സങ്കടം, ദേഷ്യം, പേടി എന്നീ മൂന്ന് വികാരങ്ങൾ ഇത്രമാത്രം വ്യാപകമായി തോന്നുന്നത് എന്തുകൊണ്ടാണ്. ഇതാ ഒരു സർവേ ഫലം...

വെറുതെ ദേഷ്യം വരുന്നു, വെറുതെ സങ്കടവം വരുന്നു, വെറുതെ പേടിയാകുന്നുവെന്നെല്ലാം പറയുന്നവരെ നമ്മള്‍ കാണാറില്ലേ? അല്ലെങ്കില്‍ നമ്മള്‍ തന്നെ ഇങ്ങനെയെല്ലാം പറയാറില്ലേ?

ഇതൊന്നും 'വെറുതെ'യല്ലെന്നാണ് 'ഗാലപ്' നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. അതായത് ദേഷ്യം, സങ്കടം, ഭയം എന്നീ മൂന്ന് വികാരങ്ങളുടെ കാര്യത്തില്‍ ലോകം റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് 'ഗാലപി'ന്റെ സര്‍വേ സൂചിപ്പിക്കുന്നത്. 

2018ലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്തത് പോലെ മനുഷ്യര്‍ ദേഷ്യത്തിലും സങ്കടത്തിലും ഭയത്തിലും അകപ്പെട്ടിരിക്കുന്നുവെന്ന് സര്‍വേ കണ്ടെത്തുന്നു. 

യുദ്ധവും രാഷ്ട്രീയപ്രശ്‌നങ്ങളും മനുഷ്യത്വമില്ലായ്മയുമാണ് ഈ ദുരന്തത്തിലേക്ക് നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നതെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. സര്‍വേയ്ക്ക് വേണ്ടി 140 രാജ്യങ്ങളില്‍ നിന്നായി ഒന്നര ലക്ഷം പേരെയാണ് ഉപയോഗപ്പെടുത്തിയത്. 

ആകെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 25 ശതമാനം പേര്‍ തങ്ങള്‍ ദുഖിതരാണെന്ന് രേഖപ്പെടുത്തി. 22 ശതമാനം പേര്‍ ദേഷ്യമാണ് തങ്ങളുടെ പൊതുവികാരമെന്ന് വെളിപ്പെടുത്തി. ഇതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും 'നെഗറ്റീവ്' ആയ പത്ത് രാജ്യങ്ങളുടെ പേരും 'ഗാലപ്' പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

ചാഡ്, നൈജര്‍, സിയേറ ലിയോണ്‍, ഇറാഖ്, ഇറാന്‍, ബെനിന്‍, ലൈബീരിയ, ഗിനിയ, പാലസ്തീനിയന്‍ പ്രവിശ്യകള്‍, കോംഗോ എന്നിവയാണ് യഥാക്രമം 'ഗാലപ്' പുറത്തുവിട്ട ലോകത്തിലെ ഏറ്റവും 'നെഗറ്റീവ്' ആയ പത്ത് രാജ്യങ്ങള്‍.