ചങ്കിൽ തട്ടിയുള്ള പ്രണയത്തെ പണത്തെപ്പറ്റിയുള്ള ആശങ്കകൾ അലട്ടാറില്ല. ആത്മാർത്ഥമായി നിങ്ങൾ ഒരാളെ  സ്നേഹിക്കുന്നുണ്ടെങ്കിൽ അയാൾ നിങ്ങളെ എവിടെ ഡിന്നറിനു കൊണ്ടുപോകുന്നു  എന്നതോ, അയാൾക്ക് എത്ര ശമ്പളം കിട്ടുന്നുണ്ട് എന്നതോ, അയാൾ ഏതു വരെ പഠിച്ചിട്ടുണ്ട് എന്നതോ ഒന്നും നിങ്ങൾ പ്രശ്നമാവില്ല. പ്രേമം എന്നത് സ്ഥാവരജംഗമസ്വത്തുക്കൾക്കൊക്കെ അതീതമാണ്. ബാങ്കുബാലൻസിൽ എത്ര പൂജ്യങ്ങളുണ്ട്  വേവലാതിപ്പെടാറില്ല അത്. 

മേലേപ്പറഞ്ഞത് ഈ ലോകത്ത് പുലർന്നുകണ്ടിരുന്നെങ്കിൽ എന്നു നമ്മളിൽ പലരും ആഗ്രഹിക്കുന്ന ആദർശമാണ്. എന്നാൽ എല്ലാവരും അതിനോട് യോജിക്കണമെന്ന് നിർബന്ധമില്ല. ചിലർക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ ജീവന്മരണപോരാട്ടങ്ങൾ തമാശയായി അനുഭവപ്പെടും. ദാരിദ്ര്യത്തിന്റെ സ്ഫുരണങ്ങൾ നിത്യജീവിതത്തിൽ കണ്മുന്നിൽ കാണുന്നത് അവർക്ക് അരോചകമായി അനുഭവപ്പെടും. അപ്പോൾ തോന്നുന്ന ഒരുലോഡ് പുച്ഛവുമായി അവർ നേരെ സോഷ്യൽ മീഡിയയിലേക്ക് ലോഗിൻ ചെയ്യും. തങ്ങൾക്ക് അലോസരമുണ്ടാക്കിയ ചിത്രമോ വീഡിയോയോ ഒക്കെ പങ്കുവെച്ച് അവർ അതിലുള്ള പാവങ്ങളെ കളിയാക്കും. അത്തരത്തിൽ നടന്ന ഒരു സംഭവവും, അതിനോടുള്ള നമ്മുടെ സമൂഹ മനഃസാക്ഷിയുടെ പ്രതികരണവുമാണ് ഇനി. 

സംഭവം നടക്കുന്നത് സൗത്താഫ്രിക്കയിലാണ്. അവിടെ ഭുട്ട് ഹെക്ടർ എന്ന യുവാവ് തന്റെ കാമുകി നോനാൻലയെ അടുത്തുള്ള  കെഎഫ്‌സിയിലേക്ക് വിളിച്ചുകൊണ്ടുപ്പായി.  ആ ടൗണിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വയറുനിറയെ ഭക്ഷണം കഴിക്കാൻ പറ്റുന്നിടങ്ങളിൽ ഒന്നായിരുന്നു ആ റെസ്‌റ്റോറന്റ. മുമ്പും പലപ്പോഴും ഹെക്ടർ നോനാൻലയെ അവിടെ ഡിന്നറിനു കൊണ്ടുപോയിട്ടുണ്ട്. അയാളുടെ ചുരുങ്ങിയ സമ്പാദ്യത്തിന് ചേരുന്ന ബജറ്റ് റെസ്റ്റോറന്റായിരുന്നു അത്. 
 


 

എന്നാൽ അന്നത്തെ ദിവസം വളരെ സ്‌പെഷ്യൽ ആയിരുന്നു. അന്നയാൾ അവൾക്കുമുന്നിൽ വിവാഹാഭ്യർത്ഥന നടത്താൻ പോവുകയായിരുന്നു.  തന്റെ കാമുകിയുടെ കൈ, തന്റെ ഇരു കരങ്ങളാൽ ചേർത്തുപിടിച്ചുകൊണ്ട്  ഹെക്ടർ, അവൾക്കു മുന്നിൽ മുട്ടുകുത്തിക്കൊണ്ട് ചോദിച്ചു, " വിൽ യു മാരീ മീ.." സന്തോഷാതിരേകം കൊണ്ട് ആ യുവതിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. വിതുമ്പിക്കൊണ്ട് അവർ തലകുലുക്കി സമ്മതമറിയിച്ചു. 

ആ കെഎഫ്‌സി റെസ്റ്റോറന്റിന് വെളിയിലൂടെ നടന്നു പോവുകയായിരുന്ന ആരോ ഒരാൾ  നയനാന്ദകരമായ ആ ദൃശ്യം കാമറയിൽ പറത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ആയിരങ്ങൾ ആ സന്തോഷത്തിൽ പങ്കുചേർന്നു. ഫോട്ടോയ്ക്ക് താഴെയായി അഭിവാദ്യങ്ങൾ അർപ്പിച്ചു. 

