വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടുകയാണ് നമ്മളില്‍ പലരും. ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. അമിതവണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളാണ് - ഭക്ഷണം, വെള്ളം, വ്യായാമം. 

ഭക്ഷണകാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. കൊഴുപ്പ് കുറഞ്ഞ എന്നാല്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം പഞ്ചസാരയുടെയും ജങ്ക് ഫുഡിന്‍റെയും ഉപയോഗം കുറയ്ക്കാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. മറ്റൊന്ന് രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കരുത്. അത് വണ്ണം കൂട്ടുക മാത്രമല്ല, രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.

രണ്ടാമതായി വെള്ളം ധാരാളമായി കുടിക്കാം. ഇത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുമൂലം വണ്ണം വയ്ക്കുന്നത് തടയാം.

എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ് മറ്റൊന്ന്. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുക. ഇത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, കൊളസ്ട്രോളിനെ തടയാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Also Read: അന്ന് 78 കിലോ, ഇന്ന് 52; പുത്തന്‍ മേക്കോവറുമായി നടി ജിസ്മ ജിജി...