കൊവിഡ് 19 വ്യാപനത്തിനെതിരെ സര്‍ക്കാരുകള്‍ക്കൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് രാജ്യത്തെ മിക്ക തൊഴില്‍ മേഖലകളും. വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സാഹചര്യമൊരുക്കിക്കൊടുത്തും, ദിവസവേതനക്കാരായ തൊഴിലാളികളെ ചേര്‍ത്തുപിടിച്ചുമെല്ലാം ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായമെത്തിക്കുന്നവര്‍ നിരവധിയാണ്.

ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാജ്യത്തെ ഏറ്റവും വലിയ വസ്ത്രനിര്‍മ്മാണ മേഖലയായ തിരുപ്പൂരും കടക്കുന്നത്. ഏറെ നാള്‍ പ്രവര്‍ത്തിക്കാതെ അടച്ചിട്ട ഫാക്ടറികള്‍ ഇപ്പോള്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ ഉപാധികളുടെ നിര്‍മ്മാണത്തില്‍ സജീവമായിരിക്കുകയാണ്. 

പ്രത്യേക അനുമതിയോടെ നൂറോളം കമ്പനികളാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പല കമ്പനികളും എത്തിയിരിക്കുന്നു. 

50,000 മാസ്‌ക് വരെ പ്രതിദിനം തുന്നിയെടുക്കുന്ന കമ്പനികളുണ്ട് ഇക്കൂട്ടത്തില്‍. ഉന്നത നിലവാരമുള്ള മാസ്‌കുകളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്. ഇതിനൊപ്പം തന്നെ 'പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്' (പിപിഇ) കിറ്റിലേക്കാവശ്യമായ വസ്ത്രങ്ങളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. 

ആദ്യഘട്ടത്തില്‍ ഇവിടെ നിര്‍മ്മിച്ച മാസ്‌കുകള്‍ യുകെ, ഇറ്റലി പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നുവെന്ന് കമ്പനികളുടെ ഉടമസ്ഥര്‍ പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനകത്ത് വിതരണം ചെയ്യാനുള്ള മാസ്‌കുകളാണ് തങ്ങള്‍ തയ്യാറാക്കുന്നതെന്നും ഇവര്‍ പറയുന്നു. 

മാസ്‌കും മറ്റ് വസ്ത്രങ്ങളും തയ്യാറാക്കുന്നതിന് ആവശ്യമായ തുണിയും നൂലും മറ്റ് സാമഗ്രികളും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി മാത്രമേ ഇപ്പോഴിവര്‍ക്കുള്ളൂ. വലിയ നഷ്ടത്തിലാണ് തിരുപ്പൂരിലെ മിക്ക കമ്പനികളുമുള്ളത്. കൊവിഡ് 19 ഉണ്ടാക്കുന്ന പ്രതിസന്ധി കഴിയുമ്പോള്‍ ഈ നഷ്ടത്തിന്റെ ആഴം വര്‍ധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എങ്കില്‍പ്പോലും ഇപ്പോള്‍ കര്‍മ്മനിരതരായിരിക്കുക എന്നത് മാത്രമേ ഇവര്‍ ചിന്തിക്കുന്നുള്ളൂ.