ബോളിവുഡ് സുന്ദരി  സോനം കപൂര്‍ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ്. ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക കൂടിയാണ് സോനം. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരമായ സോനത്തിന്‍റെ ഇഷ്ട ഭക്ഷണം എന്താണെന്ന് അറിയാമോ? 

ചുവന്ന അരിയിലുണ്ടാക്കിയ ചോറാണ് സോനത്തിന്‍റെ ഇപ്പോഴത്തെ ഇഷ്ട ഭക്ഷണം. റെഡ് കാര്‍പറ്റുകളില്‍ മിന്നിതിളങ്ങുന്ന താരം ഡയറ്റില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്. സോനത്തിന്‍റെ ഡയറ്റിനെ കുറിച്ച് മുന്‍പേതന്നെ സോനത്തിന്‍റെ പരിശീലകയായ രാധിക കാര്‍ലെ പറഞ്ഞിട്ടുമുണ്ട്. 

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തോടൊപ്പം ഒരു പ്രത്യേക കീറ്റോ ചോക്ലേറ്റാണ് 34കാരിയായ സോനം കഴിക്കുന്നത്.  പച്ചക്കറികള്‍ മാത്രമുളള ഡയറ്റാണിത്. വീട്ടില്‍ ഉണ്ടാക്കുന്ന റൊട്ടി, ദാല്‍ എന്നിവയാണ് സോനം സ്ഥിരമായി കഴിക്കുന്നത്. ഒപ്പം തേങ്ങാവെളളവും കുടിക്കും. ചിക്കനൊന്നും സോനം കഴിക്കില്ല എന്നും രാധിക പറയുന്നു. വെള്ള അരിയില്‍ നിന്ന് അടുത്തിടെയാണ് സോനം ചുവന്ന അരിയിലേക്ക് മാറിയത്. 

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ചുവന്ന അരി. ചുവന്ന അരിയില്‍ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു.