മാനസികസമ്മര്‍ദ്ദം, വിഷാദം, ഉത്‌കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിവരികയാണ്. 


ജീവിതത്തിലെ തിരക്കുകള്‍ കാരണം മാനസികസമ്മര്‍ദ്ദവും വിഷാദവും വര്‍ദ്ധിച്ചിവരുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ അനുദിനം ജീവിതത്തിൽ സന്തോഷം കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്. മാനസികസമ്മര്‍ദ്ദം, വിഷാദം, ഉത്‌കണ്ഠ എന്നിങ്ങനെയുള്ള മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഇവിടെയിതാ, ടെൻഷനൊക്കെ ഒഴിവാക്കി, ജീവിതത്തിൽ സന്തോഷം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന, ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട 8 വഴികളാണ് പറയുന്നത്.

1. ധ്യാനം

ദിവസവും ധ്യാനം ചെയ്യുന്നതുവഴി മാനസികസമ്മര്‍ദ്ദം കുറയ്‌ക്കാനും ഏകാഗ്രത വര്‍ദ്ദിപ്പിക്കാനും സാധിക്കും. ധ്യാനം ശീലമാക്കുന്നതുവഴി തലച്ചോറിന് കൂടുതൽ ഉന്മേഷം ലഭിക്കുകയും ചെയ്യും

2. യാത്ര

ജോലിത്തിരക്കുകള്‍ക്ക് അവധി നൽകി ഇടയ്‌ക്ക് യാത്രകള്‍ പ്ലാൻ ചെയ്യുക. മാനസിക ഉല്ലാസം കൂടുതൽ ലഭിക്കുന്ന സ്ഥലം യാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

3. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതൽ സമയം

ജോലിത്തിരക്കുകള്‍ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ പലപ്പോഴും സാധിക്കാറില്ല. ഈ സ്ഥിതിവിശേഷം മാറ്റിയെടുക്കാൻ ശ്രമിക്കുക. കൂടുതൽ സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിഞ്ഞാൽ ജീവിതത്തിൽ സന്തോഷം വര്‍ദ്ധിക്കും.

4. ജോലിയിൽ ആനന്ദം കണ്ടെത്തുക

മനസിന് ഇഷ്‌ടമുള്ള ജോലി തെരഞ്ഞെടുക്കുക. ജോലി ഏറെ സന്തോഷത്തോടെ ചെയ്തു തീര്‍ക്കാൻ ശ്രമിക്കുക. ജോലിയിൽ ആനന്ദം കണ്ടെത്തിയാൽ തൊഴിൽസ്ഥലത്തെ സമ്മര്‍ദ്ദം അനായാസം മറികടക്കാൻ സാധിക്കും.

5. ചിരി

ദിവസവും രാവിലെ ചിരി വ്യായാമം ചെയ്യുക. തുടര്‍ച്ചയായി പൊട്ടിച്ചിരിച്ചുകൊണ്ട് പത്തു മിനിട്ടോളം ഇത് തുടരണം. തൊഴിൽ സ്ഥലത്തും വ്യക്തിജീവിതത്തിലും ചിരിക്കാൻ കൂടുതൽ ശ്രമിക്കുക. തമാശകള്‍ ആസ്വദിക്കുക.

6. ഉറക്കം

പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും കുറഞ്ഞത് ഏഴു മണിക്കൂര്‍ എങ്കിലും ഉറങ്ങുക. ഉറക്കക്കുറവ് മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കും.

7. മറ്റുള്ളവരെ സഹായിക്കുക

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാൻ ശ്രദ്ധിക്കുക. ജീവിതത്തിൽ ബുദ്ധിമുട്ടും അവശതയും അനുഭവിക്കുന്നവരെ സഹായിക്കാൻ കഴിഞ്ഞാൽ അത് നൽകുന്ന മാനസിക സന്തോഷം ചെറുതായിരിക്കില്ല.

8. വ്യായാമം

ദിവസവും കുറഞ്ഞത് പത്ത് മിനിട്ടെങ്കിലും വ്യായാമം ചെയ്യുക. ഇത് ശാരീരികവും മാനസികവുമായ കരുത്തും ഉന്മേഷവും നൽകും.