അസാധാരണമായ ഒരു സംഗതിയാണ് പൂനം ഖിഞ്ചിയെന്ന യുവതിയെ ആ ഓട്ടോ ഡ്രൈവറുമായി സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ഛായം പൂശിയ അയാളുടെ നീണ്ട നഖങ്ങള്‍... 

'ഇത്രയും നീളമുള്ള നഖങ്ങളോ'യെന്ന് ചോദിച്ചപ്പോള്‍ മറുപടിയായി മധുരമുള്ള ഒരു ശബ്ദം വന്നു. 

'ദീദീ, ഈദിനുള്ള ഒരുക്കത്തിലാണേ...'

ആ മറുപടിയില്‍ നിറഞ്ഞ സന്തോഷത്തോടെ പൂനം ചിരിച്ചു. തുടര്‍ന്ന് അവര്‍ സംസാരിച്ചുതുടങ്ങി. 

മഞ്ജു എന്നാണവളുടെ പേര്. ട്രാന്‍സ്‌ജെന്‍ഡറാണ്. തന്റെ ആണ്‍ സുഹൃത്തിനൊപ്പമാണ് മഞ്ജു ജീവിക്കുന്നത്. മുമ്പ് ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ മഞ്ജുവിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം വലിയ പ്രശ്‌നങ്ങളുണ്ടാക്കി. തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കി. 

അതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി ബോംബെ നഗരത്തില്‍ ഓട്ടോ ഓടിച്ചാണ് മഞ്ജു കഴിയുന്നത്. എങ്കിലും രാത്രി പതിനൊന്നുമണി കഴിഞ്ഞാല്‍ ഓട്ടോയുമായി പുറത്തിറങ്ങാന്‍ മഞ്ജുവിന് പേടിയാണ്. പലരും പലതും പറഞ്ഞ് ശല്യപ്പെടുത്താനും ആക്രമിക്കാനുമെല്ലാം വരാറുണ്ട്. 

വ്യത്യസ്തമായ ഒരു ഓട്ടോക്കാരിയെ കണ്ടതിലെ സന്തോഷം, ചിത്രങ്ങള്‍ സഹിതം പൂനം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. ട്രാന്‍സ്‌ജെന്‍ഡറായ ഒരു വ്യക്തിയുടെ ജീവിതം എത്രമാത്രം അനിശ്ചിതത്വങ്ങളും ദുരിതങ്ങളും നിറഞ്ഞതാണെന്ന് ലളിതമായി പറയുകയാണ് പൂനം പങ്കുവച്ച ഈ അനുഭവം. മുംബൈയിലെ തെരുവുകളിലൂടെ ജീവിതത്തോട് പോരാടിക്കൊണ്ട് മഞ്ജു ഓട്ടോ ഓടിക്കുന്നത് കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നുന്നുവെന്നും പൂനം പറയുന്നു. 

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. മഞ്ജുവിനെ പോലുള്ള വ്യക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും, ഹൃദയത്തില്‍ തൊടുന്ന മഞ്ജുവിന്റെ കഥ പറഞ്ഞതിന് പൂനത്തിനെ അഭിനന്ദിച്ചും നിറയെ കമന്റുകളും വന്നിട്ടുണ്ട്.