പ്രണയം തകര്‍ന്നുപോകുമ്പോള്‍ അത് കൂടുതലായി ബാധിക്കുന്നത് ആരെയായിരിക്കും? സ്ത്രീയെയോ പുരുഷനെയോ? ഈ വിഷയത്തില്‍ ഒരുകൂട്ടം ഗവേഷകര്‍ ചേര്‍ന്ന് ഒരു പഠനം നടത്തിയിരുന്നു. ബിംഗ്ഹാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലണ്ടണ്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുമുള്ള ഗവേഷരാണ് ഈ പഠനത്തിന് പിന്നില്‍ 

പ്രണയം തകരുന്നത് ആര്‍ക്കായാലും മാനസികമായി വലിയ രീതിയിലുള്ള പ്രയാസങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ 'ബ്രേക്കപ്പ്' സ്ത്രീയും പുരുഷനും തികച്ചും രണ്ടായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ പ്രണയം തകര്‍ന്നുപോകുമ്പോള്‍ അത് കൂടുതലായി ബാധിക്കുന്നത് ആരെയായിരിക്കും? സ്ത്രീയെയോ പുരുഷനെയോ?

ഈ വിഷയത്തില്‍ ഒരുകൂട്ടം ഗവേഷകര്‍ ചേര്‍ന്ന് ഒരു പഠനം നടത്തിയിരുന്നു. ബിംഗ്ഹാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലണ്ടണ്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുമുള്ള ഗവേഷരാണ് ഈ പഠനത്തിന് പിന്നില്‍. 96 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം പേരെ പങ്കെടുപ്പിച്ചായിരുന്നു പഠനം. 

പ്രണയം നഷ്ടമാകുമ്പോള്‍ ഏറ്റവുമധികം പ്രശ്‌നത്തിലാകുന്നത് പുരുഷന്മാരെക്കാളും സ്ത്രീകളാണ് എന്നതായിരുന്നു പഠനത്തിന്റെ കണ്ടെത്തല്‍. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, ്‌സ്ത്രീകള്‍ പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം നേരിടുമത്രേ. എന്നാല്‍ അതെല്ലാം നല്ലരീതിയില്‍ മറികടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമത്രേ. കഴിഞ്ഞ അനുഭവത്തില്‍ നിന്ന് ആവശ്യമായ പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും ജീവിക്കാനാകുന്നതും സ്ത്രീകള്‍ക്ക് തന്നെയാണെന്നാണ് പഠനം പറയുന്നത്.

പുരുഷന്മാരാകട്ടെ, തനിക്ക് സംഭവിച്ച നഷ്ടമെന്തെന്ന് പതിയെ മാത്രമേ മനസിലാക്കുകയുള്ളൂ. അത് മനസിലാക്കിത്തുടങ്ങിയാല്‍ പിന്നെ അതിനെ മറികടക്കാന്‍ സ്ത്രീകളെക്കാളുമധികം സമയവും പുരുഷന്മാര്‍ക്ക് വേണ്ടിവരും. ഈ വേദനയോട് പോരാടാനാകാതെ ലഹരിയിലും മദ്യത്തിലും അക്രമാസക്തമായ മാനസികാവസ്ഥയിലും അഭയം പ്രാപിക്കാന്‍ പുരുഷനാണ് സാധ്യതകളേറെയും- പഠനം പറയുന്നു. 

എന്തുകൊണ്ടായിരിക്കും 'ബ്രേക്കപ്പ്' സ്ത്രീകളെ ഇത്തരത്തില്‍ ആഴത്തില്‍ ബാധിക്കുന്നത് എന്നും പഠനം അന്വേഷിച്ചു. 

'പണ്ടുകാലത്തൊക്കെയാണെങ്കില്‍, ചെറിയൊരു സമയത്തേക്ക് വേണ്ടിയുള്ള പ്രണയബന്ധമാണെങ്കില്‍ പോലും അതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ഇതിനെല്ലാം വേണ്ടി വര്‍ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്യണമായിരുന്നു. പുരുഷന്മാര്‍ എപ്പോഴോ കളം വിട്ട് പോയിരിക്കും. അവര്‍ അടുത്ത ബന്ധത്തിലെത്തിക്കാണും. അപ്പോള്‍ സ്ത്രീ, ബാധ്യതകളോടെയാണ് കഴിയുന്നത്. അതായത് ജൈവികമായി ഒരു പ്രണയത്തിന് വേണ്ടി സ്ത്രീക്ക് സ്വന്തം ജീവിതം നല്‍കേണ്ടിവരുന്ന അവസ്ഥ മുമ്പുണ്ടായിരുന്നു. പുരുഷന് അതില്ല. ഈ അവസ്ഥയില്‍ നിന്നും ഉണ്ടായിവന്ന ജാഗ്രതയാണ് ഇപ്പോഴും സ്ത്രീകളിലുള്ളത്. അതിനാല്‍ അവര്‍ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ചിന്തിക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നയാളെ നഷ്ടപ്പെടുമ്പോള്‍ അവര്‍ തകര്‍ന്നുപോവുകയും ചെയ്യുന്നു...'- പഠനത്തിന് നേതൃത്വം നല്‍കിയ ക്രെയ്ഗ് മോറിസ് എന്ന ഗവേഷകന്‍ പറയുന്നു.