തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും മറന്നുപോകുന്നത് ആനന്ദം കണ്ടെത്താനാണ്.  ജീവിതത്തിലെ തിരക്കുകള്‍ കാരണം മാനസികസമ്മര്‍ദ്ദവും വിഷാദവും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. 

തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും മറന്നുപോകുന്നത് ആനന്ദം കണ്ടെത്താനാണ്. ജീവിതത്തിലെ തിരക്കുകള്‍ കാരണം മാനസികസമ്മര്‍ദ്ദവും വിഷാദവും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ അനുദിനം ജീവിതത്തിൽ സന്തോഷം കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്. ഇവിടെയിതാ, ടെൻഷനൊക്കെ ഒഴിവാക്കി, ജീവിതത്തിൽ സന്തോഷം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികള്‍ നോക്കാം. 

ഒന്ന്...

ചിലര്‍ക്ക് എപ്പോഴും പല തരത്തിലുളള ടെന്‍ഷനുകള്‍ ആയിരിക്കും. എപ്പോഴും മനസ്സ് അസ്വസ്ഥമായികൊണ്ടിരിക്കും. അത്തരക്കാര്‍ക്ക് പറ്റിയതാണ് ധ്യാനം.
ദിവസവും ധ്യാനം ചെയ്യുന്നതുവഴി, മാനസികസമ്മര്‍ദ്ദം കുറയ്‌ക്കാനും ഏകാഗ്രത വര്‍ദ്ദിപ്പിക്കാനും സാധിക്കും. ധ്യാനം ശീലമാക്കുന്നതുവഴി തലച്ചോറിന് കൂടുതൽ ഉന്മേഷം ലഭിക്കുകയും ചെയ്യും. അതിനാല്‍ ദിവസവും ധ്യാനം ചെയ്യാന്‍ ശ്രമിക്കുക, ജീവിതത്തില്‍ സന്തോഷം വരും.

രണ്ട്...

യാത്രകള്‍ എന്നും മനസ്സിന് സന്തോഷം നല്‍കുന്നതാണ്. ജോലിത്തിരക്കുകള്‍ക്ക് അവധി നല്‍കി ഇടയ്‌ക്ക് യാത്രകള്‍ പോകാന്‍ ശ്രമിക്കുക. മാനസിക ഉല്ലാസം കൂടുതല്‍ ലഭിക്കുന്ന സ്ഥലം യാത്രകള്‍ക്കായി തെരഞ്ഞെടുക്കാന്‍ പ്രത്യേകം നോക്കണം.

മൂന്ന്...

ജോലിത്തിരക്കുകള്‍ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ പലപ്പോഴും സാധിക്കാറില്ല. ഈ സ്ഥിതിവിശേഷം മാറ്റിയെടുക്കാൻ ശ്രമിക്കുക. കൂടുതൽ സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിഞ്ഞാൽ ജീവിതത്തിൽ സന്തോഷം വര്‍ദ്ധിക്കും.

നാല്...

മനസിന് ഇഷ്‌ടമുള്ള ജോലി തെരഞ്ഞെടുക്കുക. ജോലി ഏറെ സന്തോഷത്തോടെ ചെയ്തു തീര്‍ക്കാൻ ശ്രമിക്കുക. ജോലിയിൽ ആനന്ദം കണ്ടെത്തിയാൽ തൊഴിൽസ്ഥലത്തെ സമ്മര്‍ദ്ദം അനായാസം മറികടക്കാൻ സാധിക്കും.

അഞ്ച്...

വ്യായാമം വളരെ പ്രധാനമാണ്. രാവിലെ പത്തു മിനിറ്റ് ഒന്ന് നടന്നു നോക്കൂ. അത് നല്‍കുന്ന ഊര്‍ജം വലുതാണ്‌. അൽപനേരം വ്യായാമം ചെയ്യാനായി മാറ്റിവെയ്ക്കുക. ദിവസവും കുറഞ്ഞത് ഏഴു മിനിട്ടെങ്കിലും വ്യായാമം ചെയ്യുക. ഇത് ശാരീരികവും മാനസികവുമായ കരുത്തും ഉന്മേഷവും നൽകും.

ആറ്...

കായിക വ്യായാമം മാത്രമല്ല, ദിവസവും രാവിലെ ചിരി വ്യായാമം കൂടി ചെയ്യുക. തുടര്‍ച്ചയായി പൊട്ടിച്ചിരിച്ചുകൊണ്ട് പത്ത് മിനിട്ടോളം ഇത് തുടരണം. തൊഴിൽ സ്ഥലത്തും വ്യക്തിജീവിതത്തിലും ചിരിക്കാൻ കൂടുതൽ ശ്രമിക്കുക. തമാശകള്‍ ആസ്വദിക്കുക.

ഏഴ്...

പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും കുറഞ്ഞത് ഏഴു മണിക്കൂര്‍ എങ്കിലും ഉറങ്ങുക. ഉറക്കക്കുറവ് മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കും.

എട്ട്...

 മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാൻ ശ്രദ്ധിക്കുക. ജീവിതത്തിൽ ബുദ്ധിമുട്ടും അവശതയും അനുഭവിക്കുന്നവരെ സഹായിക്കാൻ കഴിഞ്ഞാൽ, അത് നൽകുന്ന മാനസിക സന്തോഷം ചെറുതായിരിക്കില്ല.

ഒന്‍പത്...

മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെയാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.