കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്താൽ പറഞ്ഞ് മനസിലാക്കാതെ ഉടനെ അടി കൊടുക്കുന്ന രക്ഷിതാക്കളാണ് ഇന്ന് അധികവും. അടി കൊടുത്ത് കഴിഞ്ഞാൽ അവർ നല്ല കുട്ടികളാകുമെന്നാണ് പല രക്ഷിതാക്കളുടെയും ചിന്ത. ഈ അടി കൊടുക്കൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

അടികൊണ്ട് വളരുന്ന കുട്ടികൾ‌ ഭാവിയിൽ അക്രമണകാരികളും സാമൂഹികവിരുദ്ധന്മാരുമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ പ്രൊഫസർ അൽഫ് നിക്കോൾസൺ നടത്തിയ പഠനത്തിൽ പറയുന്നത്. ഐറിഷ് മെഡിക്കൽ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 അടികൊണ്ടു വളരുന്ന കുട്ടികളിൽ ഭാവിയിൽ ഉണ്ടാകാവുന്ന മറ്റ് ചില പ്രശ്നങ്ങളെപ്പറ്റിയും പഠനത്തിൽ പറയുന്നുണ്ട്. സ്കൂൾ കോളേജ് തലത്തിലെത്തുമ്പോൾ അവർ അമിത മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയുമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. കൂടാതെ ഇവർക്ക് ആത്മഹത്യാ പ്രവണതയും കൂടുതലായിരിക്കും. കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കാൻ പോലും ഇത്തരം ശിക്ഷാമുറകൾ കാരണമാകും. 

കുട്ടികൾക്ക് അമിതമായി അടി കൊടുക്കുമ്പോൾ അമിത അക്രമണ സ്വഭാവം, അമിത സാമൂഹികവിരുദ്ധ പ്രവണത, മാനസിക പ്രശ്നങ്ങൾ, മാതാപിതാക്കളുമായുള്ള അകൽച്ച, പെരുമാറ്റ വൈകല്യങ്ങൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പ്രൊഫസർ അൽഫ് നിക്കോൾസൺ പറയുന്നു. അവർ ചെയ്യുന്ന ഓരോ തെറ്റിനും അടി കൊടുക്കാതെ നല്ല ഭാഷയിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടതെന്ന് പ്രൊഫസർ അൽഫ് പറയുന്നു.