കടലിലുണ്ടായ ശക്തമായ കാറ്റിനെത്തുടര്‍ന്ന് ആയിരക്കണക്കന് 'പെനിസ് ഫിഷ്' കരയ്ക്കടിഞ്ഞിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഡ്രെയ്ക്‌സ് ബീച്ചില്‍. സാധാരണഗതിയില്‍ കടലിന്റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് പെനിസ് ഫിഷുകള്‍ കഴിയുന്നത്. 

പല പേരിലറിയപ്പെടുന്ന 'പെനിസ് ഫിഷ്' അവയുടെ ആകൃതിയുടെ പേരിലാണ് സര്‍വസാധാരണമായി ഈ പേരിലറിയപ്പെടുന്നത്. ഈ സവിശേഷമായ ഘടന തന്നെയാണ് ഇവയെ മറ്റ് കടല്‍ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. 

പത്ത് മുതല്‍ മുപ്പത് സെന്റിമീറ്റര്‍ വരെയാണ് സാധാരണഗതിയില്‍ ഇവയുടെ നീളം. മണ്ണിനോട് ചേര്‍ന്ന് കിടന്നാണ് ഇരപിടുത്തവും ജീവിതവുമെല്ലാം. ഒരിനം വിരയായിട്ടാണ് സത്യത്തില്‍ ഇവയെ കണക്കാക്കുന്നത്. 

എന്നാല്‍ ചിലയിടങ്ങളിലെങ്കിലും ഇവ ഭക്ഷണത്തിന് ഉപയോഗിക്കപ്പെടാറുണ്ട്. ഇലാസ്റ്റിക് പരുവത്തിലുള്ള ഇറച്ചിയാണ് ഇവയുടേത്. അല്‍പം ഉപ്പും മധുരവും കലര്‍ന്ന രുചിയാണ്. സോസേജിന്റെ ഘടനയായതിനാല്‍ പല റെസ്റ്റോറന്റുകളിലും അങ്ങനെ തന്നെ ഗ്രില്‍ ചെയ്ത് ഇത് വിളമ്പാറുമുണ്ട്. 

മുമ്പും അപൂര്‍വ്വമായി പലയിടങ്ങളിലും 'പെനിസ് ഫിഷ്' കൂട്ടത്തോടെ കരയ്ക്കടിഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം കടലിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളുടെ ഭാഗമായാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ സംഭവിച്ചിരിക്കുന്നതും മറ്റൊന്നല്ലെന്ന് ബയോളജിസ്റ്റായ ഇവാന്‍ പര്‍ പറയുന്നു.