ആരോഗ്യത്തിന് ‌മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി നല്ലതാണ്. പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. പതിവായി വെയിലേൽക്കുന്നവരുടെ ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകാൻ സാധ്യത ഏറെയാണ്.

ഇത്തരത്തില്‍ ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ തക്കാളി ഫലപ്രദമായി ഉപയോഗിക്കാം. ചർമ്മ സംരക്ഷണത്തിന് തക്കാളി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

 

ഒന്ന്...

രണ്ട് ടീസ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മം മോയ്സ്ചറൈസ് ചെയ്യാനും ഇത് സഹായിക്കും.

രണ്ട്...

തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്തുള്ള മിശ്രിതത്തിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ എണ്ണമയത്തെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും. 

നാല്...

തക്കാളി നീരിലേക്ക് വെള്ളരിക്കയുടെ നീരും തേനും സമം ചേര്‍ക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. 

അഞ്ച്...

തക്കാളി നീരും തേനും മാത്രമുള്ള മിശ്രിതം പുരട്ടുന്നതും കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.

ആറ്...

തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ഏഴ്...

തക്കാളിയും അൽപം പാലും മിക്സിയിലിട്ട് അരയ്ക്കുക. ഇതിലേയ്ക്ക് കുറച്ച് ഓട്സ് കൂടി പൊടിച്ചു ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

എട്ട്...

ഒരു ടീസ്പൂൺ തക്കാളി നീരിൽ ഒരു സ്പൂൺ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ശേഷം ഇത് മുഖത്തും കൺതടങ്ങളിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും സഹായിക്കും. 

Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...