നല്ല ജോലി, കുടുംബത്തിലും സമൂഹത്തിലും ഒരു നിലയും വിലയും, മോശമല്ലാത്ത സാമ്പത്തിക സാഹചര്യം, സൗന്ദര്യം... ഇങ്ങനെ നൂറ് ഗുണങ്ങളുണ്ടായിട്ടും കാര്യമില്ല. മുന്‍കോപം എന്നൊരൊറ്റ മോശം സ്വഭാവത്തിനുടമയാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് കരുതണം. 

കൂടെയുള്ളവര്‍ പോലും നിങ്ങളുടെ അസാന്നിധ്യത്തില്‍ ഈ ഒരൊറ്റ കുറ്റത്തിന്റെ പേരില്‍, നിങ്ങളെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ സാധ്യതകളുണ്ട്. അത്രയും എളുപ്പത്തില്‍ ആളുകളില്‍ വെറുപ്പുണ്ടാകാന്‍ ഇടയുള്ള സ്വഭാവമാണ് മുന്‍കോപം.

എന്നാല്‍ മുന്‍കോപത്തെ പിടിച്ചുകെട്ടാനും ചില മുന്‍കരുതലുകള്‍ കൊണ്ടാകും. അത്തരത്തിലുള്ള പത്ത് മാര്‍ഗങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇതില്‍ പലതും, പലപ്പോഴായി നമ്മള്‍ കേട്ടുകഴിഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാകാം. എങ്കിലും ഒന്നുകൂടി, കേള്‍ക്കുകയും ക്ഷമയോടെ പരീക്ഷിച്ച് നോക്കുകയും ആകാം. 

ഒന്ന്...

പെട്ടെന്നുണ്ടാകുന്ന പിരിമുറുക്കമാണ് പലപ്പോഴും ദേഷ്യത്തിലേക്കെത്താറ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോടാണോ ദേഷ്യം തോന്നുന്നത്, അയാളൊഴികെ മറ്റാരോടെങ്കിലും അല്‍പം സംസാരിക്കാം.

അപ്പോള്‍ ദേഷ്യം ഒന്നാറി വരും. ഉള്ളിലുള്ളത് പ്രകടിപ്പിച്ച് കഴിയുമ്പോള്‍ മനസും തണുക്കും.

രണ്ട്...

ദേഷ്യം വരുമ്പോള്‍ പൊതുവേ എല്ലാവരും ചെയ്യാന്‍ പറയുന്ന കാര്യമാണ്- പത്ത് മുതല്‍ പിറകിലേക്ക് എണ്ണുക. അല്ലെങ്കില്‍ നൂറ് മുതല്‍ പിറകിലേക്ക് എണ്ണുക. കേട്ടുകേട്ട് മടുത്തതാണെങ്കിലും ഇതില്‍ അല്‍പം കഴമ്പുണ്ട് എന്ന് തന്നെയാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

മൂന്ന്...

ദേഷ്യം വരുന്ന ഉടനെ തന്നെ, പെട്ടെന്ന് മനസിനെ തരിച്ചെടുത്ത്- 'എനിക്കെന്തിന് ദേഷ്യം വന്നു' എന്നൊന്ന് വസ്തുതാപരമായി ചിന്തിക്കാന്‍ ശ്രമിക്കുക. ഒരുപക്ഷേ ഈ ചിന്ത അപ്പോഴുണ്ടായ ദേഷ്യത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലെന്ന് തിരിച്ചറിയാന്‍ നമ്മെ സഹായിച്ചേക്കാം. 

നാല്...

ദേഷ്യം വരുമ്പോള്‍- എവിടെയാണോ നില്‍ക്കുന്നത് അവിടെ നിന്ന് മാറാനോ, വെളിച്ചം ഉണ്ടെങ്കില്‍ അത് അണയ്ക്കാനോ നോക്കാം.

ഇവ രണ്ടും ഒരുപക്ഷേ വളരെ മോശമായ ഒരു സാഹചര്യത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തിയേക്കാം. 

അഞ്ച്...

