Asianet News MalayalamAsianet News Malayalam

ക്ലാസ് സമയത്ത് കളിച്ചതിന് ടീച്ചറുടെ ശിക്ഷ; പത്ത് വയസുകാരന് ദാരുണാന്ത്യം

എന്താണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ഇതുവരെ അറിവായിട്ടില്ല. എങ്കിലും കുട്ടികള്‍ക്ക് ഇങ്ങനെയൊരു ശിക്ഷ നല്‍കിയ അധ്യാപികയ്ക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. 

ten year old boy died after teachers punishment to do sit ups
Author
First Published Nov 22, 2023, 8:56 PM IST

പെടുന്നനെ കുഴഞ്ഞുവീണ് മരണം സംഭവിക്കുന്ന കേസുകള്‍ നാം പലപ്പോഴായി കേള്‍ക്കാറുണ്ട്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നത് ഏറെ ദുഖമുണ്ടാക്കുന്നതാണ്. പൊതുവില്‍ കുട്ടികളില്‍ ഇത്തരത്തില്‍ കുഴഞ്ഞുവീണുള്ള മരണം അപൂര്‍വമാണെങ്കില്‍ പോലും അവരിലും ഈ അപകടസാധ്യത നിലനില്‍ക്കുന്നത് തന്നെയാണ്. ഇത് തെളിയിക്കുന്നൊരു വാര്‍ത്തയാണിന്ന് ഒഡീഷയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സ്കൂളില്‍ അധ്യാപിക നല്‍കിയ ശിക്ഷയെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടി മരിച്ചുവെന്നതാണ് വാര്‍ത്ത. പത്ത് വയസ് മാത്രമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഒഡീഷയിലെ ജയ്പൂരിലാണ് സംഭവം. 

രുദ്ര നാരായണ്‍ സേതി എന്ന പത്തുവയസുകാരൻ ആണ് മരിച്ചത്. ക്ലാസ് നടക്കുന്ന സമയത്ത് രുദ്ര നാരായണ്‍ സേതിയും മറ്റ് നാല് കുട്ടികളും കളിക്കുകയായിരുന്നുവത്രേ. ഇത് കണ്ട ടീച്ചര്‍ ശിക്ഷയായി ഇവരോട് തുടരെ സിറ്റ്-അപ് ചെയ്യാൻ നിര്‍ദേശിക്കുകയായിരുന്നു. 

സിറ്റ്- അപ് ചെയ്യുന്നതിനിടെ രുദ്ര കുഴഞ്ഞുവീണു. ഉടൻ തന്നെ കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയും കുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയില്‍ നിന്ന് കുട്ടിയെ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്ക് കാത്തുനില്‍ക്കാതെ വൈകാതെ തന്നെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

എന്നാല്‍ എന്താണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ഇതുവരെ അറിവായിട്ടില്ല. എങ്കിലും കുട്ടികള്‍ക്ക് ഇങ്ങനെയൊരു ശിക്ഷ നല്‍കിയ അധ്യാപികയ്ക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. 

കുട്ടികളെ ഈ രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാ കുട്ടികളുടെയും ആരോഗ്യസ്ഥിതി ഒരുപോലെ ആയിരിക്കില്ലെന്നും, കുട്ടികളുടെ അസുഖങ്ങളോ അവരുടെ ആരോഗ്യകാര്യങ്ങളോ അറിയാതെ ഇത്തരം ഇടപെടലുകള്‍ അധ്യാപകര്‍ നടത്തരുത് എന്നുമെല്ലാം വിമര്‍ശനമുയരുന്നുണ്ട്. 

കുട്ടികള്‍ക്കിടയില്‍ ഇങ്ങനെ കുഴഞ്ഞുവീണ് മരണം സംഭവിക്കുന്നത് ഭൂരിഭാഗം കേസുകളിലും ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങളോ, ഹൃദയസംബന്ധമായ പ്രശ്നങ്ങളോ തന്നെയാണ് വില്ലനായി വരാറ്. 

പ്രത്യേകിച്ച് കായികാധ്വാനങ്ങളിലേര്‍പ്പെടുമ്പോഴാണ് ഇത് അപ്രതീക്ഷിതമായി തിരിച്ചടിയായി വരിക. അതിനാല്‍ തന്നെ നിര്‍ബന്ധിതമായി കുട്ടികളടക്കം മറ്റൊരു വ്യക്തിയെ കൊണ്ട് വ്യായാമം ചെയ്യിക്കുന്നതും കായികാധ്വാനങ്ങളിലേര്‍പ്പെടീക്കുന്നതും മറ്റും ഏറെ 'റിസ്ക്' ഉള്ള കാര്യമാണ്. ജിമ്മിലെ വര്‍ക്കൗട്ടിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്നെല്ലാം വാര്‍ത്തകള്‍ വരാറില്ലേ? ഇങ്ങനെയുള്ള കേസുകളിലും അധികവും മറഞ്ഞിരിക്കുന്ന ഹൃദ്രോഹങ്ങള്‍ തന്നെയാണ് വില്ലനായി വരാറ്. 

Also Read:- ഹാര്‍ട്ട് ഫെയിലിയര്‍ വരാതെ നോക്കാം; ഇതിന് ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios