Asianet News MalayalamAsianet News Malayalam

കരുതലിന്റെ കാവലാള്‍; ഇത് ഹൃദയം തൊടുന്ന ദൃശ്യം...

മൂന്നും നാലും വയസിലധികം തോന്നിക്കാത്ത ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് വീഡിയോയിലുള്ളത്. ഭക്ഷണം കിട്ടുമെന്നായപ്പോള്‍ കുഞ്ഞുങ്ങള്‍ ആഹ്ലാദപൂര്‍വ്വം പാത്രം തട്ടി, ചിരിക്കുന്നതും ഭക്ഷണം കിട്ടിയപ്പോള്‍ അച്ചടക്കത്തോടെ ഇരുന്ന് കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം

traffic police constable gives his meals to children who lives in street
Author
Telangana, First Published May 20, 2021, 11:38 PM IST

കൊവിഡ് 19 മഹാമാരിക്കാലമെന്നാല്‍ പ്രതിസന്ധികളുടെ കൂടി കാലമാണ്. നിത്യവൃത്തിക്ക് മാര്‍ഗമില്ലാതെ പട്ടിണിയിലും ദുരിതത്തിലും കടത്തിലുമെല്ലാം ആയിപ്പോയ നിരവധി കുടുംബങ്ങള്‍ രാജ്യത്തുണ്ട്. തൊഴില്‍ മേഖല നേരിട്ട സ്തംഭനാവസ്ഥ മറ്റ് സര്‍വമേഖലകളേയും പിടിച്ചുലച്ചു. 

ഈ കെട്ട കാലത്തും പക്ഷേ, പ്രതീക്ഷയേകുന്ന ചില കാഴ്ചകള്‍ നമുക്കാശ്വാസം നല്‍കുന്നുണ്ട്. അത്തരമൊരു കാഴ്ചയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായൊരു വീഡിയോ ആണിത്. 

തെരുവോരത്ത് കഴിയുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഒരു ട്രാഫിക് പൊലീസുകാരന്‍ അദ്ദേഹത്തിന്റെ സ്വന്തം ഭക്ഷണപ്പാത്രം തുറന്ന് ഭക്ഷണം വിളമ്പി നല്‍കുന്നതാണ് വീഡിയോയിലുള്ളത്. തെലങ്കാനയിലെ പഞ്ചഗുട്ടയില്‍ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളാണ് മഹേഷ്. 

പതിവായുള്ള പട്രോളിംഗിനിടെ രണ്ട് കുഞ്ഞുങ്ങള്‍ തെരുവില്‍ നിന്ന് ആരോടോ ഭക്ഷണം യാചിക്കുന്നത് മഹേഷ് കാണാനിടയായി. അപ്പോള്‍ തന്നെ തന്റെ ബൈക്കെടുത്ത് കൊണ്ടുവന്ന്, അതിനകത്തിരുന്ന ഭക്ഷണപ്പാത്രമെടുത്ത് രണ്ട് കുഞ്ഞുങ്ങള്‍ക്കുമായി ചോറും സബ്ജിയും കറിയും വളമ്പിനല്‍കുകയാണ് മഹേഷ്. 

മൂന്നും നാലും വയസിലധികം തോന്നിക്കാത്ത ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് വീഡിയോയിലുള്ളത്. ഭക്ഷണം കിട്ടുമെന്നായപ്പോള്‍ കുഞ്ഞുങ്ങള്‍ ആഹ്ലാദപൂര്‍വ്വം പാത്രം തട്ടി, ചിരിക്കുന്നതും ഭക്ഷണം കിട്ടിയപ്പോള്‍ അച്ചടക്കത്തോടെ ഇരുന്ന് കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 

നിരവധി പേരെ ചിന്തിപ്പിക്കുന്ന, ഓര്‍മ്മപ്പെടുത്തുന്ന മാതൃകാപരമായ പ്രവര്‍ത്തിയാണ് മഹേഷ് ചെയ്തിരിക്കുന്നത്. തെലങ്കാന സ്റ്റേറ്റ് പൊലീസും ഇതിന്റെ പ്രാധാന്യം മനസിലാക്കി വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 

വീഡിയോ കാണാം...

 

 

Also Read:- 11 വര്‍ഷമായി ദിവസവും തെരുവുനായ്ക്കളെ ഊട്ടുന്ന മനുഷ്യന്‍; കാണാം വീഡിയോ....

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios