ഓണ്‍ലൈന്‍ കോണ്ടം വില്‍പനയുടെ കണക്കുകള്‍ പുറത്തുവിട്ട് ഇ-കൊമേഴ്‌സ് സൈറ്റായ 'സ്‌നാപ്ഡീല്‍'.  രാജ്യത്ത് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ചത് മെട്രോ- ഇതര നഗരങ്ങളില്‍ നിന്നാണെന്നാണ് 'സ്‌നാപ്ഡീല്‍' അവകാശപ്പെടുന്നത്. 

ഇംഫാല്‍,  ഹിസ്സാര്‍, ഉദയ്പൂര്‍, ഷില്ലോംഗ്, കാണ്‍പൂര്‍, അഹ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ കോണ്ടത്തിനായി സൈറ്റിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഒരു നഗരവും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. എറണാകുളമാണ് ഈ നഗരം. പത്ത് ഓര്‍ഡറുകള്‍ വന്നാല്‍ അതില്‍ എട്ടും മെട്രോ- ഇതര നഗരങ്ങളില്‍ നിന്നായിരിക്കും എന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.

ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായാണ് ഓണ്‍ലൈനായി ലഭിച്ച കോണ്ടം ഓര്‍ഡറുകളുടെ കണക്ക് 'സ്‌നാപ്ഡീല്‍' പുറത്തുവിട്ടത്. 2018 മുതല്‍ കോണ്ടം വില്‍പനയില്‍ 30 ശതമാനം വര്‍ധനവുണ്ടായതായും 'സ്‌നാപ്ഡീല്‍' അറിയിക്കുന്നു. 

ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ടുപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഉദാരമായ ഷിപ്പിംഗ് നയം, വ്യത്യസ്തമായ ഉത്പന്നങ്ങള്‍ വാങ്ങിക്കാനുള്ള ഉപഭേക്താക്കളുടെ സൗകര്യം, നേരിട്ട് കടകളില്‍ പോയി വാങ്ങിക്കുന്നതിനുള്ള അവരുടെ വിമുഖത- എന്നിങ്ങനെ പല കാരണങ്ങളാണ് ഓണ്‍ലൈന്‍ കോണ്ടം വില്‍പനയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായിട്ടുള്ളതെന്ന് 'സ്‌നാപ്ഡീല്‍' അറിയിച്ചു.