പ്രണയത്തിലായാലും വിവാഹത്തിലായാലും പങ്കാളിയുമായുള്ള ബന്ധത്തില്‍ പുതുമ സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്. പുതുമയുണ്ടെങ്കില്‍ മാത്രമേ ആ ബന്ധത്തിന് എപ്പോഴും തീവ്രതയുണ്ടായിരിക്കൂ. 

ഇത്തരത്തില്‍ പങ്കാളിയുമായുള്ള ബന്ധം പുതുമയോടെ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ടെന്നാണ് അമേരിക്കന്‍ ഗവേഷകനും അധ്യാപകനുമായ ബ്രയാന്‍ ഒഗ്ലോസ്‌കി പറയുന്നത്. ബന്ധങ്ങളെ കുറിച്ച് നടന്ന ആയിരത്തിലധികം പഠനങ്ങളെ വീണ്ടും വിശദമായി പഠനവിധേയമാക്കിയ ശേഷം തന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം. 

ഒന്ന്...

ഏറ്റവുമാദ്യം വേണ്ടത്, പങ്കാളിയുമായുള്ള തുറന്ന ആശയവിനിമയമാണ്. തന്റെ വ്യക്തിത്വം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അതുതന്നെയാവണം പങ്കാളിയുടെ മുന്നിലും പ്രദര്‍ശിപ്പിക്കേണ്ടത്. അതുപോലെ ജോലിസംബന്ധമായോ കുടുംബവുമായി ബന്ധപ്പെട്ടോ മറ്റ് വ്യക്തിപരമായതോ ആയ കാര്യങ്ങളെല്ലാം പങ്കാളിയോട് ചര്‍ച്ച ചെയ്യാം. 


അങ്ങനെയാകുമ്പോള്‍ എല്ലാ ദിവസവും പങ്കാളിയോട് സംസാരിക്കാന്‍ പുതിയ കാര്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. 

രണ്ട്...

മിക്കവാറും പേരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന ഘടകമാണ് രണ്ടാമതായി ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. രണ്ടുപേര്‍ ഒരുമിച്ചുണ്ടായിരിക്കുമ്പോള്‍ അടിസ്ഥാനപരമായി രണ്ടുപേരും ആഗ്രഹിക്കുന്നത് സന്തോഷമാണ്. രസകരമായ സംഭാഷണങ്ങളോ, നര്‍മ്മമോ ഒക്കെയാകാം ഈ സന്തോഷത്തെ ഉണ്ടാക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിനിടയിലും ഹാസ്യത്തിന് വലിയ സ്ഥാനമുണ്ട്. പല തരത്തിലുള്ള പ്രശ്‌നങ്ങളും വിഷമങ്ങളും അല്‍പനേരത്തേക്കെങ്കിലും മറക്കാനാകുന്നത് ഇത്തരത്തിലുളള ഇടപെടലുകള്‍ മൂലമായിരിക്കും.

മൂന്ന്...

വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിച്ച് പങ്കാളിയെ അയാളുടെ താല്‍പര്യത്തിന് വിടുമ്പോഴും, പരസ്പരം താല്‍പര്യങ്ങളെ പങ്കുവയ്ക്കാന്‍ ശ്രമിക്കാം. ഉദാഹരണത്തിന്, ധാരാളം സിനിമ കാണുന്ന പങ്കാളിയോടൊപ്പം ഇടയ്ക്ക് ഒരു സിനിമ കാണാന്‍ സമയം കണ്ടെത്തുക. അല്ലെങ്കില്‍ ഭക്ഷണം പാകം ചെയ്യുന്ന കാര്യമാകാം, പൂന്തോട്ടമൊരുക്കുന്നതാകാം... അങ്ങനെ ഏത് കാര്യമാണെങ്കിലും പരസ്പരം ഒരു റോളെടുത്ത് സജീവമാകാവുന്നതേയുള്ളൂ. ഇത് പങ്കാളിയെ കൂടുതല്‍ നമ്മളിലേക്ക് അടുപ്പിക്കും. 

നാല്...

എല്ലാ കാര്യങ്ങളും അയാളുമായി പങ്കുവയ്ക്കുമ്പോഴും, അയാള്‍ക്ക് തിരിച്ച് സംസാരിക്കാനുള്ള അവസരങ്ങള്‍ നല്‍കുക. ക്ഷമയോടെയും സ്‌നേഹത്തോടെയും അയാളെ കേള്‍ക്കുക. പ്രതികരണങ്ങള്‍ നല്‍കുക. യഥാര്‍ത്ഥത്തില്‍ അവര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ പോലും അത് കേള്‍ക്കാന്‍ നമ്മള്‍ കാണിക്കുന്ന ക്ഷമ, തീര്‍ച്ചയായും അവര്‍ക്ക് ആശ്വാസം നല്‍കും. 

ഇതും പങ്കാളിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കും. 

അഞ്ച്...

ഇടയ്‌ക്കെങ്കിലും തങ്ങളുടെ ബന്ധത്തെ കുറിച്ച് അല്‍പം 'പൊസിറ്റീവ്' ആയ നിരീക്ഷണങ്ങള്‍ നടത്തുക. അവ പങ്കാളിയുമായി ചര്‍ച്ചയ്ക്ക് വയ്ക്കുകയും ആവാം. അങ്ങനെ ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ ഇടയ്ക്ക് കുറച്ചുനേരം മാറ്റിവയ്ക്കുക. കഴിയുന്നതും കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്യാതെ ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാം. ഒപ്പം പ്രണയം തുടങ്ങിയ കാലത്തെ കുറിച്ചോ, അന്നുണ്ടായ അനുഭവങ്ങളോ ഒക്കെ ഒരുമിച്ചിരുന്ന് ഓര്‍ക്കാം. ഇതും പങ്കാളിയുമായുള്ള ബന്ധത്തില്‍ മടുപ്പ് കയറാതിരിക്കാന്‍ സഹായിക്കും.