ശാരീരികമോ മാനസികമോ ആകട്ടെ, ഏത് വിഷയത്തിലായാലും സ്ത്രീയാണോ പുരുഷനാണോ മുന്നില്‍ എന്ന കാര്യത്തില്‍ മിക്ക സാഹചര്യങ്ങളിലും ഒരു തര്‍ക്കമുണ്ടാകാറുണ്ട്. ഒരുപക്ഷേ ഇത് പരസ്യമായ തര്‍ക്കമാകാം, അല്ലെങ്കില്‍ തികച്ചും രഹസ്യമാകാം. എങ്ങനെയായിരുന്നാലും വിവിധ വിഷയങ്ങള്‍ക്ക് പുറത്ത് ഒരു മത്സരം സ്ത്രീയും പുരുഷനും തമ്മില്‍ എപ്പോഴും അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്നുണ്ട്. 

അവരവരുടെ കഴിവിനേയും വ്യക്തിത്വത്തേയും മറ്റൊരാള്‍ ഇടിച്ചുകാണിക്കുന്നത് ആത്മാഭിമാനമുള്ള ആളുകളെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ, അത്തരത്തിലുള്ളവര്‍ അത് സ്ത്രീ ആയിരുന്നാലും പുരുഷനായിരുന്നാലും എപ്പോഴും ഈ മത്സരത്തിന് അവരുടെ മനസില്‍ സ്ഥാനവുമുണ്ട്. 

ഇങ്ങനെ മത്സരിക്കുമ്പോള്‍ ചില വിഷയങ്ങളിലൊക്കെ താല്‍ക്കാലികമായ ചില പരിഹാരങ്ങള്‍ കടന്നുവന്നേക്കാം. ഉദാഹരണത്തിന്, ഏറ്റവും നന്നായി വീട് നോക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണ് എന്ന നിഗമനത്തില്‍ സമൂഹം എപ്പോഴേ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതുപോലെ ജോലി ചെയ്ത് സമ്പാദിക്കാന്‍ സ്ത്രീയെക്കാള്‍ കഴിയുക പുരുഷനാണ് എന്ന കാഴ്ചപ്പാടും സമൂഹത്തിനുണ്ട്. 

 

 

എന്നാല്‍ സത്യാവസ്ഥ ഇതൊന്നുമാകണമെന്നില്ല. ഓരോ കുടുംബത്തന്റേയും അന്തരീക്ഷം ഓരോന്നാണ്. അതിനാല്‍ തന്നെ, അവിടുള്ള സ്ത്രീകളുടേയും പുരുഷന്മാരുടേയും സ്വഭാവവും അതിന് അനുസരിച്ച് തന്നെയാണ് ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പറഞ്ഞത് പോലെ സമൂഹം ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുള്ള മറ്റൊരു തര്‍ക്കമുണ്ട്, അത് എന്താണെന്ന് പറയാം. 

എവിടെയെങ്കിലും പോയാല്‍, അവിടെ നമുക്ക് കൃത്യമായി ചെല്ലേണ്ട ലക്ഷ്യസ്ഥാനം കണ്ടെത്താന്‍, അല്ലെങ്കില്‍ ദിശകള്‍ മനസിലാക്കി യാത്ര തുടരാന്‍ ഒക്കെ കഴിവ് പുരുഷനാണ് എന്ന് ഒരു അനുമാനം പൊതുസമൂഹത്തിനുണ്ട്. അതിനാല്‍ എപ്പോഴും യാത്രയിലും മറ്റും മുന്നില്‍ നില്‍ക്കുന്നത് പുരുഷനാകാറുണ്ട്. പരിചയമില്ലാത്ത ഒരു സ്ഥലത്ത് ചെന്നാല്‍ തിരിച്ച് നമുക്ക് പോകേണ്ട സ്ഥലം കണ്ടെത്താന്‍, അവിടെ സുരക്ഷിതമായി എത്തിച്ചേരാനെല്ലാം പുരുഷന്‍ കൂടിയേ തീരൂ എന്നാണ് പൊതു ധാരണ. 

എന്നാല്‍ ഈ ധാരണ അപ്പാടെ തെറ്റാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. അയര്‍ലന്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ രസകരമായ പഠനം നടത്തിയത്. സ്ഥലങ്ങളെക്കുറിച്ചും ദിശകളെക്കുറിച്ചുമെല്ലാമുള്ള ബോധം പുരുഷനാണ് കൂടുതല്‍ എന്ന വാദം അത്ര നിസാരമായ വാദമല്ലെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി പല ഗവേഷകരും ഇതേ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിവരികയാണത്രേ. 

 

 

എന്നാല്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച്, തലച്ചോറിന്റെ പ്രവര്‍ത്തനഗതികളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഗവേഷകസംഘം തങ്ങളുടെ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ദിശ മനസിലാക്കുന്ന കാര്യത്തിലും, സ്ഥലങ്ങള്‍ തിരിച്ചറിയാനും യാത്ര നയിക്കാനുമെല്ലാമുള്ള കഴിവിന്റെ കാര്യത്തിലും എന്തായാലും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ പിന്നിലല്ല, എന്നാണ് ഇവരുടെ കണ്ടെത്തല്‍. അതേസമയം, സ്ത്രീകളാണ് മുന്നില്‍ എന്നും പറയാനാകില്ല. ഈ വിഷയത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നും ബാക്കിയെല്ലാം വ്യക്തിപരമായി ഒരാള്‍ക്കുള്ള ബുദ്ധിയെ അനുസരിച്ചാണ് സംഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 'സയന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.