ഇറുകിയ വസ്ത്രങ്ങളിൽ നിന്നും, സൗകര്യപ്രദവും എന്നാൽ സ്റ്റൈലിഷുമായ ഓവർസൈസ്ഡ് ലുക്കിലേക്ക് ഫാഷൻ മാറിയ ഈ കാലഘട്ടത്തിൽ, ജിം വെയർ തിരഞ്ഞെടുക്കുമ്പോൾ പലർക്കും ആശയക്കുഴപ്പങ്ങൾ ഉണ്ടാവാറുണ്ട്…

ജിം ഇപ്പോൾ വെറും വ്യായാമത്തിന് വേണ്ടി മാത്രമുള്ള ഒരിടമല്ല. അതൊരു ഫാഷൻ കൂടിയാണ്. ഓരോ ദിവസവും കഠിനമായ വർക്കൗട്ടുകൾ ചെയ്യുമ്പോൾ, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും ഒരുപാടു പ്രാധാന്യമുണ്ട്. ഇറുകിയ വസ്ത്രങ്ങളിൽ നിന്നും, സൗകര്യപ്രദവും എന്നാൽ സ്റ്റൈലിഷുമായ ഓവർസൈസ്ഡ് ലുക്കിലേക്ക് ഫാഷൻ മാറിയ ഈ കാലഘട്ടത്തിൽ, ജിം വെയർ തിരഞ്ഞെടുക്കുമ്പോൾ പലർക്കും ആശയക്കുഴപ്പങ്ങൾ ഉണ്ടാവാറുണ്ട്. ഫിറ്റ്‌നസ് ലുക്ക് എന്നാൽ അത് ശരീരത്തിന് കംഫർട്ടും ചർമ്മത്തിന് സ്വാതന്ത്ര്യവും നൽകുന്നതായിരിക്കണം. നിങ്ങളുടെ വർക്കൗട്ട് സുഖകരമാവാനും, പരിക്കുകൾ ഒഴിവാക്കാനും കൂടാതെ, ജിമ്മിൽ പോകുമ്പോഴുള്ള മേക്കപ്പ് ടീപ്സുകളും ഇതാ.

പെർഫെക്റ്റ് ജിം വെയർ ടിപ്‌സ് : സ്റ്റൈലും കംഫർട്ടും ഒരുമിച്ച്

നിങ്ങളുടെ വർക്കൗട്ടിൻ്റെ പ്രകടനം മെച്ചപ്പെടുത്താനും പരിക്കുകൾ ഒഴിവാക്കാനും ശരിയായ ജിം വസ്ത്രങ്ങൾക്ക് സാധിക്കും. ഇനി 'ഔട്ട് ഓഫ് ഫാഷൻ' വസ്ത്രങ്ങൾ ധരിച്ച് ജിമ്മിൽ പോകേണ്ട.

1. ഫാബ്രിക്കാണ് മെയിൻ : കോട്ടൺ വേണ്ട, ടെക് എടുക്കാം

വ്യായാമം ചെയ്യുമ്പോൾ കോട്ടൺ പൂർണ്ണമായി ഒഴിവാക്കുക. കോട്ടൺ വിയർപ്പ് വലിച്ചെടുത്ത് ഭാരം കൂടുകയും ചർമ്മത്തിൽ ഉരസൽ ഉണ്ടാക്കുകയും ചെയ്യും. പോളിസ്റ്റർ, നൈലോൺ, ലൈക്ര എന്നി സിന്തറ്റിക് ഫൈബറുകൾ വിയർപ്പിനെ പെട്ടെന്ന് പുറന്തള്ളി ചർമ്മം കൂൾ ആയി നിലനിർത്തും. ഇത് അലർജികൾ ഒഴിവാക്കാൻ മികച്ചതാണ്.

2. സപ്പോർട്ട് സിസ്റ്റം: സ്‌പോർട്‌സ് ബ്രായും കംപ്രഷൻ ഗിയറും

സ്‌പോർട്‌സ് ബ്രാ : ഇത് ഒരു ഫാഷൻ മാത്രമല്ല, അത്യാവശ്യമാണ്. വ്യായാമത്തിൻ്റെ തീവ്രത അനുസരിച്ചുള്ള കൃത്യമായ സപ്പോർട്ട് നൽകുന്ന ബ്രാ തിരഞ്ഞെടുക്കുക.

