തനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നോട്ടം കൊണ്ടോ, ചെറിയ മുരള്‍ച്ചകള്‍ കൊണ്ടോ ചോദിച്ചിട്ടും യജമാനന് അക്കാര്യം മനസിലായില്ലെങ്കില്‍ അത് വീണ്ടും ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കാലില്‍ മൂക്ക് കൊണ്ട് ഉരസുന്നത് പട്ടികളുടെ പതിവാണത്രേ. അതുപോലെ നിരന്തം കുരച്ചുകൊണ്ടിരിക്കുന്നതും ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു

ചിലര്‍ക്ക് വളര്‍ത്തുപട്ടികള്‍ എന്നാല്‍ വീട്ടിലെ ഒരംഗത്തെപ്പോലെ തന്നെയാണ്. അത്ര അടുപ്പവും സ്‌നേഹവുമാണ് അവയോട്. അത്തരക്കാര്‍ അറിയാനിതാ ഒരു പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. യുകെയിലെ 'പെറ്റ് മഞ്ചീസ്' എന്ന കമ്പനിയും 'കെ 9' മാഗസിനും ചേര്‍ന്നാണ് പഠനം സംഘടിപ്പിച്ചത്.

പഠനം പറയുന്നത്, വളര്‍ത്തുപട്ടികള്‍ അവരുടെ നോട്ടം കൊണ്ടും ശരീരഭാഷ കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടുമെല്ലാം ഉടമസ്ഥരുമായി നിരന്തരം സംസാരിക്കുന്നുണ്ട് എന്നാണ്. വിശപ്പ് തോന്നുമ്പോഴോ, ശ്രദ്ധയോ സ്‌നേഹമോ ആവശ്യമായി വരുമ്പോഴോ ഒക്കെ കുരച്ചുകൊണ്ടും, പ്രത്യേകതരത്തില്‍ നോക്കിയും, മുരണ്ടും എല്ലാം വളര്‍ത്തുപട്ടികള്‍ കാര്യം പറയുമത്രേ.

ഓരോ പട്ടികളും ഓരോ തരത്തിലായിരിക്കും ശരീരഭാഷയിലൂടെ സംസാരിക്കുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മൂന്നില്‍ രണ്ട് വിഭാഗം ഉടമസ്ഥരും പട്ടികളുടെ ഈ ആശയവിനിമയത്തെ മനസിലാക്കുന്നുണ്ടെന്നും പഠനം പറയുന്നു. യുകെയില്‍ നിന്ന് തന്നെയുള്ള ആയിരത്തിലധികം പേരില്‍ നിന്നായാണ് പഠനസംഘം വിവരങ്ങള്‍ ശേഖരിച്ചത്. ഇവരെല്ലാം സ്വന്തമായി വളര്‍ത്തുപട്ടികള്‍ ഉള്ളവരാണ്.

തനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നോട്ടം കൊണ്ടോ, ചെറിയ മുരള്‍ച്ചകള്‍ കൊണ്ടോ ചോദിച്ചിട്ടും യജമാനന് അക്കാര്യം മനസിലായില്ലെങ്കില്‍ അത് വീണ്ടും ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കാലില്‍ മൂക്ക് കൊണ്ട് ഉരസുന്നത് പട്ടികളുടെ പതിവാണത്രേ. അതുപോലെ നിരന്തം കുരച്ചുകൊണ്ടിരിക്കുന്നതും ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ചില പട്ടികളാണെങ്കില്‍ എന്തെങ്കിലും ആവശ്യം അറിയിക്കാനായി വട്ടത്തിലോ, മുന്നോട്ടും പിന്നോട്ടുമായോ ഓടിക്കാണിക്കും.

'വീട്ടില്‍ വളര്‍ത്തുപട്ടികളുണ്ടെങ്കില്‍ അവയുമായി ആശയവിനിമയം നടത്താന്‍ പഠിക്കേണ്ടത് അത്യാവശ്യമാണ്. മിക്കവാറും പട്ടികളും നമ്മുടെ കണ്ണിലേക്ക് നോക്കിയാണ് എന്താണ് നമ്മള്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുന്നത്. നമ്മുടെ മാറുന്ന മാനസികാവസ്ഥകളും നമ്മുടേതായ സ്വഭാവസവിശേഷതകളും മനസിലാക്കുന്ന കാര്യത്തില്‍ പട്ടികള്‍ക്ക് പ്രത്യേക പ്രാവീണ്യമുണ്ട്. അതുപോലെ തന്നെ അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നമുക്ക് കൃത്യമായി മനസിലാകുന്നുണ്ടോ എന്ന് പരിശോധിക്കുന്ന കാര്യത്തിലും അവര്‍ മിടുക്കരാണ്. നോട്ടം കൊണ്ട് നമ്മള്‍ കാര്യങ്ങള്‍ മനസിലാക്കുന്നില്ല എന്ന സ്ഥിതി വരുമ്പോഴാണ് കുരച്ചുകൊണ്ട് അവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ നോക്കുന്നത്... '- 'കെ 9' മാഗസിന്‍ പ്രതിനിധി റയാന്‍ ഒമീറ പറയുന്നു.