മഴക്കാലം തുടങ്ങി വിരലിലെണ്ണാവുന്ന ദിവസങ്ങളേ ആയുള്ളൂവെങ്കിലും അപകടങ്ങളുടെ കാര്യത്തില്‍ കണക്കുകള്‍ കുതിച്ചുപായുകയാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നാല് മഴക്കാല അപകടമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതിലൈന്‍ വെള്ളക്കെട്ടിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് രണ്ട് പേരും, മരം ഇരുചക്രവാഹനത്തിന് മുകളില്‍ വീണ് എറണാകുളത്ത് ഒരാളും മരം വീണ് തന്നെ ഇടുക്കിയിലൊരു തോട്ടം തൊഴിലാളിയും ആണ് ഇതുവരെ മഴക്കാല അപകടങ്ങളില്‍ മരിച്ചത്. 

ഇന്ന് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു വാര്‍ത്തയും വളരെ പ്രധാനമാണ്. വഴിയിലുണ്ടായിരുന്ന വലിയ ഹോര്‍ഡിംഗ് പൊട്ടിവീണ് കാല്‍നടയാത്രക്കാരി മരിച്ചതായാണ് വാര്‍ത്ത. മഴക്കാലത്ത് മാത്രം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്തരം അപകടങ്ങള്‍, ഇക്കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ഒരു പരിധി വരെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തിയേക്കാം. അങ്ങനെയുള്ള ചില വിഷയങ്ങള്‍ പറയാം. 

ഒന്ന്...

മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ടുകളും ഉണ്ടാകാന്‍ തുടങ്ങുകയായി. വെള്ളക്കെട്ടിനെ ചുറ്റിപ്പറ്റി പല അപകടങ്ങള്‍ക്കും സാധ്യതകളുണ്ട്. ആദ്യം സൂചിപ്പിച്ചത് പോലെ, വൈദ്യുത ലൈന്‍ പൊട്ടിവീഴുന്നതാണ് ഒരു പ്രധാന പ്രശ്‌നം. അത് ശ്രദ്ധയില്‍പ്പെടാതെ അതുവഴി നടന്നുപോകുമ്പോഴുണ്ടാകുന്ന അപകടസാധ്യത. 

അതുപോലെ റോഡുകളിലെ വെള്ളക്കെട്ടാണെങ്കില്‍, ഗട്ടറുകള്‍ കാണാതെ വാഹനം അപകടത്തിലാകാനുള്ള സാധ്യതയുമുണ്ട്. ഇനി വെള്ളക്കെട്ട് മൂലം കാനകളോ ഓടകളോ കാണാതെ അതിലേക്ക് വീണ് അപകടം പറ്റനാുള്ള സാധ്യതകളും വളരെ കൂടുതല്‍ തന്നെയാണ്. അതിനാല്‍ വെള്ളക്കെട്ടിലൂടെ നടക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുമ്പോള്‍ കരുതുക. 

രണ്ട്...

മരം വീണ് അപകടമുണ്ടാകുന്നതാണ് മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്‌നം. മണ്ണിന് അടിയുറപ്പില്ലാത്ത സ്ഥലങ്ങളില്‍, പ്രത്യേകിച്ച് കുന്നോ മലയോ ഉള്ള പ്രദേശങ്ങളിലൊക്കെ ഇതിനുള്ള സാധ്യകള്‍ കൂടുതലാണ്. മഴക്കാലമാണ്, ശക്തമായ കാറ്റുണ്ട്... അതിനാല്‍ പുരയിടത്തിലുള്ള മരങ്ങള്‍- എത്രത്തോളം സുരക്ഷിതമായാണ് നില്‍ക്കുന്നത് എന്നൊന്ന് വിലയിരുത്താം. 

ഇതോടൊപ്പം തന്നെ പൊതുനിരത്തിലൂടെയുള്ള യാത്രയും ശ്രദ്ധിച്ച് മതി. വേണ്ടത്ര മേല്‍നോട്ടമില്ലാതെ വഴികള്‍ക്കിരുവശവുമായി വളര്‍ന്നുനില്‍ക്കുന്ന തണല്‍മരങ്ങളില്‍ നിന്ന് ചില്ലകള്‍ ഒടിഞ്ഞുവീഴാനും, മരം തന്നെ വീഴാനുമെല്ലാമുള്ള സാധ്യതകളുണ്ടായിരിക്കെ, കാറ്റും മഴയും ഉള്ളപ്പോള്‍ യാത്രകള്‍ ഒഴിവാക്കാം. 

