പലപ്പോഴും മുന്നോട്ടുനീങ്ങാന്‍ സഹായിക്കുന്ന ഒരു വാക്കോ, സ്പര്‍ശമോ ഒന്നുമില്ലാത്തതിന്റെ അഭാവത്തില്‍ കൂടിയാണ് മരണം ഒരാളുടെ തീരുമാനമാകുന്നത്. കൃത്യമായ മാനസിക പരിചരണങ്ങള്‍ ലഭിക്കാത്തത് മൂലമാണ് വലിയൊരു വിഭാഗം ആത്മഹത്യ ചെയ്യുന്നതെന്ന്  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഉര്‍സുല വൈറ്റ്‌സൈഡ് പറയുന്നു

പല തരത്തിലുള്ള ജീവിതപ്ര്ശനങ്ങളില്‍ നിന്നുകൊണ്ടായിരിക്കാം ഒരാള്‍ മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പലപ്പോഴും മുന്നോട്ടുനീങ്ങാന്‍ സഹായിക്കുന്ന ഒരു വാക്കോ, സ്പര്‍ശമോ ഒന്നുമില്ലാത്തതിന്റെ അഭാവത്തില്‍ കൂടിയാണ് മരണം ഒരു തീരമാനമാകുന്നതും. 

'കൃത്യമായ മാനസിക പരിചരണങ്ങള്‍ ലഭിക്കാത്തത് മൂലമാണ് വലിയൊരു വിഭാഗം ആത്മഹത്യ ചെയ്യുന്നത്. ഈ അവസ്ഥയിലാണ് അടിയന്തരമായ മാറ്റം വരേണ്ടത്'- ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഉര്‍സുല വൈറ്റ്‌സൈഡ് പറയുന്നു. 

ഇതിനായി പ്രത്യേകം വെബ്‌സൈറ്റുകള്‍ ആരംഭിക്കുന്നത് വലിയ ആശ്വാസമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിലൊരു പഠനവും ഉര്‍സുല ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ നടന്നുകഴിഞ്ഞു. അതായത് ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നി, ഇനി മറ്റ് വഴികളൊന്നും മുന്നിലില്ല എന്ന് തോന്നിയിരിക്കുമ്പോള്‍ നേരത്തേ സൂചിപ്പിച്ചത് പോലെയുള്ള വെബ്‌സൈറ്റ് തുറന്നുനോക്കുന്നു. 

തുറന്നയുടന്‍ ഹോം പേജില്‍ കാണുന്നത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ച ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ വീഡിയോകളാണ്. അവര്‍ അവരുടെ അനുഭവങ്ങള്‍ വിശദീകരിക്കുന്നു. എങ്ങനെയെല്ലാമാണ് പ്രതിസന്ധികളെ നേരിട്ടത്, അതിജീവിച്ചത് എന്നെല്ലാം അവര്‍ പങ്കുവയ്ക്കുന്നു. 

ഇതിനൊപ്പം തന്നെ മനശാസ്ത്ര വിദഗ്ധരും മറ്റ് ഡോക്ടര്‍മാരും അടങ്ങുന്ന സംഘം തയ്യാറാക്കിയ ലേഖനങ്ങളും അനുഭവങ്ങളും വായിക്കാം. ശാസ്ത്രീയമായി വിഷയങ്ങളെ വിശകലനം ചെയ്യുന്നതിനൊപ്പം വൈകാരികമായി പ്രശ്‌നത്തിലായിരിക്കുന്ന ഒരാളെ ചേര്‍ത്തുപിടിക്കുന്നതായി തോന്നിപ്പിക്കാന്‍ കഴിവുള്ള, അത്രയും വിദഗ്ധമായ സംഭാഷണങ്ങളോ, വീഡിയോകളോ ഒക്കെയുള്‍ക്കൊള്ളിക്കാം. 

മൂന്നില്‍ ഒരു വിഭാഗം കൃത്യമായും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. തങ്ങളുടെ ആശയത്തിന് അല്‍പം കൂടി അടിത്തറയിടാനായാല്‍ ഈ കണക്ക് ഇനിയും വര്‍ധിപ്പിക്കാനാകുമെന്നും ഇവര്‍ പറയുന്നു.