വാഷിംഗ്ടണ്‍: അഞ്ചു വയസ്സുകാരന്‍ വ്യാട്ട് ഹാസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല തന്റെ സഹപാഠികളും രക്ഷിതാക്കളും ചേര്‍ന്ന് ഇത്തരമൊരു യാത്രയയപ്പ് നല്‍കുമെന്ന്. വ്യാട്ട് ഏറെ നാളായി ആ​ഗ്രഹിച്ചിരുന്ന കാര്യമാണ് അവർ സാധിച്ച് കൊടുത്തത്. സാങ്കല്പിക കഥാപാത്രമായ 'യൂണികോണ്‍' വേഷമിട്ട് കുതിരയുടെ പുറത്തിരുന്ന് യാത്ര ചെയ്യണമെന്നുള്ളത് വ്യാട്ടിന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു.

കേക്കുകളും ജ്യുസുകളും ഉള്‍പ്പെട്ട വിരുന്ന് ഒരുക്കിയാണ് സഹപാഠികൾ വ്യാട്ടിനെ അമ്പരപ്പിച്ചത്.ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വ്യാട്ട് ടെന്നസിയിലെ മെംഫീസ് സെന്റ് ജൂഡ്‌സ് ചില്‍ഡ്രണ്‍സ് റിസേര്‍ച്ച് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി കഴിഞ്ഞയാഴ്ചയാണ് വ്യാട്ട്  താത്ക്കാലികമായി പഠനം അവസാനിപ്പിച്ചത്.

 കിന്റര്‍ഗാര്‍ഡനിലെ സഹപാഠികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് വ്യാട്ടിന് അവിസ്മരണീയമായ യാത്രയയപ്പ് നൽകുകയും ചെയ്തു. വ്യാട്ടിന് ബ്രയിൻ ട്യൂമറാണെന്ന കാര്യം കഴിഞ്ഞ മാസമാണ് സ്ഥിരീകരിച്ചത്. വ്യാട്ടിനൊപ്പം പഠിക്കുന്ന മകനില്‍ നിന്നും വിവരം അറിഞ്ഞ ജെന്നിഫര്‍ നീല്‍സണ്‍ ആണ് വിരുന്നിന് തുടക്കമിട്ടത്.  ശസ്ത്രക്രിയയ്ക്കു മുന്‍പ് ഒരു പാര്‍ട്ടി ഒരുക്കണമെന്ന് തോന്നി.

അവന്റെ ഉള്ളിലെ ആ​ഗ്രഹം ഏറെ നാളായി അറിയാമായിരുന്നു. ആ ആ​ഗ്രഹം സാധിച്ചു കൊടുക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് രക്ഷിതാക്കള്‍ക്കും സന്ദേശമയച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കേക്കുകളും ഫ്രൂട്ട് ജ്യൂസുകളും അടക്കം പാര്‍ട്ടിക്കുള്ള സാധനങ്ങള്‍ തയ്യാറാക്കുകയായിരുന്നുവെന്ന് ജെന്നിഫര്‍ പറഞ്ഞു.

തന്റെ ഫാമിലെ ഒരു കുതിരക്കുട്ടിയേയും നീല്‍സണ്‍ കൊണ്ടുവന്നിരുന്നു. നിറങ്ങളില്‍ കുളിച്ച ആ വെള്ളക്കുതിരയുടെ നെറ്റിയില്‍ ഒരു കൊമ്പ് വച്ചുപിടിപ്പിച്ചു. വ്യാട്ടിന്റെ ഇഷ്ട കഥാപാത്രമായ യൂണികോണ്‍ (കുതിരയ്ക്ക് സമാനമായതും ഒറ്റകൊമ്പുള്ളതുമായ മൃഗം) പോലെയായിരുന്നു കുതിരക്കുട്ടിയെ അലങ്കരിച്ചത്. 

ഡിസംബര്‍ ഏഴിനായിരുന്ന പാർട്ടി സംഘടിപ്പിച്ചത്. സുഹൃത്തുക്കൾ വ്യാട്ടിന് യൂണികോണ്‍ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ നൽകുകയും ചെയ്തു. ആശുപത്രി മുറിയില്‍ ഈ കളിപ്പാട്ടങ്ങള്‍ക്ക് നടുവില്‍ ഉറങ്ങുന്ന വ്യാട്ടിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. റെയില്‍വേ കമ്പനിയില്‍ മെക്കാനിക് ആയ സാക്രി ഹാസിന്റെയും കൊറിസ്സ ഹാസിന്റെയും മൂന്നു മക്കളില്‍ മൂത്തവനാണ് വ്യാട്ട്.

പിതാവിന്റെ  ഒറ്റ ശമ്പളത്തിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. അത് കൊണ്ട് തന്നെ  വ്യാട്ടിന്റെ ഭീമമായ ചികിത്സ ചെലവും അവർക്ക് താങ്ങാനാവുന്നില്ല.ഗോഫണ്ട്മീ അക്കൗണ്ടുവഴി 8000 ഡോളറിന്റെ ചികിത്സാ ചെലവ് കണ്ടെത്താന്‍ കഴിയുമെന്നാണ് വ്യാട്ടിന്റെ കുടുബം പ്രതീക്ഷിക്കുന്നത്.