കിട്ട ജീവിതത്തിനിടയില്‍ സന്തോഷപ്രദമായ അവധിക്കാലങ്ങളും നേടിയെടുക്കുക. ഈ ദിനങ്ങള്‍ പരമാവധി ഉയര്‍ന്ന ഭൂപ്രകൃതിയുള്ളയിടങ്ങളില്‍ ചിലവിടുക. ഇവിടെയുള്ള ശുദ്ധവായുവും, സൈ്വര്യമുള്ള അന്തരീക്ഷവുമെല്ലാം ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഇതുവഴി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള സാധ്യതയും നമുക്ക് ലഭ്യമാകുന്നു. 

രണ്ട്...

മനുഷ്യരുമായുള്ള സഹവാസമാണ് നമ്മളില്‍ ശുഭകരമായ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഘടകം. ഒരുപക്ഷേ അന്തര്‍മുഖരായ ആളുകളെ സംബന്ധിച്ച് ഇത് അല്‍പം വിഷമകരമായ സംഗതി ആയിരിക്കാം. എങ്കിലും മനുഷ്യരുമായുള്ള സഹവാസത്തിന് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെയും അതുവഴി ആയുര്‍ദൈര്‍ഘ്യത്തെയും സ്വാധീനിക്കാനാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

മൂന്ന്...

പങ്കാളിയുമൊത്തുള്ള ആരോഗ്യകരമായ ലൈംഗികജീവിതവും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകാം. രതിയും രതിമൂര്‍ച്ഛയും ശരീരത്തെയും മനസിനെയും ഒരുപോലെ ഉന്മേഷത്തിലാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

നാല്...

ചിലര്‍ എപ്പോഴും വളരെയധികം ഗൗരവത്തിലായിരിക്കും നടക്കുന്നത്. ഒരുപക്ഷേ ഈ ഗൗരവഭാവം അവരുടെ ദൈനംദിന ജീവിതത്തിന് അനിവാര്യവുമായിരിക്കാം. എന്നിരിക്കിലും ചിരി വളരെ പ്രധാനപ്പെട്ടൊരു ഘടകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

എത്ര ചിരിക്കുന്നോ അത്രയും ആരോഗ്യത്തിന് ഗുണകരമെന്നാണ് വിലയിരുത്തലുകള്‍. 

അഞ്ച്...

വായയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 'ലൈഫ്‌സ്റ്റൈല്‍ ടിപ്' ആണത്രേ. പ്രത്യേകിച്ച് ദിവസവും 'ഫ്‌ളോസിംഗ്' ചെയ്യുന്നവര്‍ക്കാണ് ഇതില്‍ ഗുണമേറെ. 

ആറ്...

പുറത്തുപോയി 'ഷോപ്പിംഗ്' നടത്തുന്ന രീതി ഇപ്പോള്‍ കുറെയധികം മാറിയിട്ടുണ്ട്. മിക്കവരും 'ഷോപ്പിംഗ്' എല്ലാം ഓണ്‍ലൈനായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ പുറത്തുപോയി, ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങി സ്വന്തമാക്കുന്നത് സന്തോഷം നല്‍കുമെന്നും ഈ സന്തോഷം ജീവിതത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ വരെ സ്വാധീനിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

Also Read:- 'ആംഗ്‌സൈറ്റി'യും 'സ്‌ട്രെസ്'ഉം കുറയ്ക്കാന്‍ ഇതാ ചില പരീക്ഷണങ്ങള്‍...