Asianet News MalayalamAsianet News Malayalam

തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഈ തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്.

Tips To Fasten Weight Loss
Author
First Published Jan 5, 2023, 11:13 AM IST

അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായാണ് മിക്കപ്പോഴും അമിതവണ്ണം ഉണ്ടാകുന്നത്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഈ തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്.

വണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഒരു വ്യായാമവുമില്ലാതെ അമിതവണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. ദിവസവും വീടിനുള്ളില്‍ എങ്കിലും നടക്കാന്‍ ശ്രമിക്കുക. കുറഞ്ഞത് അര മണിക്കൂറെങ്കിലും ദിവസവും ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സാധിക്കും.

രണ്ട്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും. ഇതിനായി മുട്ടയുടെ വെള്ള, ചീര, മഷ്റൂം, പനീർ, സോയ തുടങ്ങിയ ഭക്ഷണങ്ങളില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാം. ഒപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം. 

നാല്...

പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ജങ്ക് ഫുഡും പ്രൊസസ്ഡ് ഭക്ഷണങ്ങളും  ഒഴിവാക്കാം. 

അഞ്ച്...

നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു. അതിനാല്‍ ഭക്ഷണത്തില്‍ ഇഞ്ചി, കറുവപ്പട്ട, ഉലുവ, വെളുത്തുള്ളി, ഏലയ്ക്ക, ജീരകം, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യജ്ഞള്‍ ഉള്‍പ്പെടുത്തുക. 

ആറ്...

വെള്ളം ധാരാളം കുടിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്  വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.  വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്...

ഉറക്കക്കുറവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിലും വണ്ണം കൂടാം. ഉറക്കക്കുറവ് വിശപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ദിവസവും രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

Also Read: കരളിനെ പൊന്നു പോലെ കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios