സമുദായത്തിനകത്ത് തന്നെ വിദ്യാഭ്യാസം നേടിയ യുവാക്കളുണ്ട്. അവരെ ഉപയോഗിച്ച് കൊവിഡ് പരിശോധനയുടെ പ്രാധാന്യത്തെ പറ്റി അവബോധമുണ്ടാക്കാന്‍ ജില്ലാ മെഡിക്കല്‍ സംഘം ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ മരുന്ന് നല്‍കിയാല്‍ കഴിക്കാം, പരിശോധനയ്ക്കായി സ്റ്റിക് ശരീരത്തിനകത്ത് കടത്താന്‍ അനുവദിക്കില്ല എന്നാണ് ഇവർ അറിയിക്കുന്നത് 

കൊവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് പരിശോധന വ്യാപകമാക്കിയിരുന്നു. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാനാകുന്നില്ല എന്നതാണ് വാസ്തവം. 

അധികവും ഗ്രാമീണ- ആദിവാസി മേഖലകളിലാണ് ഇത്തരം തടസങ്ങള്‍ നേരിടുന്നത്. മഹാമാരിയെ കുറിച്ച് വേണ്ട അവബോധമില്ലാത്തതും സമുദായത്തിന് പുറത്തുള്ളവരുമായി ഇടപെടലുകള്‍ നടത്താന്‍ വിമുഖത കാണിക്കുന്നതുമാണ് പല പ്രദേശങ്ങളിലും കൊവിഡ് പരിശോധന മുടങ്ങാന്‍ കാരണമാകുന്നത്. 

സമാനമായൊരു വാര്‍ത്തയാണ് ഇന്ന് ഉത്തരാഖണ്ഡില്‍ നിന്നും വന്നിട്ടുള്ളത്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഢില്‍ ആദിവാസി വിഭാഗം കൊവിഡ് പരിശോധനാ സംഘത്തെ ഭയന്ന് കാട് കയറിയെന്നാണ് വാര്‍ത്ത. 

കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിക്ക് തങ്ങളില്‍ രോഗാണുക്കളെ എത്തിക്കുമെന്ന് ഭയന്നാണത്രേ കുഠ ചൗറാണി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന 'ബന്‍ റാവത്' വിഭാഗത്തില്‍ പെടുന്ന ആദിവാസികള്‍ കാട് കയറിയത്. വലിയ തോതില്‍ വംശനാശം നേരിടുന്ന ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സമുദായത്തിനകത്ത് തന്നെ വിദ്യാഭ്യാസം നേടിയ യുവാക്കളുണ്ട്. അവരെ ഉപയോഗിച്ച് കൊവിഡ് പരിശോധനയുടെ പ്രാധാന്യത്തെ പറ്റി അവബോധമുണ്ടാക്കാന്‍ ജില്ലാ മെഡിക്കല്‍ സംഘം ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ മരുന്ന് നല്‍കിയാല്‍ കഴിക്കാം, പരിശോധനയ്ക്കായി സ്റ്റിക് ശരീരത്തിനകത്ത് കടത്താന്‍ അനുവദിക്കില്ല എന്നാണ് ഇവർ അറിയിക്കുന്നത്. അതേസമയം മറ്റ് ചില ആദിവാസി വിഭാഗങ്ങള്‍ കൊവിഡ് പരിശോധനയുമായി സഹകരിക്കുകയും ചെയ്തു.

Also Read:- '70 ശതമാനം പേരും വാക്‌സിന്‍ എടുത്ത് തീരുന്നത് വരെ കൊവിഡിന് ശമനമുണ്ടാകില്ല';ലോകാരോഗ്യ സംഘടന...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona