രണ്ടോ മൂന്നോ ദിവസത്തേക്ക് പങ്കാളി വീട്ടിലില്ലെന്ന് കരുതുക. ആ കുറവ് നികത്താന്‍ പങ്കാളിയുടെ വസ്ത്രങ്ങള്‍ കിടക്കയില്‍ കൊണ്ടിട്ട്, കിടന്നുറങ്ങുന്നവരുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. പ്രധാനമായും പങ്കാളിയുടെ ഗന്ധം അനുഭവിക്കുന്നതിലൂടെ അയാളുടെ സാന്നിധ്യം കൂടി അനുഭവിക്കുന്നതിനാണ് ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. 

വളെരയധികം അടുപ്പവും ഇഷ്ടവും സൂക്ഷിക്കുന്നവര്‍ക്കിടയില്‍ മാത്രമേ, ഗന്ധത്തിന് സ്ഥാനമുള്ളൂ. ലൈംഗികതയിലാണെങ്കില്‍ ഗന്ധങ്ങള്‍ക്കുള്ള സ്ഥാനം നിങ്ങള്‍ കേട്ടിരിക്കും. നിരവധി പഠനങ്ങള്‍ ശാസ്ത്രീയമായിത്തന്നെ ഇതിനെ ശരി വച്ചിട്ടുമുണ്ട്. എന്നാല്‍ നിത്യജീവിതത്തിലെ മറ്റൊരു കാര്യത്തിന് കൂടി പങ്കാളിയുടെ ഗന്ധം ആവശ്യമായിവരുന്ന സാഹചര്യമുണ്ടായേക്കാം. 

അതെപ്പറ്റിയാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ'യിലെ മനശാസ്ത്ര വിഭാഗത്തില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

അതായത്, വളരെ സ്‌നേഹവും അടുപ്പമുള്ള ഒരാളുടെ ഗന്ധം ഏറ്റവും സമാധാനപൂര്‍ണ്ണമായ ഉറക്കം നല്‍കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. ഉറക്കത്തിന്റെ ദൈര്‍ഘ്യമല്ല, മറിച്ച് അതിന്റെ 'ക്വാളിറ്റി' വര്‍ധിപ്പിക്കാനാണത്രേ പങ്കാളിയുടെ ഗന്ധം സഹായിക്കുക. പങ്കാളിയുടെ ശാരീരിക സാന്നിധ്യമില്ലാത്തപ്പോള്‍ അയാളുടെ വസ്ത്രം കിടക്കയില്‍ കൊണ്ടിടുന്നതിന് പിന്നിലെ ഒരു കാരണവും ഇതുതന്നെയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഉറക്കം മാത്രമല്ല, പരസ്പരധാരണയുള്ള പങ്കാളികളുടെ സാമീപ്യം പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണ്ടാക്കുമെന്നും പഠനം പറയുന്നു. ദീര്‍ഘകാലമായി ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന പങ്കാളികളാണെങ്കില്‍, അതിലൊരാളുടെ അസാന്നിധ്യം അവശേഷിക്കുന്നയാളെ മാനസികമായി മാത്രമല്ല, ശാരീരികമായും മോശമായി ബാധിക്കുമെന്ന് കൂടി പഠനം ഓര്‍മ്മിപ്പിക്കുന്നു.