Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ട്വിറ്ററിലൂടെ ഐസിയു ബെഡിനാവശ്യപ്പെട്ട അധ്യാപിക മരിച്ചു

മെയ് നാലിനാണ് ദില്ലി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി അധ്യാപികയായ നബീല സാദിഖ് ഐസിയു ബെഡിനായി ട്വീറ്റ് ചെയ്തത്. അതിന് ശേഷം ബെഡ് ലഭിച്ചുവെന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഓക്‌സിജന്‍ നില അപകടകരമായ വിധം താഴുകയും ശ്വാസകോശത്തിന്റെ അവസ്ഥ മോശമാവുകയും ചെയ്തതോടെ തിങ്കളാഴ്ച രാത്രിയോടെ മുപ്പത്തിയെട്ടുകാരിയായ നബീല മരണത്തിന് കീഴടങ്ങുകയായിരുന്നു

teacher asked for icu bed in twitter dies after lungs got damaged
Author
Delhi, First Published May 19, 2021, 7:42 PM IST

കൊവിഡ് 19 രണ്ടാം തരംഗം വന്നതോടെ രാജ്യത്തെ ആരോഗ്യമേഖല കനത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ ഇടമില്ലാതായി, ഓക്‌സിജന്‍ നില താഴ്ന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി, ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ദൗര്‍ലഭ്യം മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നവരുമുണ്ട്. 

പലരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായങ്ങളഭ്യര്‍ത്ഥിച്ചിരുന്നു. ചിലര്‍ക്കെങ്കിലും സമയത്തിന് സഹായമെത്തുകയും ചെയ്തു. അത്തരത്തില്‍ ട്വിറ്ററിലൂടെ ഐസിയു കിടക്ക ലഭിക്കുമോ എന്നന്വേഷിച്ച അധ്യാപിക മരിച്ചതായ വാര്‍ത്തയാണ് ദില്ലിയില്‍ നിന്ന് വരുന്നത്. 

മെയ് നാലിനാണ് ദില്ലി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി അധ്യാപികയായ നബീല സാദിഖ് ഐസിയു ബെഡിനായി ട്വീറ്റ് ചെയ്തത്. അതിന് ശേഷം ബെഡ് ലഭിച്ചുവെന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഓക്‌സിജന്‍ നില അപകടകരമായ വിധം താഴുകയും ശ്വാസകോശത്തിന്റെ അവസ്ഥ മോശമാവുകയും ചെയ്തതോടെ തിങ്കളാഴ്ച രാത്രിയോടെ മുപ്പത്തിയെട്ടുകാരിയായ നബീല മരണത്തിന് കീഴടങ്ങുകയായിരുന്നു. 

 

 

ഇതിന് പത്ത് ദിവസം മുമ്പ് നബീലയുടെ മാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാലീ വിവരം നബീലയെ അറിയിച്ചിരുന്നില്ല. ട്വിറ്ററിലൂടെ ഓരോ ദിവസവും നബീല പ്രിയപ്പെട്ടവരുമായി സംവദിച്ചിരുന്നു. കൊവിഡ് കാലത്ത് നഷ്ടപ്പെട്ട സുഹൃത്തുക്കളെ കുറിച്ചും, ഈ ആഘാതങ്ങളുണ്ടാക്കുന്ന മാനസിക പിരിമുറുക്കത്തെ കുറിച്ചുമെല്ലാം കുറിച്ച നബീല ഒടുവില്‍ കൊവിഡ് ബാധിതയായപ്പോള്‍ രോഗവിവരങ്ങളും ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 

ഭാര്യയും മകളും പത്ത് ദിവസത്തിന്റെ ഇടവേളയില്‍ നഷ്ടമായതിന്റെ വേദനയിലാണ് നബീലയുടെ പിതാവും ജാമിയയിലെ മുന്‍ പ്രൊഫസറുമായ മുഹമ്മദ് സാദിഖ്. ഭാര്യ പോയപ്പോള്‍ മകളുണ്ടല്ലോ എന്നോര്‍ത്താണ് ആശ്വസിക്കാന്‍ ശ്രമിച്ചതെന്നും ഇപ്പോള്‍ എല്ലാം ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

Also Read:- കൊവിഡ് 19; കുട്ടികളെ കൂടുതലായി ബാധിക്കുന്ന സിംഗപ്പൂര്‍ വൈറസിനെ ചൊല്ലി ജാഗ്രത...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios