വീട്ടിനകത്ത് മുറിയില്‍ കളിക്കുകയായിരുന്ന ഒന്നര വയസുകാരന്റെ തല അബദ്ധത്തില്‍ പ്രഷര്‍ കുക്കറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് ഇത് വേര്‍പെടുത്തിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അപ്പോഴേക്ക് ശ്വാസതടസം നേരിടാന്‍ തുടങ്ങി, കുഞ്ഞ് അവശനിലയിലായി

കുട്ടികള്‍ വീട്ടിനകത്താണ് കളിക്കുന്നതെങ്കില്‍ പോലും എപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ അവരെ തേടിയെത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നൊരു സംഭവമാണ് യുപിയിലെ ആഗ്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

കളിക്കുന്നതിനിടെ ഒന്നര വയസുകാരന്റെ തല പ്രഷര്‍ കുക്കറിനുള്ളില്‍ കുടുങ്ങിയെന്നതാണ് വാര്‍ത്ത. സമയത്തിന് മാതാപിതാക്കള്‍ കണ്ടതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി. 

വീട്ടിനകത്ത് മുറിയില്‍ കളിക്കുകയായിരുന്ന ഒന്നര വയസുകാരന്റെ തല അബദ്ധത്തില്‍ പ്രഷര്‍ കുക്കറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് ഇത് വേര്‍പെടുത്തിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അപ്പോഴേക്ക് ശ്വാസതടസം നേരിടാന്‍ തുടങ്ങി, കുഞ്ഞ് അവശനിലയിലായി. 

ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂറത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് കുക്കര്‍, കുഞ്ഞിന്റെ തലയില്‍ നിന്ന് വേര്‍പെടുത്തിയെടുത്തത്. കുക്കര്‍ മുറിച്ചെടുക്കുന്നതിന് ഒരു മെക്കാനിക്കിന്റെ സഹായവും ആവശ്യമായി വന്നു. 

കുഞ്ഞിന്റെ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിയ ശേഷമാണ് കുക്കര്‍ മുറിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും സമയത്തിന് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെടുത്താനായെന്നും ആഗ്രയിലെ എസ്എം ചാരിറ്റബിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 


കുഞ്ഞുങ്ങളുടെ ജീവന്‍ മുതിര്‍ന്നവരുടെ കൈകളില്‍...

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മലപ്പുറം പൂക്കോട്ടുംപാടത്ത് കറങ്ങുന്ന കസേരയില്‍, ചരട് കഴുത്തില്‍ മുറുകി പത്തുവയസുകാരന്‍ മരിച്ചത്. ഇതും കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു. അതിനും ഒരു ദിവസം മുമ്പ് പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയതായ വാര്‍ത്ത കൊല്ലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ഇത്തരം വാര്‍ത്തകളെല്ലാം തന്നെ കുട്ടികളുള്ള വീടുകളിലെ മുതിര്‍ന്നവര്‍ക്ക് ഒരു താക്കീതെന്ന നിലയ്ക്കാണ് കണക്കാക്കാന്‍ സാധിക്കുക. പലപ്പോഴും മുതിര്‍ന്നവരുടെ അശ്രദ്ധയാണ് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകാറ്. വീട്ടിനകത്തായാലും പുറത്തായാലും കുട്ടികളെ കളിക്കാന്‍ വിട്ടുകഴിഞ്ഞാല്‍ അങ്ങോട്ട് പിന്നെ ശ്രദ്ധിക്കാതിരിക്കുന്ന പ്രവണത നന്നല്ല. പതിനഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലത്...

1. ഇടവിട്ട് കുട്ടികള്‍ എന്തുചെയ്യുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. 

2. അപകടകരമായ കളികളില്‍ കുട്ടികളേര്‍പ്പെടുന്നുണ്ടോയെന്നും എപ്പോഴും പരിശോധിക്കുക. 

3. കുട്ടികള്‍ പിണങ്ങിപ്പോയി വാതിലടച്ചിരിക്കുന്ന പ്രവണത കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക. ആ ശീലം തീര്‍ത്തും അനാരോഗ്യകരവും അപകടവുമാണ്. 


4. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള വസ്തുക്കള്‍- പ്രവര്‍ത്തികള്‍ എന്നിവയെല്ലാം സംയമനത്തോടെയും സ്‌നേഹത്തോടെയും കുട്ടികളെ നേരത്തേ തന്നെ പറഞ്ഞുമനസിലാക്കണം. 

5. കുഞ്ഞുങ്ങളുടെ കരച്ചിലോ, അസാധാരണമായ ശബ്ദമോ കേട്ടാല്‍ ഉടനെ തന്നെ അവര്‍ക്കരികിലെത്തുക. അപകടമൊന്നുമില്ലെന്ന് ഉറപ്പാക്കുക.

Also Read:- പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; മാതാപിതാക്കള്‍ അറിയേണ്ടത്...