Asianet News MalayalamAsianet News Malayalam

കൊവിഡ് തിരിച്ചടിച്ചു, പിന്നെ സര്‍ക്കാരും; 55കാരന്‍റെ ഹൃയഭേദകമായ ആത്മഹത്യാകുറിപ്പ്

കൊവിഡ് മഹാമാരി വന്നതോടെ തനിക്ക് ചായക്കട അടയ്ക്കേണ്ടിവന്നുവെന്നും ഇത് തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും കത്തില്‍ ഇദ്ദേഹം കുറിച്ചിരിക്കുന്നു. പിന്നീട് കൊവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയപ്പോള്‍ വീണ്ടും കട തുറന്നുവെങ്കിലും ബിസിനസ് മെച്ചപ്പെട്ട് വരുന്നതിന് മുമ്പ് തന്നെ അനധികൃത കയ്യേറ്റമെന്ന് കാണിച്ച് സ്ഥലമൊഴിപ്പിച്ചു

tea seller committed suicide after covid crisis and his shop was razed
Author
First Published Jan 22, 2023, 8:10 PM IST

കൊവിഡ് 19 ന്‍റെ വരവോടുകൂടി ആരോഗ്യമേഖല മാത്രമല്ല, തൊഴില്‍ മേഖലയും സാമ്പത്തിക മേഖലയുമെല്ലാം ഏറെ ബാധിക്കപ്പെട്ടു.പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ തന്നെയാണ് ഏറെയും പ്രതിസന്ധികള്‍ നേരിട്ടത്.

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രയാസമനുഭവിച്ചതും ദാരിദ്ര്യം നേരിട്ടതും ഇന്ത്യയാണെന്നാണ് ലോക ബാങ്കിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡിന്‍റെ വരവോടെ ലോകത്താകമാനം 71 മില്യണ്‍ ജനം അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 79 ശതമാനം പേരും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 

ജനസംഖ്യ കൂടിയ രാജ്യങ്ങളാണ് ലോകത്ത് ഇക്കാലയളവിനുള്ളില്‍ ദാരിദ്ര്യം വര്‍ധിപ്പിച്ചതെന്നും ഇതില്‍ ചൈനയെ പോലും മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നതെന്നും ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു സഭവമാണിനി പങ്കുവയ്ക്കുന്നത്. മദ്ധ്യപ്രദേശിലെ ജെയ്സിനഗര്‍ സ്വദേശിയായ ഒരു അമ്പത്തിയഞ്ചുകാരനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തട്ടുകടയില്‍ ചായ വില്‍പന നടത്തിയിരുന്ന കാലു റായ് എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹം ചായക്കട നടത്തിവന്നിരുന്ന അതേ സ്ഥലത്ത് ഒരു മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രാദേശിക ഭരണനേതൃത്വത്തിന്‍റെ തീരുമാനപ്രകാരം ഇദ്ദേഹം ചായക്കട നടത്തിയിരുന്ന സ്ഥലം ഒഴിപ്പിച്ചിരുന്നു. അനധികൃത കയ്യേറ്റമെന്ന നിലയ്ക്കായിരുന്നുവത്രേ സ്ഥലം ഒഴിപ്പിച്ചെടുത്തത്. 

ഇതോടെ വരുമാനം നിലച്ചതിന് പിന്നാലെയാണ് കാലു റായ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇദ്ദേഹം ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നു. 

കൊവിഡ് മഹാമാരി വന്നതോടെ തനിക്ക് ചായക്കട അടയ്ക്കേണ്ടിവന്നുവെന്നും ഇത് തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും കത്തില്‍ ഇദ്ദേഹം കുറിച്ചിരിക്കുന്നു. പിന്നീട് കൊവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയപ്പോള്‍ വീണ്ടും കട തുറന്നുവെങ്കിലും ബിസിനസ് മെച്ചപ്പെട്ട് വരുന്നതിന് മുമ്പ് തന്നെ അനധികൃത കയ്യേറ്റമെന്ന് കാണിച്ച് സ്ഥലമൊഴിപ്പിച്ചു. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഈ ചായക്കടയാണ് തന്നെ സഹായിച്ചിരുന്നതെന്നും അത് അടച്ചതോടെ കടബാധ്യത കൂടി വന്ന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ വന്നുവെന്നും ഇദ്ദേഹം കുറിച്ചിരിക്കുന്നു. ആരും ഞാൻ പറയുന്നത് കേള്‍ക്കുന്നില്ല. 

'ഞാനെന്താണ് ചെയ്യേണ്ടത്. എനിക്ക് മുമ്പിലിനി ഒരേയൊരു പരിഹാരമേയുള്ളൂ. ആത്മഹത്യ...'- കാലു റായിയുടെ അവസാന വാക്കുകള്‍.

സംഭവം വാര്‍ത്തകളിലൂടെ വലിയ രീതിയിലാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു വ്യക്തിയുടെ പ്രതിസന്ധി അല്ലെങ്കില്‍ ഒരു വ്യക്തിക്ക് സംഭവിച്ച ദുരന്തമെന്നതില്‍ കവിഞ്ഞ് ഇദ്ദേഹത്തെ ഒരു പ്രതിനിധിയായി കണ്ട്, ദുരിതങ്ങള്‍ നേരിടുന്ന പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് സഹായമെത്തിക്കാൻ സര്‍ക്കാരുകള്‍ തന്നെ കനിയണമെന്നാണ് ഏവരും അഭ്യര്‍ത്ഥിക്കുന്നത്. 

കൊവിഡ് കാലത്ത് പല തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരും തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ പ്രതിസന്ധികളില്‍ തളരുമ്പോള്‍ ആത്മഹത്യ ഒരു പോംവഴിയായി എടുക്കാതെ സധൈര്യം പോരാടാനുള്ള മാര്‍ഗങ്ങള്‍ ചിന്തിച്ച് മുന്നേറാൻ ഏവര്‍ക്കും കഴിയണം. ഇതിനായി സ്വയം പ്രാപ്തി നേടുക. 

Also Read:- നിങ്ങള്‍ക്ക് 'സാഡ്' ഉണ്ടോ? എന്താണ് 'സാഡ്' എന്നറിയാമോ?

Follow Us:
Download App:
  • android
  • ios