തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തിനടുത്തുള്ള ഒരു ഫോറസ്റ്റ് സ്‌റ്റേഷന്‍. 2017 ഡിസംബര്‍ 12ന് അവിടേക്ക് തൊട്ടടുത്തുള്ള പ്രദേശത്ത് നിന്ന് ഒരു ഫോണ്‍ കോളെത്തി. കാടിറങ്ങിവന്ന ആന റോഡ് തടസപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്, സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചായിരുന്നു ഫോണ്‍ കോള്‍. 

ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരനായ പളനിച്ചാമി ശരത്കുമാറും മറ്റ് ചിലരും ചേര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ പറഞ്ഞ സ്ഥലത്തേക്കെത്തി. വിരണ്ടുനില്‍ക്കുന്ന ആനയെ പടക്കം പൊട്ടിച്ച് റോഡിനപ്പുറത്തുള്ള കാട്ടിലേക്ക് ഓടിച്ചുവിട്ടു. 

ശേഷം പതിവുപോലെ സംഘം പരിസരമാകെ പരിശോധിച്ചു. വേറെയും ആനകള്‍ സമീപപ്രദേശങ്ങളിലുണ്ടോയെന്ന് അറിയാനാണ് ഈ പരിശോധന. ഇതിനിടെ അത്ര അകലെയല്ലാതെയുണ്ടായിരുന്ന ഒരു കുഴിയില്‍ അവര്‍ എന്തോ അനക്കം കേട്ടു. ചെന്നുനോക്കിയപ്പോള്‍ ഒരു കുട്ടിയാന കുഴിയില്‍ പെട്ടിരിക്കുകയാണ്. 

അത് സാമാന്യത്തിലധികം പേടിക്കുകയും അവശനാവുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ വനപാലകരുടെ സംഘം കല്ലുകള്‍ കുഴിയിലേക്കിട്ട് കുഴി തൂര്‍ക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയാന അവരുടെ കൈകളിലെത്തി. ഇനിയതിനെ റോഡ് കടത്തി കാട്ടിലേക്ക് വിടുന്നതാണ് ദൗത്യം. എന്നാല്‍ ക്ഷീണിതനായ കുട്ടിയാന നടക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. 

അതോടെ വനപാലകരുടെ സംഘം തന്നെ അതിനെ താങ്ങിയെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സംഘം ചേര്‍ന്ന് കുട്ടിയാനയുമായി കാടിനടുത്തേക്ക് നടക്കുന്നത് അപകടമാണെന്നും, അവിടെ തള്ളയായ ആനയുള്‍പ്പെടെ മറ്റാനകളുണ്ടെങ്കില്‍ അവ അക്രമിക്കാന്‍ ഇത് ഇടയാക്കുമെന്നും വനപാലകര്‍ മനസിലാക്കി. ആരെങ്കിലും ഒരാള്‍ മാത്രം പോവുകയാണെങ്കില്‍ അപകടസാധ്യതകള്‍ കുറയുമെന്നും അവര്‍ വിലയിരുത്തി. 

ഏറെയൊന്നും ചിന്തിച്ചുനില്‍ക്കാതെ താന്‍ പോകാമെന്ന് പറഞ്ഞ് പളനിച്ചാമി മുന്നോട്ടുവന്നു. നൂറ് കിലോയോളം തൂക്കമുള്ള കുട്ടിയാനയെ അദ്ദേഹം സ്വന്തം തോളത്തേക്ക് എടുത്ത് കിടത്തി. അതിനേയും താങ്ങിക്കൊണ്ട് കാടിന്റെയരിക് വരെ പളനിച്ചാമി നടന്നു. അവിടെയുണ്ടായിരുന്ന ഒരു ചെറിയ ചോലയ്ക്കരികില്‍ കുട്ടിയാനയെ കിടത്തി. അല്‍പം കഴിഞ്ഞപ്പോഴേക്കും തള്ളയാനയെത്തി അതിനെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. അന്ന് കുട്ടിയാനയെ തോളത്തെടുത്ത് നടക്കുന്ന പളനിച്ചാമിയുടെ ഫോട്ടോ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം പ്യാകമായി വന്നിരുന്നു. 

ഇപ്പോഴിതാ വീണ്ടും അതേ ചിത്രം സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയായ ദീപിക ബാജ്പായ് ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ദീപിക പങ്കുവച്ച ചിത്രം ഷെയര്‍ ചെയ്തത്. പളനിച്ചാമിയാണ് യഥാര്‍ത്ഥ ഹീറോയെന്നും ഹൃദയം തൊടുന്ന നിമിഷമാണ് ചിത്രമെന്നുമെല്ലാം ഇത് പങ്കുവച്ചവര്‍ കുറിക്കുന്നു.