ലോകരാജ്യങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ അവശ്യസാധനങ്ങള്‍ക്ക് വേണ്ടി പലയിടങ്ങളിലും ജനം അടിപിടി കൂടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചെന്ന് അവശ്യസാധനങ്ങള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടിയാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങുന്നത്. ഇത് വീണ്ടും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയാണ്. 

 

 

യു.കെയില്‍ പലയിടങ്ങളില്‍ നിന്നായി കാലിയായ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ചിത്രങ്ങളും വലിയ കെട്ടുകളായി പാല്‍, പാസ്ത, ചീസ്, ടിഷ്യൂ പേപ്പര്‍ എന്നിവയെല്ലാം വാങ്ങിപ്പോകുന്ന ആളുകളുടെ ചിത്രങ്ങളും ഇന്ന് പുറത്തെത്തിയിരുന്നു. 

 

 

ആളുകള്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നതിന്റേയും പല കടകള്‍ അടച്ചിട്ട നിലയില്‍ കിടക്കുന്നതിന്റേയും ചിത്രങ്ങളും ഇന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. യുകെയില്‍ മാത്രമല്ല യുഎസ്, ഓസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളിലേയും അവസ്ഥ ഇതുതന്നെയാണെന്നാണ് സൂചന. 

 

 

ഇന്ത്യയിലും പലയിടങ്ങളിലായി സമാനമായ അവസ്ഥയുണ്ടെന്നാണ് അനൗദ്യോഗിക വിവരങ്ങളിലൂടെ മനസിലാക്കാനാകുന്നത്. കേരളത്തിലും അവശ്യസാധനങ്ങള്‍ വാങ്ങി 'സ്റ്റോക്ക്' ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്.