വ്യത്യസ്തമായ ഉത്പന്നങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പ്രദര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന 'ചൈന ഇന്റര്‍നാഷണല്‍ ഇംപോര്‍ട്ട് എക്‌സ്‌പോ'. ഇതിന്റെ രണ്ടാം ഘട്ടത്തിന് ഇപ്പോള്‍ ചൈനയില്‍ തുടക്കമായിരിക്കുകയാണ്. 

കഴിഞ്ഞ തവണത്തെക്കാള്‍ കൗതുകമുണര്‍ത്തുന്ന പല ഉത്പന്നങ്ങളും ഇക്കുറി മേളയിലുണ്ട്. അതിലൊന്നാണ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ്. ഹോംഗ്‌കോംഗിലുള്ള ഒരു പ്രമുഖ ജ്വല്ലറിയാണ് ഈ 'റോയല്‍ ക്ലോസറ്റ്' നിര്‍മ്മിച്ചിരിക്കുന്നത്. 

കട്ടി സ്വര്‍ണ്ണം കൊണ്ടാണ് സംഗതി പണിതിരിക്കുന്നത്. ടോയ്‌ലറ്റ് സീറ്റാകട്ടെ, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് നിര്‍മ്മിതമാണ്. അതികത്ത് മുഴുവന്‍ വജ്രം പതിച്ചിരിക്കുന്നു. നാല്‍പതിനായിരത്തിലധികം വജ്രങ്ങളാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നത്. 9 കോടിയാണ് ഇതിന് ആകെ വരുന്ന വില. 

എന്നാല്‍ 'ഗോള്‍ഡ് ടോയ്‌ലറ്റ്' ആരും കണ്ട് മോഹിക്കേണ്ടെന്നാണ് ജ്വല്ലറി ഉടമസ്ഥര്‍ അറിയിക്കുന്നത്. 'എക്‌സ്‌പോ'യ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ് ഇതെന്നും കച്ചവടത്തിന് താല്‍പര്യമില്ലെന്നുമാണ് ഇവര്‍ അറിയിക്കുന്നത്. ഏതായാലും സംഗതി, ഗിന്നസ് ലോക റെക്കോര്‍ഡ് പട്ടികയിലേക്കുള്ള പോക്കിലാണെന്നാണ് പുതിയ സൂചന. വൈകാതെ തന്നെ റെക്കോര്‍ഡ് പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി ഉടമസ്ഥരും മേളയുടെ സംഘാടകരും.