കംപ്രഷൻ ലെഗ്ഗിംഗ്‌സുകൾ: ഹെവി വർക്കൗട്ടുകൾക്ക് കംപ്രഷൻ പാന്റ്‌സുകൾ ധരിക്കുന്നത് പേശികൾക്ക് അധിക പിന്തുണ നൽകാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

3. ഫിറ്റിംഗ്: ജെൻ സിയുടെ ഓവർസൈസ്ഡ് ട്രെൻഡ് എങ്ങനെ പരീക്ഷിക്കാം

ഓവർസൈസ്ഡ് ടീ-ഷർട്ടുകൾ ധരിക്കുന്നതിൽ തെറ്റില്ല, പക്ഷേ ട്രെഡ്മില്ലിലോ മറ്റു ഉപകരണങ്ങളിലോ കുടുങ്ങാത്ത രീതിയിൽ ശ്രദ്ധിക്കുക. ലെഗ്ഗിംഗ്‌സുകൾക്ക് പകരം ബാഗി ജോഗറുകളോ, വൈഡ് ലെഗ് സ്വെറ്റ് പാൻ്റ്‌സുകളോ തിരഞ്ഞെടുത്ത് ജെൻ സി സ്റ്റൈൽ പരീക്ഷിക്കാം.

4. ജിം ഷൂസ്: ഇൻവെസ്റ്റ് ചെയ്യേണ്ട ഒരുകാര്യം

ജിമ്മിലെ ഏറ്റവും പ്രധാനപ്പെട്ട ആക്സസറിയാണ് ഷൂസ്. ട്രെയിനിംഗ് ഷൂസുകൾ വെയിറ്റ് ലിഫ്റ്റിംഗിനും, റണ്ണിംഗ് ഷൂസുകൾ കാർഡിയോയ്ക്കും വേണ്ടി ഉപയോഗിക്കുക. ഇവ കാൽമുട്ടുകളിലെ ആഘാതം കുറയ്ക്കാൻ സഹായിക്കും.

വ്യായാമം ചെയ്യുമ്പോൾ മേക്കപ്പ്? വേണ്ട

ജിമ്മിൽ പോകുമ്പോൾ മുഖത്ത് മേക്കപ്പ് ഇടുന്നത് നല്ലതല്ല. കനത്ത മേക്കപ്പ് വിയർപ്പിനൊപ്പം ചേർന്ന് സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും.

1. ഫൗണ്ടേഷനെ മറന്നേക്കൂ

ഫൗണ്ടേഷൻ, ബ്ലഷ്, കട്ടിയുള്ള കൺസീലർ എന്നിവ പൂർണ്ണമായി ഒഴിവാക്കുക. ചർമ്മം വിയർക്കുമ്പോൾ അത് പുറത്തുവരുന്നത് ഈ സുഷിരങ്ങളിലൂടെയാണ്. ഇവ അടഞ്ഞാൽ ചർമ്മത്തിന് ശ്വാസമെടുക്കാൻ കഴിയില്ല.

2. അത്യാവശ്യ സൗന്ദര്യരഹസ്യങ്ങൾ

സൺസ്‌ക്രീൻ: പകൽ സമയത്താണ് വർക്കൗട്ട് എങ്കിൽ, എണ്ണമയമില്ലാത്ത, വാട്ടർപ്രൂഫ് സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കുക.

വാട്ടർപ്രൂഫ് മസ്കാര: കണ്ണുകൾക്ക് അൽപ്പം ഭംഗി വേണമെങ്കിൽ, ഒലിച്ചുപോകാത്ത വാട്ടർപ്രൂഫ് മസ്കാര മാത്രം ഉപയോഗിക്കാം. ഐലൈനർ ഒഴിവാക്കുക.

ടിൻ്റഡ് ലിപ് ബാം: ചുണ്ടുകൾക്ക് വരൾച്ച ഉണ്ടാകാതിരിക്കാൻ SPF ഉള്ള ലിപ് ബാം മതിയാകും. നേരിയ കളർ ആവശ്യമെങ്കിൽ ടിൻ്റഡ് ലിപ് ബാം ഉപയോഗിക്കുക.

3. ഫ്രഷ് ഫിനിഷ് ലുക്ക്

ജിമ്മിൽ പോകുന്നതിനു മുൻപ് മുഖം നന്നായി വൃത്തിയാക്കുക. വർക്കൗട്ടിനു ശേഷം ഉടൻ തന്നെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് സുഷിരങ്ങൾ അടയാതിരിക്കാൻ സഹായിക്കും.

വ്യായാമം എന്നത് ആരോഗ്യത്തിന് വേണ്ടിയാണ്, അല്ലാതെ സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്ക് വേണ്ടിയല്ല. നിങ്ങളുടെ ഫിറ്റ്‌നസ് യാത്രയിൽ ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക.