ചിലർ ചെറിയ കാര്യങ്ങൾക്കുപോലും കരയാറുണ്ട്. മറ്റു ചിലരാകട്ടെ എത്ര വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയാലും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കില്ല. കരയുന്നത് ബലഹീനതയുടെ അടയാളമായാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഒന്ന് കരഞ്ഞാൽ ഉള്ളിലെ വിഷമങ്ങൾക്ക് കുറച്ചെങ്കിലും അറുതിയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. 

കരയുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ഇപ്പോള്‍ വിദഗ്ധരും പറയുന്നത്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കരയുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.

സങ്കടമോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ മാത്രമല്ല കരയേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്. കരച്ചിൽ സന്തോഷത്തിന്‍റെയും ആത്മ നിർവൃതിയുടെയും സ്വാഭാവിക പ്രതികരണമായിട്ടാണ് വിലയിരുത്തുന്നത്. ഹൃദയം തുറന്ന് പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ മറികടക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.

കരയുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കണ്ണുകളെ വൃത്തിയാക്കാന്‍ കരയുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂന്ന് തരം കണ്ണുനീരാണ് ഉള്ളത്- 'റിഫ്ലക്സ് ടിയേഴ്സ്', 'കണ്ടിന്യുവസ് ടിയേഴ്സ്', 'ഇമോഷണൽ ടിയേഴ്സ്'. കണ്ണിലടിഞ്ഞിരിക്കുന്ന പൊടി, പുക എന്നിവയെ തുടച്ചു നീക്കുന്നതിന് റിഫ്ലക്സ് ടിയേഴ്സ് സഹായിക്കുന്നു. 98 ശതമാനവും വെള്ളമടങ്ങിയതാണ് കണ്ടിന്യുവസ് ടിയേഴ്സ്. ഇത് കണ്ണിന് ലൂബ്രിക്കേറ്റിംഗ് നൽകി അണുബാധയിൽ നിന്ന് തടയുന്നു. മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് ഇമോഷണൽ ടിയേഴ്സ് സഹായിക്കും. 

രണ്ട്...

ദീർഘനേരം കരയുന്നതിന്‍റെ ഫലമായി ശരീരത്തില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. തന്മൂലം ഈ  രാസവസ്തുക്കൾ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കും. 

മൂന്ന്...

കരച്ചിൽ മനസ്സിന്റെ സമനിലയെ പുന:സ്ഥാപിക്കാൻ സഹായിക്കുമെന്നാണ് യേൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തില്‍ പറയുന്നത്. വളരെയധികം സന്തോഷം തോന്നുമ്പോഴോ ഭയപ്പെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുമെന്നും പഠനം പറയുന്നു.  

നാല്...

കരയുന്നത് സ്ട്രെസ് ഉണ്ടാക്കുന്ന ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

അഞ്ച്...

മാതാപിതാക്കൾ കുഞ്ഞിനെ അൽപനേരം കരയാൻ അനുവദിക്കുന്നത് കാണാറില്ലേ?  കരച്ചിൽ കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് കുഞ്ഞിനെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും 2015ലെ ഒരു പഠനം പറയുന്നു. 

ആറ്...

കരച്ചിൽ കണ്ണിലെ ബാക്ടീരിയ മൂലമുള്ള അണുബാധയെ ഇല്ലാതാക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

Also Read: എപ്പോഴും ചിരിക്കുന്നവരെ കളിയാക്കേണ്ട; ചിരി കൊണ്ടും ഗുണമുണ്ട്...