വര്‍ഷങ്ങള്‍ക്ക് മുമ്പ് 'പോണ്‍' കാണണമെങ്കില്‍ ആളുകള്‍ക്ക് അത്തരം സിനിമകളോ, വീഡിയോകളോ തെരഞ്ഞെടുത്ത് കാണണമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോട് കൂടി ആ അവസ്ഥയ്ക്ക് മാറ്റമായി. ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആളുകള്‍ തന്നെ വിരളമായി മാറിയിരിക്കുന്നു. 

'പോണ്‍' കാണാനും, മറ്റെങ്ങും പോകേണ്ട അവസ്ഥയില്ല. സ്വന്തം മൊബൈല്‍ ഫോണിലിരുന്ന് കൊണ്ടുതന്നെ ആവശ്യാനുസരണം, ഏത് സൈറ്റുകളില്‍ വേണമെങ്കിലും സന്ദര്‍ശിച്ച് 'പോണ്‍' കാണാവുന്നതാണ്. ഈ സൗകര്യം സത്യത്തില്‍ ചില ഭീഷണികളും ഉയര്‍ത്തുന്നുണ്ട്. അത്തരത്തിലൊരു ഭീഷണിയെക്കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം. 

ഇംഗ്ലണ്ടിലെ 'യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതായത്, നെറ്റില്‍ 'പോണ്‍' കാണുന്നവരില്‍ പത്തിലൊരാള്‍ക്ക് എന്ന തോതില്‍ 'സെക്‌സ് അഡിക്ഷന്‍' വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

മറ്റ് മാനസിക വിഷമതകളെപ്പോലെ കൃത്യമായി തിരിച്ചറിയുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചികിത്സ തേടുകയോ ചെയ്യുന്നില്ല- എന്നതും 'സെക്‌സ് അഡിക്ഷന്‍' വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്നും പഠനം പ്രധാനമായി ഓര്‍മ്മിപ്പിക്കുന്നു. ലഹരിയില്‍ ഉണ്ടാകുന്ന 'അഡിക്ഷന്‍' പോലൊക്കെ തന്നെ ഗുരുതരമാണ് 'സെക്‌സ് അഡിക്ഷന്‍'ഉം എന്നാണ് പഠനത്തില്‍ പങ്കാളികളായ മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

ചെറുപ്പം മുതല്‍ക്ക് തന്നെ മാനസികമായ അരക്ഷിതാവസ്ഥയോ ഉത്കണ്ഠയോ വലിയതോതില്‍ അനുഭവിക്കുന്നവരിലാണ് എളുപ്പത്തില്‍ 'പോണ്‍' സ്വാധീനമുണ്ടാക്കുന്നതെന്നും പഠനം വിലയിരുത്തുന്നു. അതുപോലെ ലെംഗിതയെ കഠിനമായ രീതിയില്‍ അടിച്ചമര്‍ത്തുന്നവരിലും 'സെക്‌സ് അഡിക്ഷന്‍' പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ടത്രേ. 

'പോണ്‍' ഉണ്ടാക്കുന്ന 'സെക്‌സ് അഡിക്ഷന്‍' ഇരയാകുന്നവരില്‍ പുരുഷനോടൊപ്പം തന്നെയോ, അല്ലെങ്കില്‍ പുരുഷന്മാരെക്കാള്‍ അധികമോ ആയി സ്ത്രീകളുണ്ടെന്ന വിവരവും പഠനം പങ്കുവയ്ക്കുന്നുണ്ട്. ഇത് നേരത്തേ സൂചിപ്പിച്ചത് പോലെ മാനസികമായ അരക്ഷിതാവസ്ഥയുടെ ഭാഗമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

'സെക്‌സ് അഡിക്ഷന്‍' എന്ന് പറയുന്നത്, ഒട്ടും നിയന്ത്രണത്തിനകത്ത് നില്‍ക്കാത്ത തരത്തില്‍ മനസ് ലൈംഗിതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലയുന്ന ഒരവസ്ഥയാണ്. പലരും, പ്രായോഗികജീവിതത്തിലേക്കും ഇത് വലിച്ചിഴയ്ക്കും. ക്രമേണ ജോലിയേയോ, പഠനത്തേയോ, കുടുംബത്തേയോ, മറ്റ് ബന്ധങ്ങളേയോ ഇത് ബാധിക്കുന്നു. എന്തായാലും 'സെക്‌സ് അഡിക്ഷന്‍' തിരിച്ചറിയപ്പെടുകയും വേണ്ട രീതിയില്‍ അതിന് ചികിത്സ ലഭ്യമാക്കുകയും സമയബന്ധിതമായി ചെയ്യാന്‍ നമുക്കാവണം എന്നുതന്നെയാണ് പഠനം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നത്.