വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. എത്ര വൃത്തിയാക്കിയാലും ചിലർക്ക് വീട് വൃത്തിയായില്ലെന്ന തോന്നൽ ഉണ്ടാകാറുണ്ട്. ജനലുകൾ, വാതിൽ, സോഫ സെറ്റി പോലുള്ള ഇടങ്ങളിൽ പൊടിയും അഴുക്കും പറ്റിപിടിച്ചിരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളുണ്ടാക്കാറുണ്ട്. പൊടി അലർജിയുള്ളവർ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

പൊടിനിയന്ത്രണം വീടിന്റെ ആരോഗ്യത്തിൽ ഏറെ പ്രധാനമാണ്. റോഡിന്റെ അരികിലാണ് വീട് എങ്കിൽ കൂടുതൽ കരുതൽ വേണം. കാരണം എത്ര തവണ അടച്ചിട്ടാലും പൊടി സൂക്ഷ്മമായതിനാൽ തുടരെ അടിഞ്ഞു കൂടും. അഞ്ചു മൈക്രോണിനു താഴെയുളള പൊടി നേരിട്ട് ശ്വാസകോശത്തിലെത്തും. സിലിക്കോൺ ഡസ്റ്റ് പോലുളള പൊടിയടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളായ ആസ്മ, ബ്രോങ്കൈറ്റിസ്, സി ഒ പി ഡി എന്നിവയിലേക്കു നയിക്കാം. 

വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്...

ഒന്ന്...

ബെഡ്ഷീറ്റ് മുഷിഞ്ഞിട്ടില്ലെങ്കിൽ ആഴ്ചയിൽ ഒന്നു മാറ്റി വിരിക്കണം. എന്നാൽ അഞ്ചു വയസ്സിൽ താഴെ പ്രായമുളള കുട്ടികളുടെ ബെഡ്ഷീറ്റ് രണ്ടു ദിവസത്തിലൊരിക്കൽ മാറ്റാം. കോട്ടൻ ബെഡ്ഷീറ്റുകളാണ് ആരോഗ്യകരം. കഴിയുന്നതും നേർത്ത കോട്ടൻ പുതപ്പുകൾ ഉപയോഗിക്കുക. 

അതിൽ പൊടി തങ്ങുന്നതു കുറവായിരിക്കും. കട്ടിയുളള ബ്ലാങ്കറ്റുകളിലും കമ്പിളി പുതപ്പിലും പൊടി ഏറെ തങ്ങി നിൽക്കും. അവ രണ്ടാഴ്ചയിലൊരിക്കൽ ഡ്രൈവാഷ് ചെയ്യുന്നതു നന്നായിരിക്കും. മാസത്തിലൊരിക്കൽ മെത്ത കുറേ മണിക്കൂറുകൾ സൂര്യപ്രകാശത്തിലിട്ട് ഉണക്കാം. നല്ല സൂര്യപ്രകാശത്തിൽ അണുക്കൾ നശിച്ചു കൊളളും. 

രണ്ട്...

ആദ്യം പുസ്തകങ്ങള്‍ തരം തിരിച്ച് അടുക്കി വയ്ക്കുക. പുസ്തകങ്ങള്‍ ഷെല്‍ഫില്‍ നിന്ന് താഴെയിറക്കുമ്പോള്‍ തന്നെ അവ തരംതിരിച്ച് കൃത്യമായി വയ്ക്കുക. ഓരോ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളെടുത്ത് അതില്‍ പുസ്തകങ്ങളുടെ വിഷയങ്ങള്‍ എഴുതി ഒട്ടിക്കുക. 

മൂന്ന്...

താക്കോല്‍ വയ്ക്കാന്‍ വാതിലില്‍ തന്നെ കൊളുത്ത് പിടിപ്പിക്കാം. നാണയത്തുട്ടുകള്‍ ഇട്ടുവയ്ക്കാന്‍ കബോര്‍ഡില്‍ ഒരു ബൗള്‍ വയ്ക്കൂ. പേനകള്‍ പെന്‍ ഹോള്‍ഡറില്‍ മാത്രമിടുക. തല്‍ക്കാലത്തേക്ക് ഡ്രോയറില്‍ ഇടുന്നവയെല്ലാം ആ ദിവസം തന്നെ അതിന്റേതായ സ്ഥാനത്തേക്കു മാറ്റണം. ഡ്രോയറിനുള്ളില്‍ വയ്ക്കുന്ന വസ്തുക്കള്‍ വലിച്ചുവാരി ഇടാതെ ഓരോ പെട്ടിയിലാക്കി വയ്ക്കാം. 

നാല്...

തുണി അലമാര അടുക്കുന്നതിന് മുമ്പ് മുറിയില്‍ വലിച്ചുവാരിയിട്ടിരിക്കുന്ന തുണിയുടെ കൂടെ മുഷിഞ്ഞ വസ്ത്രങ്ങളൊന്നുമില്ലെന്നു ഉറപ്പാക്കണം. അല്ലെങ്കില്‍ ഈ തുണികളും അറിയാതെ എടുത്ത് നല്ല വസ്ത്രങ്ങളുടെ ഒപ്പം വയ്ക്കും. ആദ്യത്തെ ഒരു മണിക്കൂര്‍ വസ്ത്രങ്ങളെ തരംതിരിച്ചു മാറ്റി അലമാരയില്‍ സ്ഥാനം പിടിക്കേണ്ടവയെ കണ്ടെത്താം. ഇതിനായി അഞ്ചു കവറുകളോ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളോ നിരത്തി വയ്ക്കുക.