Asianet News MalayalamAsianet News Malayalam

ആരോഗ്യകരമായ ജീവിതത്തിന് ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മുടെ പ്രിയപ്പെട്ടവർക്കായി ഒരിത്തിരി സമയം നൽകുന്നത് വഴി നമുക്കും അവരിലും വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ടിവിയുടെ മുന്നിലോ മുറിക്കുളിലോ ഒറ്റപ്പെടുന്നത് അവരെ കേൾക്കാൻ ആളില്ലാത്തത് കൊണ്ടാണ്.

ten lifestyle tips to keep your health good
Author
First Published Oct 6, 2022, 7:45 PM IST

ആരോഗ്യകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ നിത്യജീവിതത്തില്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ കൃത്യമായും പാലിക്കാനായാല്‍ ഒരുപാട് അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും ഒഴിവാക്കി സന്തോഷകരമായ ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സമീകൃതാഹാരം: നമ്മുടെ ഒരു ദിനം ആരംഭിക്കുന്നത് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടാണ്. അത് ഒരിക്കലും ഒഴിവാക്കാൻ പാടില്ല. ദിവസം മുഴുവൻ ഊർജം തരാൻ അത് നമ്മെ സഹായിക്കുന്നു. കൃത്യമായ ഇടവേളകളിൽ (6 മണിക്കൂർ ഇടവിട്ട് ) മൂന്ന് പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുക. ഇലക്കറികൾ, ചെറിയ മത്സ്യങ്ങൾ, മുട്ട, ഇറച്ചി, നട്ട്സ്, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. ജങ്ക് ഫുഡ്‌ പൂർണമായും ഒഴിവാക്കുക. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളും ഹോട്ടൽ ഭക്ഷണവും കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കാം.   

രണ്ട്...

വെള്ളം : രണ്ട് ലിറ്റർ വെള്ളമെങ്കിലും മുതിര്‍ന്ന ഒരു വ്യക്തി ദിവസവും കുടിക്കണം. ചർമ്മത്തിന്‍റെ വരൾച്ച തടയാനും മൂത്രസംബന്ധിയായ രോഗങ്ങളൊഴിവാക്കാനും ഇത് സഹായിക്കും. ആകെ ആരോഗ്യത്തിനും വിവിധ രീതിയില്‍ ശരീരത്തില്‍ ആവശ്യമായ ജലാംശം നിര്‍ബന്ധമാക്കേണ്ടതുണ്ട്. 

മൂന്ന്...

വ്യായാമം : ദിവസത്തില്‍ മുപ്പത് മിനുറ്റെങ്കിലും നിത്യേന വ്യായാമം ചെയ്യുക. നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവയെല്ലാം ചെയ്യാവുന്നതാണ്. അമിതഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വ്യായാമം ഉത്തമം ആണ്. 

നാല്...

ദുശീലങ്ങൾ വേണ്ട : പുകവലി, മദ്യപാനം, മറ്റ് ലഹരി ഉപയോഗങ്ങൾ പൂർണമായി ഒഴിവാക്കുക. കുടുംബത്തിനും സമൂഹത്തിനും വരെ ഉപദ്രവമാകുന്ന ഇത്തരം ദുശീലങ്ങൾ ആണ് ഹൃദയരോഗങ്ങളിലെയും കരൾ രോഗങ്ങളിലെയും പ്രധാന വില്ലൻ.   

അഞ്ച്...

സ്ക്രീൻ ടൈം കുറയ്ക്കാം: ടിവി, മൊബൈൽ ഫോണ്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുക. പകരം ചെസ്സ് പോലെയുള്ള കളികൾ പരിശീലിക്കുക. ഇത് ഏകാഗ്രത വർധിക്കാൻ സഹായിക്കും.

ആറ്...

വായനാശീലം: ഒരറിവും ചെറുതല്ല. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. ചിത്രം വരയ്ക്കാനോ നൃത്തം ചെയ്യാനോ അറിയുന്നവർ അത് പിന്തുടരുക. ഇതൊന്നും അറിയില്ലെങ്കിൽ വീട്ടിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയാലും മതി. മാനസിക സമ്മർദ്ദം ഒഴിവാക്കാനും നവോന്മേഷം പകരാനും ഇതിലൂടെ കഴിയും. കുട്ടികളെ പത്രം വായിക്കാനും ഡയറി എഴുതാനും പ്രോത്സാഹിപ്പിക്കുക. ലോകത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ ഇവ ഉതകും.

ഏഴ്...

വ്യക്തിശുചിത്വം :ദിവസവും കുളിക്കുകയും ബ്രഷ് ചെയ്യുന്നത് വഴിയും ചർമരോഗങ്ങളെയും ദന്ത രോഗങ്ങളെയും തടയാം. അതിനാല്‍ വ്യക്തിശുചിത്വം പാലിക്കുക. 

എട്ട്...

പരിസരശുചിത്വം : വ്യക്തിശുചിത്വത്തിന് ഒപ്പം തന്നെ പരിസര ശുചിത്വവും ഉറപ്പാക്കുക. വീടിന്‍റെ അകവും പുറവും ഒരുപോലെ വൃത്തിയാക്കുക. കൊതുകുജന്യ രോഗങ്ങളെ ഇതുമൂലം തടയാം. അതിന് കുട്ടികളുടെ സഹായവും തേടാം. കൂട്ടുത്തരവാദിത്തത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രേരിപ്പിക്കാം.   

ഒമ്പത്...

സമയം : നമ്മുടെ പ്രിയപ്പെട്ടവർക്കായി ഒരിത്തിരി സമയം നൽകുന്നത് വഴി നമുക്കും അവരിലും വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ടിവിയുടെ മുന്നിലോ മുറിക്കുളിലോ ഒറ്റപ്പെടുന്നത് അവരെ കേൾക്കാൻ ആളില്ലാത്തത് കൊണ്ടാണ്. ഒഴിവുദിനങ്ങളിൽ ചെറിയ യാത്രകൾ പോകാം.  

പത്ത്...

ഉറക്കം : മുതിർന്നവർ 7- 8 മണിക്കൂർ ദിവസവും എങ്കിലും ഉറങ്ങണം. കുട്ടികൾക്ക് കൂടുതൽ ഉറക്കം ആവശ്യമാണ്. ഉറങ്ങുന്നതിന്  രണ്ട് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.

ലേഖനം തയ്യാറാക്കിയത് : ഡോ. റെയിസ. പി
ഡോ. ബേസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം

 

Also Read:- പുകവലിയും നടുവേദനയും തമ്മിൽ ബന്ധം? അറിയേണ്ട ചിലത്...

Follow Us:
Download App:
  • android
  • ios