ന്യൂയോര്‍ക്കില്‍ നടന്ന 'മെറ്റ് ഗാല' ഫാഷന്‍മേളയില്‍ എത്തിയ പല പ്രമുഖ താരങ്ങളെയും ഒറ്റനോട്ടത്തില്‍ കാഴ്ചക്കാര്‍ക്കും മേളയില്‍ പങ്കെടുക്കാനെത്തിയ മറ്റ് താരങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊന്നും മനസിലായില്ല. വൈവിധ്യങ്ങളാര്‍ന്ന വസ്ത്രങ്ങള്‍ക്കൊപ്പം, അതിനേക്കാള്‍ വൈവിധ്യമുള്ള മേക്കപ്പ് കൂടിയായതോടെയാണ് താരങ്ങളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന രസകരമായ അവസ്ഥയുണ്ടായത്. 

ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരസുന്ദരിമാരായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമായിരുന്നു മേളയില്‍ പങ്കെടുത്തത്. വസ്ത്രത്തില്‍ അല്‍പം വ്യത്യസ്തയായിരുന്നുവെങ്കിലും മേക്കപ്പിന്റെ കാര്യത്തില്‍ ദീപിക വലിയ കണ്‍കെട്ടിനൊന്നും മുതിര്‍ന്നില്ല. എന്നാല്‍ പ്രിയങ്കയുടെ കാര്യം അങ്ങനെയല്ല. സില്‍വര്‍ ഡിസൈനില്‍ അറ്റത്ത് മാത്രം മഞ്ഞയും പിങ്കും നിറങ്ങളില്‍ ഫ്രില്ലുകളുള്ള ഫ്രോക്ക് തന്നെ ഒരു ഇന്റര്‍നാഷണല്‍ വേഷമായിരുന്നു. 

ഇതിന് പുറമെയായിരുന്നു മേക്കപ്പിന്റെ ജാലവിദ്യ! കണ്ണില്‍ ചെയ്ത മിനുക്കുപണികളാണ് പ്രിയങ്കയെ തിരിച്ചറിയാനാകാത്ത വിധം മാറ്റിയത്. കണ്‍പീലികളിലും കണ്ണിന് മുകളിലും താഴെയുമെല്ലാം സില്‍വര്‍- കറുപ്പ് നിറങ്ങളിലുള്ള മേക്കപ്പ്. മുടി അല്‍പം 'മെസ്' ആക്കി, മുകളിലൊരു ക്രൗണും. രണ്ടാമതൊരു തവണ നോക്കിയാലേ അത് പ്രിയങ്കയാണെന്ന് വ്യക്തമാകൂ. 

ഇന്ത്യന്‍ താരങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ വിദേശതാരങ്ങളുടെ കാര്യം പറയാനില്ലല്ലോ! പ്രമുഖരായ ചില താരങ്ങളുടെ വേഷപ്പകര്‍ച്ച കാണാം. 

ലേഡി ഗാഗ...

മേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ലേഡി ഗാഗയുടെയും 'ഐ മേക്കപ്പ്' ആണ് ഏറ്റവുമധികം ചര്‍ച്ചയായത്. കണ്‍പീലികള്‍ നീണ്ട് മുഖത്തേക്കും നെറ്റിയിലേക്കും മുടിക്ക് മുകളിലേക്കുമെല്ലാം കിടക്കുന്നതായി തോന്നിക്കുന്ന മേക്കപ്പായിരുന്നു ലേഡി ഗാഗയുടേത്. മുടിയില്‍ വലിയ അലങ്കാരങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ചെയ്ത ഡിസൈന്‍ അവര്‍ക്ക് ഏറെ അനുയോജ്യമായതായിരുന്നു. 

ഗിഗി ഹാഡിഡ്...

പ്രശസ്ത മോഡലായ ഗിഗി ഹാഡിഡും കണ്‍പീലിയിലാണ് കാഴ്ചയുടെ വിരുന്നൊരുക്കിയത്. നീണ്ട്, ഇടതൂര്‍ന്ന വെളുത്ത നിറത്തിലുള്ള കണ്‍പീലിയാണ് ഇവര്‍ തെരഞ്ഞെടുത്തത്. മുടി ഏറെക്കുറെ മുഴുവനായി മറച്ചുകൊണ്ട്, പുരാതന ഈജിപ്ഷ്യന്‍സിനെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ശിരോവസ്ത്രവും ധരിച്ചിരുന്നു. 

എസ്ര മില്ലര്‍...

സിനിമാതാരവും ഗായികയുമായ എസ്ര മില്ലര്‍ 'ഒപ്റ്റിക്കല്‍ ഇല്യൂഷന്‍' മേക്കപ്പിലാണ് മേളയ്‌ക്കെത്തിയത്. കണ്ണുകള്‍ക്ക് താഴെയും നെറ്റിയിലുമായി വരച്ചുചേര്‍ത്ത അഞ്ച് കണ്ണുകളും അവയുടെ കണ്‍പീലികളും പുരികങ്ങളുമെല്ലാം കൂടി ത്രീഡി എഫക്ട് ആണ് എസ്രയുടെ മുഖത്തിനുണ്ടായിരുന്നത്. ബോബ് ചെയ്ത മുടിയുമായുള്ള വിഗ്ഗും കൂടിയായപ്പോള്‍ ഏതേ കാലഘട്ടത്തില്‍ നിന്നിറങ്ങി വന്ന ഹൊറര്‍ കഥാപാത്രത്തെ പോലെ എസ്രയെ തോന്നിച്ചു.