ഇത്തവണത്തെ അധ്യാപക ദിനത്തില്‍ നിങ്ങളുടെ അധ്യാപകര്‍ക്ക് എന്ത് സമ്മാനം നല്‍കും എന്ന് ആലോചിക്കുവാണോ?  സ്വന്തം കൈകൾ കൊണ്ട് നിര്‍മ്മിച്ച എന്തെങ്കിലും സമ്മാനം നല്‍കിയാലോ...അത്തരം ക്രിയേറ്റീവ് സമ്മാനങ്ങളുടെ വില വലുതല്ലേ? 

നമ്മുടെയൊക്കെ ജീവിതത്തില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. എല്ലാ അധ്യാപക ദിനത്തിലും, നാം നമ്മുടെ ജീവിതത്തിലെ അധ്യാപകരുടെ പ്രാധാന്യം ആഘോഷിക്കാറുണ്ട്. സെപ്റ്റംബർ 5നാണ് നാം അധ്യാപക ദിനം ആചരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലേയ്ക്ക് ജ്ഞാനത്തിന്റെ വെളിച്ചം പരത്തുന്ന അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിയാണ് ഓരോ വിദ്യാർത്ഥിയും അധ്യാപക ദിനം ആഘോഷിക്കുന്നത്.

ഇത്തവണത്തെ അധ്യാപക ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് എന്ത് സമ്മാനം നല്‍കും എന്ന് ആലോചിക്കുവാണോ? സാധാരണ അധ്യാപക ദിനത്തില്‍ ചോക്ലേറ്റും പൂക്കളുമൊക്കെ ആണ് പലരും അധ്യാപകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ സ്വന്തം കൈകൾ കൊണ്ട് നിര്‍മ്മിച്ച എന്തെങ്കിലും സമ്മാനം നല്‍കിയാലോ...അത്തരം ക്രിയേറ്റീവ് സമ്മാനങ്ങളുടെ വില വലുതല്ലേ? 

അധ്യാപക ദിനത്തില്‍ തങ്ങളുടെ സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ വളരെ സൃഷ്ടിപരമായ സമ്മാനങ്ങള്‍ നല്‍കി നോക്കൂ, അധ്യാപകര്‍ക്ക് അത് ഏറെ സന്തോഷം നല്‍കും. ഒപ്പം നിങ്ങളുടെ കഴിവിനും ഇത്രയും സമയം ചിലവിട്ടതിനും നിങ്ങളുടെ പ്രിയ അധ്യാപകനില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് പ്രശംസ ലഭിക്കുകയും ചെയ്യും. 

ചില ക്രിയേറ്റീവ് സമ്മാനങ്ങളെ പരിചയപ്പെടാം...

ഒന്ന്...

കടലാസ് കൊണ്ട് ആശംസാകാര്‍ഡ് ഉണ്ടാക്കാം. നിങ്ങളുടെ കൈകള്‍ കൊണ്ട് മനോഹരമായ ഒരു കാര്‍ഡ് ഉണ്ടാക്കി പ്രിയപ്പെട്ട അധ്യാപകനോ അധ്യാപികയ്ക്കോ നല്‍കാം. കാര്‍ഡില്‍ നിറങ്ങളും അക്ഷരങ്ങളും കൊണ്ട് നിറയ്ക്കാം. കാര്‍ഡില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അധ്യാപകനോട് പറയാനുള്ളത് എഴുതാം. അധ്യാപകന്‍ നിങ്ങള്‍ക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് തുറന്നുപറയാം. അധ്യാപകനോടുള്ള ബഹുമാനവും സ്നേഹവും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാം. 

രണ്ട്...

വിവിധ നിറത്തിലുള്ള കടലാസ് കൊണ്ട് മനോഹരമായ പൂക്കള്‍ നിങ്ങളുടെ കൈകള്‍ കൊണ്ട് ഉണ്ടാക്കി നല്‍കാം. നിങ്ങളുടെ കലാവിരുത് തെളിയിക്കാന്‍ മാത്രം അല്ല, അധ്യാപകരോട് നിങ്ങള്‍ക്കുള്ള സ്നേഹവും കരുതലും തെളിയിക്കാനും ഇത് സഹായിക്കും.

മൂന്ന്...

അലങ്കാര വസ്തുക്കൾ ഉപയോഗിച്ചോ അല്ലെങ്കില്‍‌ വീടുകളില്‍ ലഭിക്കുന്ന മറ്റ് വസ്തുക്കൾ ഉപയോഗിച്ചോ പല രൂപങ്ങളും ക്രിയേറ്റീവായി ഉണ്ടാക്കാം. അത് നല്‍കുന്നതും നിങ്ങളുടെ അധ്യാപകര്‍ക്ക് സന്തോഷമാകും. നിങ്ങളുടെ കലാവിരുതിനെ അധ്യാപകര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

നാല്... 

നിങ്ങളുടെ എംബ്രോയിഡറി വര്‍ക്കുകള്‍ സമ്മാനമായി നല്‍കാം. പൂക്കളോ മറ്റുമൊക്കെ എംബ്രോയിഡറി ചെയ്ത തൂവാല അധ്യാപകര്‍ക്ക് സമ്മാനിക്കാം. 

അഞ്ച്...

ക്യാന്‍വാസില്‍ വരച്ച നിങ്ങളുടെ മനോഹരമായ പെയിന്‍റിങ്ങുകള്‍ ഈ അധ്യാപക ദിനത്തില്‍ നിങ്ങളുടെ അധ്യാപകനോ അധ്യാപികയ്ക്കോ സമ്മാനിക്കാം. അത് അവര്‍ സൂക്ഷിച്ചുവയ്ക്കുമെന്ന് ഉറപ്പാണ്. 

Also Read: 'ഓണസദ്യ' കമ്മലിലും കൂടിയായലോ? വൈറലായി ലൗമിയുടെ കലാവിരുത് !