സൗന്ദര്യം വര്‍ധിപ്പിക്കാനായി പല വഴികള്‍ തിരയുന്നവരുണ്ട്. 

സൗന്ദര്യം വര്‍ധിപ്പിക്കാനായി പല വഴികള്‍ തിരയുന്നവരുണ്ട്. എന്നാല്‍ അതിനുപിന്നിലെ അപകടം പലര്‍ക്കുമറിയില്ല. നമ്മുടെ വിപണിയില്‍ സുലഭമായി ലഭ്യമാകുന്ന ഫേഷ്യല്‍ ക്രീമുകളുടെ ഉപയോഗം മരണത്തിന് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ആക്‌ടിവേറ്റഡ് കാര്‍ബണ്‍ അടങ്ങിയിട്ടുള്ള ഉല്‍പന്നങ്ങള്‍ ചര്‍മ്മത്തെ നശിപ്പിക്കുകയും, ചിലരില്‍ മരണത്തിന് വരെ കാരണമാകുകയും ചെയ്യുമെന്നാണ് ഇതുസംബന്ധിച്ച പുതിയ പഠനം നല്‍കുന്ന സൂചന.

ഹൗറായിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് അപ്ലൈഡ് നാനോസയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിലതരം ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഉടനടി ആശ്വാസം നല്‍കുമെന്ന പരസ്യവുമായി എത്തുന്ന ഉല്‍പന്നങ്ങളാണ് ഏറെ ദോഷകരമാകുന്നത്. റെഡ്യൂസ്ഡ് ഗ്രാഫീന്‍ ഒക്സൈഡ് പോലെയുള്ള മൈക്രോ-കാര്‍ബണുകളാണ് ഫേഷ്യല്‍ ക്രീമുകളെ അപകടകരമാക്കുന്നത്.

സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം ഫേഷ്യല്‍ ക്രീമുകള്‍ തുറന്നുവെയ്‌ക്കുമ്പോള്‍ റെഡ്യൂസ്ഡ് ഗ്രാഫീന്‍ ഒക്സൈഡ്, ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് ത്വക്കിന് ഏറെ ഹാനികരമായ റിയാക്‌ടീവ് ഒക്‌സിജന്‍ സ്‌പെഷീസ് രൂപപ്പെടുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. റിയാക്‌ടീവ് ഒക്‌സിജന്‍ സ്‌പെഷീസ് ചര്‍മ്മത്തിലെ ക്യാന്‍സര്‍, ത്വക്കിന് ചുളിവ്, കോശങ്ങളെ നശിപ്പിക്കുക എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.