Asianet News MalayalamAsianet News Malayalam

'ആകര്‍ഷണം തോന്നിയവരോട് സംസാരിച്ച് തുടങ്ങുമ്പോഴും അതിന് ശേഷവും'; രസകരമായ മീം

ഡേറ്റിംഗിനെ കുറിച്ച് തന്നെയാണ്  'ടിന്‍ററി'ന്‍റെ ട്വീറ്റും. ഒരു വ്യക്തിയോട് താല്‍പര്യം തോന്നിയാല്‍ ആ വ്യക്തിയോട് സംസാരിക്കാൻ ആണല്ലോ, ഏവരും ആദ്യം ശ്രമിക്കുക. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ഇങ്ങനെ സംസാരത്തിലേക്ക് കടക്കുമ്പോള്‍ നിരാശയായിരിക്കും ഫലം.

tinder shares hilarious meme about relationship
Author
First Published Sep 26, 2022, 9:02 PM IST

ഡേറ്റിംഗ് എന്ന സമ്പ്രദായത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. പ്രണയബന്ധത്തിലേക്ക് കടക്കും മുമ്പ് വ്യക്തികള്‍ പരസ്പരം അറിയുന്നതിനും മനസിലാക്കുന്നതിനുമായി സമയം ചെലവിടുന്നതിനെയാണ് ലളിതമായി ഡേറ്റിംഗ് എന്ന് പറയുന്നത്. ഡേറ്റിംഗ് യഥാര്‍ത്ഥത്തില്‍ പ്രണയബന്ധങ്ങളിലെ പരാജയം ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന ആരോഗ്യകരമായൊരു രീതിയായിട്ടാണ് ഇന്ന് ചെറുപ്പക്കാര്‍ കണക്കാക്കുന്നത്. 

ഡേറ്റിംഗിനോടുള്ള യുവാക്കളുടെ താല്‍പര്യത്തെ അടിസ്ഥാനപ്പെടുത്തി ഇന്ന് പല ഡേറ്റിംഗ് ആപ്പുകളും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അത്തരത്തില്‍ പേരുകേട്ട ആപ്പാണ് 'ടിന്‍റര്‍'. 

 'ടിന്‍റര്‍' തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചൊരു രസകരമായ മീമിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മീംസ് എന്താണെന്ന് ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം അറിയാവുന്നതാണ്. ഹാസ്യത്തിലൂടെ കാര്യങ്ങള്‍ ഹ്രസ്വമായി സംവേദനം ചെയ്യുന്ന ചിത്രീകരണങ്ങളോ ഗ്രാഫിക്സുകളോ എല്ലാമാണ് മീംസ്. 

ഡേറ്റിംഗിനെ കുറിച്ച് തന്നെയാണ്  'ടിന്‍ററി'ന്‍റെ ട്വീറ്റും. ഒരു വ്യക്തിയോട് താല്‍പര്യം തോന്നിയാല്‍ ആ വ്യക്തിയോട് സംസാരിക്കാൻ ആണല്ലോ, ഏവരും ആദ്യം ശ്രമിക്കുക. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ഇങ്ങനെ സംസാരത്തിലേക്ക് കടക്കുമ്പോള്‍ നിരാശയായിരിക്കും ഫലം. ഇതിനെ സൂചിപ്പിക്കുന്ന മീം ആണിത്.

രണ്ട് ചിത്രങ്ങളാണ് ഇതിലുള്ളത്. ആദ്യത്തേതില്‍ ഒരു ഐസ്ക്രീം ബോക്സിന്‍റെ പുറംഭാഗമാണ്. ഇത് കണ്ടുകഴിഞ്ഞാല്‍ അകത്ത് ഐസ്ക്രീം ആണെന്നാണ് ആരും ആദ്യം ചിന്തിക്കുക. എന്നാലിത് തുറക്കുമ്പോള്‍ കാണുന്നതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. പച്ചമുളകും ഇഞ്ചിയും ഒക്കെയാണിതില്‍ കാണുന്നത്. നമ്മുടെ വീടുകളില്‍ ഇത്തരത്തില്‍ ഐസ്ക്രീം ബോക്സിലും മറ്റും പച്ചക്കറികള്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. അതുതന്നെ ഇതും സംഗതി.

ഈ രണ്ട് ചിത്രങ്ങളെയും നമുക്ക് ആകര്‍ഷണം തോന്നിയ ആളോട് സംസാരിക്കുന്നതുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ആദ്യത്തെ ചിത്രം അയാള്‍ സംസാരിച്ച് തുടങ്ങുന്നതുമായും രണ്ടാമത്തെ ചിത്രം അയാള്‍ അയാളുടെ മുൻകാമുകിയെയോ മുൻകാമുകനെയോ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നതുമായും ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

വലിയ രീതിയിലാണ് ഈ മീം നിലവില്‍ പങ്കുവയ്ക്കപ്പെടുന്നത്. പലരും ഇത് ശരിയാണെന്ന് ഉറപ്പിക്കുന്നു. ചിലരാകട്ടെ ഇതിനെ വിവാഹവുമായാണ് ബന്ധപ്പെടുത്തുന്നത്. വിവാഹത്തിന് മുമ്പും ശേഷവും എന്ന രീതിയില്‍. ചിലരാകട്ടെ ബന്ധുക്കള്‍ വീട്ടില്‍ വരുന്നതും പിന്നീട് അവര്‍ തങ്ങളുടെ കരിയറിനെ കുറിച്ച് ചോദിക്കുന്നതും എന്ന രീതിയിലും മീമിനെ മാറ്റിയിരിക്കുന്നു. എന്തായാലും ചെറുപ്പക്കാര്‍ക്കിടയില്‍ തംരഗമായിരിക്കുകയാണ് ഈ 'സിമ്പിള്‍' റിലേഷൻഷിപ്പ് മീം.

 

Also Read:- ഒരു പ്രണയബന്ധം എങ്ങനെ പരാജയപ്പെടാം? ഇതാ മൂന്ന് കാരണങ്ങൾ

Follow Us:
Download App:
  • android
  • ios