വികാരവിക്ഷോഭം വന്നയുടന്‍ തന്നെ അത് മനുഷ്യരോട് പ്രകടിക്കുന്നതിന് പകരം ഒരു പേപ്പറും പേനയുമെടുത്ത് എന്തെങ്കിലും കുത്തിക്കുറിക്കാന്‍ ശ്രമിക്കാം. അല്ല, കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ആണ് സൗകര്യമെങ്കില്‍ അതിലും എഴുതാവുന്നതാണ്. ഇത് മികച്ചൊരു മാര്‍ഗമാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

ആറ്...

യോഗ ചെയ്യുന്നവരില്‍ പൊതുവേ മുന്‍കോപം കാണാറില്ല. കാരണം യോഗ, അത് ഏത് തരത്തിലുള്ളതാണെങ്കിലും പെട്ടെന്നുള്ള വികാരവിക്ഷോഭത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ ദേഷ്യം ഇരച്ചുവരുന്ന സമയത്ത്, സ്വയം സംയമനം ആര്‍ജ്ജിച്ച് അല്‍പനേരം കണ്ണടച്ച്, മൗനമായി ധ്യാനത്തിലെന്ന പോലെ ഇരിക്കാന്‍ ശ്രമിക്കാം. 

ഏഴ്...

എന്തിനാണോ ദേഷ്യം വന്നത്, അതെപ്പറ്റി ചിന്തിക്കുന്ന കാര്യം പറഞ്ഞുവല്ലോ. അതുപോലെ അതെപ്പറ്റി മനസില്‍ കാഴ്ചകള്‍ സങ്കല്‍പിക്കാം. ഞാന്‍ ഈ വിഷയത്തിന് പുറത്താണ് ദേഷ്യപ്പെടുന്നത്. എന്താണ് ഈ വിഷയം, ആരാണ് എനിക്ക് മുന്നിലുള്ളത്. ഉള്‍ക്കണ്ണിലെ കാഴ്ച പോലെ ഒരു പരിശീലനം. 

എട്ട്...

വീണ്ടും വീണ്ടും ചിന്തിക്കാന്‍ മനസിനെ പര്യാപ്തപ്പെടുത്തുക. ഈ ചിന്തിക്കുന്ന സമയം മതി, അപ്പോള്‍ വന്ന ദേഷ്യം ആറിത്തണുക്കാന്‍.

ഓരോ നിമിഷവും നമ്മുടെ മനസ് സഞ്ചരിക്കുന്നുണ്ട്. ദേഷ്യം വരുമ്പോഴും അത് ആദ്യനിമിഷത്തിലുള്ളത് പോലെയല്ല, പിന്നീട്. അപ്പോള്‍ത്തന്നെ നിയന്ത്രിച്ചുതുടങ്ങിയാല്‍ ഓരോ നിമിഷവും അത് കുറഞ്ഞുവന്നോളും. നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന കാര്യവും മറക്കരുതേ.

ഒമ്പത്...

പെട്ടെന്നുണ്ടാകുന്ന മുന്‍കോപത്തെ നിയന്ത്രിക്കാന്‍ കഴിയണമെങ്കില്‍ നമ്മള്‍ ഇടപെടുന്ന ആളുകളോടും അവരുടെ ചെറിയ തെറ്റുകുറ്റങ്ങളോടും ക്ഷമിക്കാനുള്ള മനസുകൂടി നമുക്കുണ്ടായിരിക്കണം. അത്, വളരെ പ്രധാനം തന്നെയാണ്. 

പത്ത്...

മുകളില്‍ പറഞ്ഞിരിക്കുന്ന ഏത് മാര്‍ഗവും പരീക്ഷിച്ച്, വിജയിക്കണം എന്നുണ്ടെങ്കില്‍ മനസിന് മുകളില്‍ ചെറിയ തോതിലെങ്കിലും ഒരു നിയന്ത്രണം ചെലുത്താനാകണം. ഇതിനായി, തന്റെ മോശം സ്വഭാവത്തെ മറ്റാരെക്കാളും ഭംഗിയായി തിരിച്ചറിയുകയും, അതിനെ എത്തരത്തിലെല്ലാം പിടിച്ചുകെട്ടാമെന്ന് കാര്യക്ഷമമായി ചിന്തിക്കുകയും വേണം. ഇങ്ങനെ ശുഭകരമായ ഒരു മനോഭാവമുണ്ടെങ്കില്‍ മാത്രമേ അക്കാര്യം നടക്കൂവെന്നും എപ്പോഴും ഓര്‍മ്മയിലുണ്ടാവുക.