Asianet News MalayalamAsianet News Malayalam

നീന്തലിനിടെ ബോക്‌സ് ജെല്ലി ഫിഷിന്റെ കടിയേറ്റു; പതിനേഴുകാരന്‍ മരിച്ചു

അസഹ്യമായ വേദനയാണ് ഇതിന്റെ കടിയേറ്റാല്‍ ഉണ്ടാവുക. ഒപ്പം തന്നെ ഹൃദയം, നാഡീവ്യവസ്ഥ, ചര്‍മ്മകോശങ്ങള്‍ എന്നിവയെയെല്ലാം ചുരുങ്ങിയ സമയം കൊണ്ട് വിഷം ബാധിച്ചേക്കാം. ചിലരെങ്കിലും ഇതിന് മുമ്പ് തന്നെ വേദന സഹിക്കാനാകാതെ മുങ്ങിമരിക്കുകയും ചെയ്‌തേക്കാം

student died after stinged by box jelly fish
Author
Australia, First Published Mar 4, 2021, 2:47 PM IST

സാധാരണ മത്സ്യങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തതകളുള്ള ഇനമാണ് ബോക്‌സ് ജെല്ലി ഫിഷ്. മത്സ്യം എന്നതിനെക്കാളേറെ ഇതിനെ കടല്‍ജീവി എന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ലോകത്തില്‍ വച്ചേറ്റവും വിഷം കൂടിയ ജീവിവിഭാഗങ്ങളിലൊന്നാണിത്. ഇതിന്റെ കടിയേറ്റാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുക പ്രയാസമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഓസ്‌ട്രേലിയയിലെ ബമാഗയില്‍ അത്തരമൊരു മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. പതിനേഴുകാരനായ വിദ്യാര്‍ത്ഥിയാണ് ദാരുണമായി മരിച്ചത്. ഓസ്‌ട്രേലിയയിലെ കേപ് യോര്‍ക്കിലുള്ള ഒരുള്‍ പ്രദേശമാണ് ബമാഗ. കടലും കാടും പുഴയുമെല്ലാമാണ് ഇവിടത്തെ പ്രത്യേകത. 

വേനല്‍ക്കാലമാകുമ്പോള്‍ ധാരാളം പേര്‍ ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ടത്രേ. ഇക്കൂട്ടത്തില്‍ നിന്ന് നീന്തല്‍ അറിയാവുന്നര്‍ തീരത്തിന് സമീപമായിത്തന്നെ നീന്തുകയും ചെയ്യും. ഇത്തരത്തില്‍ നീന്താന്‍ വേണ്ടി കടലിലേക്കിറങ്ങിയതായിരുന്നുവേ്രത പതിനേഴുകാരന്‍. ലോകത്തിന്റെ പല ഭാഗങ്ങളിലായി കടല്‍വെള്ളത്തിലോ അതിനോട് ചേര്‍ന്നുകിടക്കുന്ന ജലാശയത്തിലോ ബോക്‌സ് ജെല്ലി ഫിഷുകളെ കാണാനാകും. എങ്കിലും ഓസ്‌ട്രേലിയയിലെ ഈ മേഖലകളിലാണ് ഇവയെ ഏറ്റവുമധികമായി കണ്ടുവരുന്നത്. 

ബോക്‌സ് ജെല്ലി ഫിഷുകളുള്ള സ്ഥലമായതിനാല്‍ തന്നെ നീന്താനിറങ്ങുന്നവര്‍ക്ക് ഇവിടെ നിയന്ത്രണങ്ങളുമേര്‍പ്പെടുത്താറുണ്ട്. മുഴുവന്‍ ശരീരവും സംരക്ഷിക്കുന്ന തരത്തിലുള്ള സ്യൂട്ടുകള്‍ നിര്‍ബന്ധമായും അണിയണമെന്നും നിബന്ധനയുണ്ട്. എന്നാല്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥിക്ക് ബോക്‌സ് ജെല്ലി ഫിഷിന്റെ കടിയേറ്റത് എന്നത് വ്യക്തമല്ല. ഹെലികോപ്റ്ററുപയോഗിച്ച് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു.

അസഹ്യമായ വേദനയാണ് ഇതിന്റെ കടിയേറ്റാല്‍ ഉണ്ടാവുക. ഒപ്പം തന്നെ ഹൃദയം, നാഡീവ്യവസ്ഥ, ചര്‍മ്മകോശങ്ങള്‍ എന്നിവയെയെല്ലാം ചുരുങ്ങിയ സമയം കൊണ്ട് വിഷം ബാധിച്ചേക്കാം. ചിലരെങ്കിലും ഇതിന് മുമ്പ് തന്നെ വേദന സഹിക്കാനാകാതെ മുങ്ങിമരിക്കുകയും ചെയ്‌തേക്കാം. അതല്ലെങ്കില്‍ പെട്ടെന്നുണ്ടാകുന്ന ഷോക്കിനെ തുടര്‍ന്ന് ഹൃദയസ്തംഭനവും വരാം. എന്തായാലും കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് ബോക്‌സ് ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ തന്നെ ബോക്‌സ് ജെല്ലി ഫിഷിന്റെ കടിയേറ്റ പത്തുവയസുകാരി അത്ഭുതപൂര്‍വ്വം മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ബോക്‌സ് ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ച് ജീവിതത്തിലെത്തിയ ആദ്യ വ്യക്തിയും ഈ പെണ്‍കുട്ടിയാണത്രേ. 

Also Read:- ആളെ കൊല്ലും എട്ടുകാലി; കാലാവസ്ഥ മാറിയപ്പോള്‍ പെറ്റുപെരുകി ഭീഷണിയായി...

Follow Us:
Download App:
  • android
  • ios