ഒരു വീട്ടിനകത്ത് നമുക്ക് ശ്രദ്ധിക്കാനും കരുതാനും എന്തെല്ലാം കാര്യങ്ങളുണ്ട്, അല്ലേ? വീട് കൃത്യമായി വൃത്തിയാക്കി സൂക്ഷിക്കണം. അടുക്കും ചിട്ടയും വേണം. എപ്പോഴും ഭംഗിയായിരിക്കണം... എന്നിങ്ങനെ പല സങ്കല്‍പങ്ങളും വീടിനെ ചുറ്റിപ്പറ്റി നമുക്കുണ്ട്. 

ഇതില്‍ ഓരോന്നും ഓരോ വ്യക്തികളുടേയും മനോഭാവത്തിന് അനുസരിച്ച് മാറും. ഉദാഹരണത്തിന്, എല്ലാവര്‍ക്കും ഒരുപോലെ അടുക്കും ചിട്ടയുമുണ്ടാകില്ല. അത് അതത് മനുഷ്യരുടെ വ്യക്തിത്വത്തിന്റെ കൂടി പ്രതിഫലനമാണ്. ഏത് രീതിയിലുള്ള ജീവിതരീതിയാണെങ്കിലും അതില്‍ തുടരുന്നവര്‍ അതിനകത്ത് സന്തോഷം കണ്ടെത്തുന്നുവോ ഇല്ലയോ എന്നതാണ് പ്രധാനം.

എങ്കിലും ആരോഗ്യകരമായ ജീവിതത്തിന് ചില കാര്യങ്ങള്‍ പൊതുവായി ശ്രദ്ധിക്കേണ്ടതും ഉണ്ട്. അതില്‍പ്പെടുന്ന വളരെ പ്രസക്തമായ ഒന്നിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വീട്ടിനകത്തെ എല്ലായിടങ്ങളും പ്രധാനം തന്നെയാണ്. അടുക്കള, വാഷ് റൂം, ടോയ്‌ലെറ്റ്, കിടപ്പുമുറി- അങ്ങനെയേത് ഇടവും ശ്രദ്ധ ചെന്നെത്തേണ്ട ഇടങ്ങളാണ്. 

എന്നാല്‍ ഇവിടെയെല്ലാം പ്രത്യേക പരിഗണന കൊടുക്കേണ്ട മറ്റൊരു ഘടകമുണ്ട്. മുറികളില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന ജനാലകളെ കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു വീടിന്റെ സ്വഭാവത്തേയും അന്തരീക്ഷത്തേയും തന്നെ നിര്‍ണ്ണയിക്കുന്നത് ജനാലകളാണെന്ന് പറയാം. 

വീട് നിര്‍മ്മിക്കുമ്പോള്‍ തന്നെ ജനാല സ്ഥാപിക്കേണ്ട ദിശകളും നമ്മള്‍ നിശ്ചയിക്കാറുണ്ട്. കൃത്യമായ വെളിച്ചവും കാറ്റും വീടിനകത്ത് എത്താനാണ് ഇത്തരത്തില്‍ ദിശ നിശ്ചയിക്കുന്നത്. വാസ്തുവിലും ജനാലയുടെ ദിശയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഇതിന്റെ ശാസ്ത്രീയവശമാണ് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്. 

അതായത്, നമ്മള്‍ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പല ശാരീരിക- മാനസിക പ്രയാസങ്ങളും വീട്ടിനകത്ത് നിന്നാണ് ഉണ്ടാകുന്നത്. ഇതിന് കാരണമാകുന്ന ഒരു ഘടകം ശരിയായ 'വെന്റിലേഷന്‍' ഇല്ലാത്തതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ വാദം ശരിവയ്ക്കുന്ന ഒരു പുതിയ പഠനവും യു.കെയില്‍ നടന്നു. 

യുകെയിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ്' (നൈസ്- Nice)  ആണ് പഠനത്തിന് പിന്നില്‍. വീട്ടിനകത്തെ ജനാലകള്‍ എപ്പോഴും തുറന്നിടുകയും ശുദ്ധവായുവും വെളിച്ചവും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ട കാര്യമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. 

അടുക്കളയില്‍ പാകം ചെയ്യുമ്പോഴും, കുളിമുറിയില്‍ കുളിക്കുമ്പോഴുമെല്ലാം 'എക്‌സ്ട്രാക്റ്റര്‍ ഫാന്‍' ഓണ്‍ ചെയ്ത് വയ്ക്കുക. അല്ലാത്ത പക്ഷം പുകയും കെട്ടിക്കിടക്കുന്ന വായുവും അസുഖങ്ങളുണ്ടാക്കും. അടുക്കളയും ടോയ്‌ലെറ്റും മാത്രമല്ല, വീടിന്റെ എല്ലാ കോണുകളിലും വെളിച്ചവും വായുവും എത്തുന്ന തരത്തില്‍ 'വെന്റിലേഷനുകള്‍' ക്രമീകരിക്കുക. അല്ലാത്ത പക്ഷം കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍- എന്നിവരില്‍ എളുപ്പത്തില്‍ അണുബാധയുണ്ടാവുകയും ഇത് പിന്നീട് ഗൗരവമുള്ള ശാരീരിക- മാനസികപ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യും- പഠനം പറയുന്നു.

ജീവിതശൈലികള്‍ വളരെ അനാരോഗ്യകരമാകുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെ, ദോഷകരമായ ഒരവസ്ഥയെ പ്രതിരോധിക്കാന്‍ ഏറ്റവും അടിസ്ഥാനമായി ചെയ്യാനുള്ളത് വീടിനെ സുരക്ഷിതവും ആരോഗ്യകരവുമാക്കുക എന്നത് തന്നെയാണ്. ഇക്കാര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിത്തന്നെ നമുക്ക് മുന്നോട്ടുപോകാം.