കാര്യമായ മേക്കപ്പുകളൊന്നുമില്ലാതെയാണ് സ്വര ഫോട്ടോസ് പകര്‍ത്തിയിരിക്കുന്നത്. എങ്കില്‍ കൂടിയും സോഷ്യല്‍ മീഡിയയിലാകെയും ശ്രദ്ധേയമായിരിക്കുകയാണ് ഈ സെല്‍ഫികള്‍

കാഴ്ചയിലുള്ള സവിശേഷതകളെ വിചിത്രമാക്കി ചിത്രീകരിക്കുകയും അതുവച്ച് 'ബോഡി ഷെയിമിംഗ്' നടത്തുകയും ചെയ്യുന്നവര്‍ നിരവധിയാണ്. തൊലിയുടെ നിറം, ശരീരവണ്ണം, തൊലിപ്പുറത്തെ പാടുകള്‍ മറ്റ് സവിശേഷതകള്‍, പല്ല്, മുടി എന്നിങ്ങനെ ശാരീരികമായ ഏത് ഘടകത്തിലുമുള്ള പ്രത്യേകതകളെയും മോശമാക്കി ചിത്രീകരിക്കുന്നതാണ് ഈ പ്രവണത. 

തീര്‍ത്തും അനാരോഗ്യകരമായ ഈ പ്രവണതയ്ക്ക് സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഇരകളാകാറുണ്ട്. പ്രധാനമായും സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളുണ്ടാകാറുള്ളത്. ഇതിനെതിരെ നിരവധി താരങ്ങളും സ്ത്രീപക്ഷവാദികളുമെല്ലാം പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. 

വണ്ണം കൂടുന്നതോ, പല്ല് അല്‍പം പൊങ്ങിയിരിക്കുന്നതോ, മുഖക്കുരു ഉണ്ടാകുന്നതോ എല്ലാം ബോഡി ഷെയിമിംഗിനുള്ള കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ഈ സവിശേഷതകളെല്ലാം സാധാരണമാണെന്നും അതില്‍ പരിഹസിക്കാനോ മാറ്റിനിര്‍ത്താനോ ഉള്ള ഒന്നും തന്നെയില്ലെന്നും പ്രഖ്യാപിക്കുന്നതിലൂടെയാണ് ബോഡിഷെയിമിംഗിനെതിരായ പ്രതിഷേധം പ്രാവര്‍ത്തികമാകുന്നത്. 

ഇത്തരത്തില്‍ മുഖക്കുരു 'നോര്‍മല്‍' ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സെല്‍ഫികള്‍ പങ്കുവച്ചിരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍. ബോളിവുഡില്‍ ഒരു പിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സ്വര ഭാസ്‌കര്‍, സാമൂഹികമായ കാര്യങ്ങളിലും തല്‍പരയാണ്. പലപ്പോഴും ഇത്തരം വിഷയങ്ങളിലെല്ലാം തന്റെ ശക്തമായ നിലപാട് സ്വര പരസ്യപ്പെടുത്താറുണ്ട്. 

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികളായാണ് സ്വര ചിത്രങ്ങള്‍ പങ്കുവച്ചത്. മുഖക്കുരുവും 'പൊസിറ്റീവ്' ആണെന്നും മുഖത്തുണ്ടാകുന്ന കുരുക്കളോ പാടുകളോ എല്ലാം പരിശോധിക്കാന്‍ കണ്ണാടി ഉപയോഗിക്കും വിധത്തില്‍ അത്രയും സാധാരണമായി ഫോണ്‍ ക്യാമറയും ഉപയോഗിക്കാന്‍ സാധിക്കണമെന്നും അടിക്കുറിപ്പായി ചേര്‍ത്തിരുന്നു. 

കാര്യമായ മേക്കപ്പുകളൊന്നുമില്ലാതെയാണ് സ്വര ഫോട്ടോസ് പകര്‍ത്തിയിരിക്കുന്നത്. എങ്കില്‍ കൂടിയും സോഷ്യല്‍ മീഡിയയിലാകെയും ശ്രദ്ധേയമായിരിക്കുകയാണ് ഈ സെല്‍ഫികള്‍.

Also Read:- 'ഓയിലി സ്‌കിന്‍' ആണോ 'ഡ്രൈ സ്‌കിന്‍' ആണോ എന്നെങ്ങനെ തിരിച്ചറിയാം!