മൂന്ന്...

മഴയത്ത്, മതിലിടിഞ്ഞും വീടിന്റെ ചുവരിടിഞ്ഞും അപകടങ്ങളുണ്ടാകാറുണ്ട്. ഇതും ഒരു പരിധി വരെ അശ്രദ്ധയുടെ ഫലമാണ്. വീട്ടുചുവരുകളുടെ സുരക്ഷ മഴക്കാലമെത്തുമ്പോള്‍ തന്നെ ഉറപ്പുവരുത്തണം. അതുപോലെ പുറമെയുള്ള യാത്രകളാണെങ്കിലും നേരത്തേ പറഞ്ഞതുപോലെ, കലിതുള്ളിയുള്ള മഴയത്ത് ഒഴിവാക്കാം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

നാല്...

ഹോര്‍ഡിംഗ്, പോസ്റ്റ് ഇവ മറിഞ്ഞുവീണും അപകടങ്ങളുണ്ടായേക്കാം. യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഓരോ പ്രദേശത്തെയും ഭരണസംവിധാനങ്ങളാണ് സുരക്ഷ ഉറപ്പുവരുത്തേണ്ടത്. അത് നേരായരീതിയില്‍ നടക്കാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള അപകടങ്ങള്‍ പൊതുസ്ഥലത്ത് സംഭവിക്കുന്നത്. അതിനാല്‍ വൈദ്യുത പോസ്റ്റ്, സുരക്ഷിതമല്ലാത്ത ബസ് സ്റ്റോപ്പ്, ഹോര്‍ഡിംഗ് വച്ചിട്ടുള്ള സ്ഥലം- ഇവിടങ്ങളിലൊക്കെ മഴയും കാറ്റുമുള്ളപ്പോള്‍ നില്‍ക്കുമ്പോള്‍ വ്യക്തിപരമായ ജാഗ്രത ഓരോരുത്തരും പുലര്‍ത്താം. 

അഞ്ച്...

വീട്ടിലെ ഇലക്ട്രോണിക് സാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഒന്ന് കരുതുക. മഴയില്‍ നിന്ന് കയറിവന്ന നനവോടെ സ്വിച്ചുകള്‍ ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ അരുത്. ചെരിപ്പ് ധരിച്ച ശേഷം മാത്രം ഇസ്തിരിപ്പെട്ടി പോലുള്ളവ ഉപയോഗിക്കുക. ഇടി മിന്നിക്കൊണ്ടിരിക്കുമ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിഛേദിക്കാന്‍ ശ്രമിക്കാതിരിക്കുക. അതുപോലെ എന്തെങ്കിലും സാധനം കേടായാലോ, വൈദ്യുതി നിന്നുപോയാലോ സ്വന്തമായി റിപ്പയര്‍ ചെയ്ത് ശരിയാക്കാമെന്നോര്‍ക്കരുത്. അതില്‍ വൈദഗ്ധ്യമുള്ളവരെത്തന്നെ അതിനായി വിളിക്കുക. 

ആറ്...

അടിയൊഴുക്കുള്ള തോട്ടിലോ പുഴയിലോ ഒന്നും ശക്തമായ മഴയുള്ളപ്പോള്‍ കുളിക്കാനിറങ്ങാതിരിക്കുക. വെള്ളം കലങ്ങിയിരിക്കുന്നതിനാല്‍ ഒരുപക്ഷേ ഒഴുക്കില്‍പ്പെട്ടാലും നീന്തിരക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്, പാറക്കൂട്ടങ്ങളുള്ള കുന്നുകളിലോ, ബീച്ചിലോ ഒക്കെ പോകുന്നതും. ശക്തമായ വഴുക്കലുള്ളതിനാല്‍ വീണുപോകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സ്ഥലങ്ങളിലും ഒന്ന് കരുതുക.