ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും സൂസന്‍ ഖാനും തമ്മിലുള്ള വേര്‍പിരിയല്‍ ഒരുകാലത്ത് വലിയ ഗോസിപ്പുകള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു. 2000ത്തില്‍ വിവാഹിതരായ ഇരുവരും രണ്ട് ആണ്‍മക്കളുണ്ടായ ശേഷം 2014ലാണ് വിവാഹമോചിതരായത്.

വിവാഹമോചിതരായവര്‍ തമ്മില്‍ പിന്നീട് വലിയ ബന്ധമൊന്നും സൂക്ഷിക്കാതിരിക്കുന്നതാണ് പലപ്പോഴും നമ്മുടെ നാട്ടിലെ ഒരു രീതി. കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടിയോ മറ്റോ ഹ്രസ്വമായ കൂടിക്കാഴ്ചയകളാകാം, അതിലധികമൊരു സമ്പര്‍ക്കം വേര്‍പിരിഞ്ഞ ദമ്പതികള്‍ തമ്മിലുണ്ടാകാറില്ല.

എന്നാല്‍ ഈ പരമ്പരാഗത കാഴ്ചപ്പാടിന് വിരുദ്ധമായി പുതിയൊരു സംസ്‌കാരം കൂടി നമുക്കിടയില്‍ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി തുടരുന്ന 'എക്‌സ്' ജോഡികളുടെ കാലമാണ് ഇത്. ഈ മാറ്റത്തിന് തെളിവാണ് ഹൃത്വിക് റോഷനും സൂസന്‍ ഖാനും.

ഇപ്പോള്‍ വിദേശത്ത് അവധി ആഘോഷിക്കുകയാണ് സൂസനും ഹൃത്വിക് റോഷനും കുട്ടികളുമടങ്ങുന്ന കുടുംബം. ഹൃത്വികിന്റെ മാതാപിതാക്കളും സഹോദരിയും കസിന്‍സുമെല്ലാം ഉള്‍പ്പെടെ ഒരു സംഘം തന്നെയുണ്ട് കേൂട്ടത്തില്‍.

 

 

`ഒരു മോഡേണ്‍ ഫാമിലി' എന്ന അടിക്കുറിപ്പോടെയാണ് സൂസന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മുമ്പും ഹൃത്വിക് റോഷനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ സൂസന്‍ പങ്കുവച്ചിട്ടുണ്ട്. വേര്‍പിരിഞ്ഞെങ്കിലും അച്ഛനമ്മമാര്‍ തമ്മില്‍ ഇത്തരത്തില്‍ സൗഹൃദമെങ്കിലും കാത്തുസൂക്ഷിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെ ഫലപ്രദമായ രീതിയിലാണ് സ്വാധീനിക്കുക.

 

 

ബന്ധങ്ങള്‍ക്കകത്തെ സങ്കീര്‍ണ്ണതകള്‍ കണ്ടുപരിചയിക്കുന്നതിനൊപ്പം തന്നെ അതിലുള്ള സാധ്യതകള്‍ മനസിലാക്കാനും അവര്‍ക്കിത്തരം അനുഭവങ്ങള്‍ ഉപകരാപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വേര്‍പിരിഞ്ഞ ദമ്പതികളാണെങ്കിലും അവര്‍ക്കും തുടര്‍ന്ന് പരസ്പരം നല്ല സുഹൃത്തുക്കളാകാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് ജീവിതത്തോട് തന്നെ ശുഭകരമായ മനോനില വച്ചുപുലര്‍ത്താന്‍ സഹായിച്ചേക്കും. എന്തുകൊണ്ടും മാതൃകാപരമാണ് സൂസന്‍- ഹൃത്വിക് ബന്ധമെന്നും ഈ ചിത്രങ്ങളെല്ലാം ഏറെ സ്‌നേഹം തോന്നിപ്പിക്കുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.