Asianet News MalayalamAsianet News Malayalam

3-Eyed Calf : മൂന്ന് കണ്ണുള്ള പശുക്കിടാവ്; ദൈവത്തിന്റെ അവതാരമാണെന്ന് നാട്ടുകാര്‍

എച്ച്എഫ് ജേഴ്‌സി ഇനത്തില്‍ പെടുന്ന പെണ്‍ പശുവാണിത്. നേരത്തെ തന്റെ വീട്ടില്‍ ഇതേ ഇനത്തില്‍ പെടുന്ന കിടാങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം സാധാരണ കിടാങ്ങളെ പോലെ തന്നെ ആയിരുന്നുവെന്നും ഹേമന്ദ് പറയുന്നു

three eyed calf born to a farmers cow in chhattisgarh
Author
Chhattisgarh, First Published Jan 17, 2022, 8:57 PM IST

ജനിതകമായ ചില തകരാറുകള്‍ ( Genetic Factors ) മൂലമോ, ഭ്രൂണാവസ്ഥയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ മൂലമോ എല്ലാം മൃഗങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ശാരീരികമായ സവിശേഷതകള്‍ ഉണ്ടാകാറുണ്ട്. അതായത്, അവയവങ്ങളില്‍ വ്യത്യാസം, സ്ഥാനമാറ്റം എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം ( Disabled Body ) ഇത്തരത്തില്‍ പരിഗണിക്കാവുന്നതാണ്.

ഇങ്ങനെയുള്ള പ്രത്യേകതകള്‍ കാണുന്ന പക്ഷം, അവ ദൈവത്തിന്റെ അവതാരമാണ്, ദൈവത്തിന്റെ ദാനമാണ് തുടങ്ങിയ പ്രചാരണങ്ങള്‍ പലപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാലിത് എത്രമാത്രം അശാസ്ത്രീയമായ വാദവും വിശ്വാസവുമാണ് എന്നുള്ളത് ശ്രദ്ധിക്കണം. 

ആധുനിക സമൂഹത്തിന് ചേരാത്തവണ്ണം ഇത്തരം വാദങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉയരുന്നുണ്ട് എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ നിന്ന് പുറത്തുവന്നൊരു വാര്‍ത്ത. ഛത്തീസ്ഗഡിലെ രാജ്‌നന്ദഗാവില്‍ മൂന്ന് കണ്ണുകളും, മൂക്കിന് നാല് തുളകളുമായി ഒരു പശുക്കിടാവ് ജനിച്ചു. 

ഭ്രൂമാവസ്ഥയില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ മൂലമാണ് ഇങ്ങനെയുണ്ടായതെന്ന് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ നാട്ടുകാര്‍, ഇത് ദൈവത്തിന്റെ അവതാരമാണെന്ന് പ്രഖ്യാപിച്ച് തൊഴുന്നതിനും, ദര്‍ശനം നടത്തുന്നതിനും തിക്കും തിരക്കും കൂട്ടുകയാണിവിടെ. 

ഹേമന്ദ് ചന്ദേല്‍ എന്ന കര്‍ഷകന്റെ വീട്ടില്‍ 13നാണ് സവിശേഷതകളോട് കൂടിയ പശുക്കിടാവ് ജനിച്ചത്. നെറ്റിയിലായി മൂന്നാമതൊരു കണ്ണും, മൂക്കിന് നാല് തുളകളുമെല്ലാം കണ്ടതോടെ ഇത് ദൈവാവതരമാണെന്ന പ്രചാരണം ശക്തിപ്പെടുകയായിരുന്നുവെന്ന് ഹേമന്ദ് ചന്ദേല്‍ പറയുന്നു. തുടര്‍ന്ന് ഗ്രാമീണരെല്ലം ഇതിനെ കാണാനും അനുഗ്രഹം വാങ്ങാനുമെല്ലാം തിക്കും തിരക്കും കൂട്ടിത്തുടങ്ങി. 

എച്ച്എഫ് ജേഴ്‌സി ഇനത്തില്‍ പെടുന്ന പെണ്‍ പശുവാണിത്. നേരത്തെ തന്റെ വീട്ടില്‍ ഇതേ ഇനത്തില്‍ പെടുന്ന കിടാങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം സാധാരണ കിടാങ്ങളെ പോലെ തന്നെ ആയിരുന്നുവെന്നും ഹേമന്ദ് പറയുന്നു. 

'ഇത് അത്യത്ഭുതമോ, ദൈവത്തിന്റെ മായയോ ഒന്നുമല്ല. തികച്ചും ബയോളജിക്കലായ സവിശേഷതയാണ്. എന്നുമാത്രമല്ല, ഇത്തരത്തില്‍ ജനിക്കുന്ന മൃഗങ്ങള്‍ക്ക് പൊതുവേ ആരോഗ്യം കുറവും ജീവന് പോലും ഭീഷണി നേരിടുന്നവയും ആയിരിക്കും. ഈ കേസില്‍ പക്ഷേ ഇതുവരെ പശുക്കിടാവ് ആരോഗ്യത്തോടെയാണിരിക്കുന്നത്. ഏതായാലും ശാരീരികമായ സവിശേഷതകളുടെ പേരില്‍ ഇതിനെ പൂജിക്കുകയും മറ്റും ചെയ്യുന്നത് ശുദ്ധ അസംബന്ധമെന്നേ പറയാനാകൂ...'- പശുവിനെ പരിശോധനിച്ച ഡോക്ടര്‍ കമലേഷ് ചൗധരി പറയുന്നു.

 

 

Also Read:- മൂന്ന് ലിംഗങ്ങളുമായി പിറന്നുവീണ് ഒരു അത്ഭുത ശിശു; മൂക്കത്ത് വിരൽ വച്ച് ഡോക്ടർമാർ

Follow Us:
Download App:
  • android
  • ios