എന്നാൽ, ജേർണലിസ്റ്റ് ആയ  അനേൽ ആ ചിത്രം പങ്കുവെച്ചത് ആ കാമുകീകാമുകന്മാരെ പരിഹസിക്കുന്ന ഒരു ടാഗ്‌ലൈനോട് കൂടിയായിരുന്നു.  " ദക്ഷിണാഫ്രിക്കയിലെ ആണുങ്ങളുടെ ഒരു നിലവാരത്തകർച്ചയേ..! ദേ നോക്കൂ, എന്തൊരു ദാരിദ്ര്യമാണെന്ന്..! ഒരാൾ KFC-യിൽ വെച്ച് പ്രൊപ്പോസ് ചെയ്തിരിക്കുന്നു. ക്‌ളാസ് എന്ന് പറയുന്നത് എന്താണെന്നു ഇവന്മാർക്കൊന്നും അറിയില്ല. ഐ മീൻ, ആരെങ്കിലും KFC -യിലൊക്കെ വെച്ച് പ്രൊപ്പോസ് ചെയ്യുമോ..? " 
 


 

എന്നാൽ, ദാരിദ്ര്യം എന്ന കേവല മനുഷ്യാവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള പത്രപ്രവർത്തകയുടെ  ഈ പോസ്റ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പി. വിവാഹത്തിന് തയ്യാറായിരിക്കുന്ന ഈ കാമുകീകാമുകന്മാർക്ക് അവിസ്മരണീയമായ ഒരു വിവാഹമൊരുക്കാൻ സോഷ്യൽ മീഡിയ ഒന്നിക്കണമെന്ന ഒരു കാമ്പെയ്ൻ തന്നെ ഉണ്ടായി. നിരവധി വ്യക്തികൾ സഹായവുമായി എത്തി. ഒപ്പം, അന്താരാഷ്ട്ര ബ്രാൻഡുകളും അവരുടെ വിവാഹത്തിന്റെ വിവിധ ചെലവുകൾ വഹിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. പ്യൂമ, ഹുവാവെ, മക്ഡൊണാൾഡ്‌സ്, ഊബർ, ഓഡി തുടങ്ങിയ പല ബ്രാൻഡുകളും രംഗത്തുവന്നു. പ്യൂമ ഏതാണ്ട്   700 ഡോളർ വരുന്ന ഒരു ഗിഫ്റ് വൗച്ചർ നൽകി.
 


 

ഹുവാവേ ഇരുവർക്കും ഫോണുകൾ സമ്മാനിച്ചു, മാക് ഡൊണാൾഡ്‌സ് അവരുടെ ഹണിമൂൺ സ്പോൺസർ ചെയ്തു, ഓഡി അവരുടെ വിവാഹത്തിനും ഹണിമൂണിനും അവരെ ഓഡി കാറിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. പ്രസിദ്ധമായൊരു ജ്വല്ലറി വിവാഹമോതിരങ്ങൾ സ്പോൺസർ ചെയ്തു. വിവാഹസദ്യക്കും സൗജന്യമായ ഓഫറുകൾ നഗരത്തിലെ ഏറ്റവും പ്രശസ്തമായൊരു കാറ്ററിങ് സ്ഥാപനത്തിൽ നിന്ന് വന്നു.
 


 

ഇതൊക്കെ കേട്ട് അവരുടെ സന്തോഷം ഇരട്ടിച്ചെങ്കിലും, അവരെ ആകെ ഞെട്ടിച്ചുകളഞ്ഞത് സ്റ്റാൻഡേർഡ് ബാങ്ക് ആയിരുന്നു. ദാരിദ്ര്യത്തിലാണ് എന്ന പേരിൽ അപമാനത്തിനിരയായ തങ്ങളുടെ കസ്റ്റമർക്ക് ബാങ്കിൽ ഉണ്ടായിരുന്ന 20,000 ഡോളറിന്റെ കടം ബാങ്ക് എഴുതിത്തള്ളി. അതായിരുന്നു അവരുടെ സമ്മാനം. 
 


ദക്ഷിണാഫ്രിക്കയിൽ പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ് ഈ അവസരത്തിൽ നവദമ്പതികൾ നന്ദിപൂർവം ഓർക്കുന്നത്, "Umuntu ngumuntu ngabantu" - മലയാളത്തിലേക്ക് മൊഴിമാറ്റിയാൽ, " നിങ്ങളെ നിങ്ങളാക്കുന്നത് മറ്റുള്ളവരാണ്..". എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത്, ദാരിദ്ര്യത്തിന്റെ പേരിൽ തങ്ങളെ പരിഹസിച്ച ആ  'സമ്പന്നയായ' പത്രപ്രവർത്തകയോടാണ് എന്ന് വിവാഹാനന്തരം ഹണിമൂൺ ട്രിപ്പിന് പുറപ്പെടും മുമ്പ് ആ നവദമ്പതികൾ പറഞ്ഞു.